യുഎഇയിൽ വിഷപ്പാമ്പുകളെ തേടി ചെല്ലുന്ന മലയാളി; ‘ഹെർപ്പിങ് ഫൊട്ടോഗ്രഫി’യിൽ താരമായി നിമിഷ്
Mail This Article
ദുബായ് ∙ വിഷപാമ്പുകളെ അതിന്‍റെ മടയിലെത്തി ഫോട്ടോയെടുക്കുന്നൊരു ഫൊട്ടോഗ്രഫറുണ്ട് യുഎഇയില്‍, എറണാകുളം കോതമംഗലം സ്വദേശി നിമിഷ് പീറ്റർ. ഐടി പ്രൊജക്ട് ലീഡറായുളള ജോലിയുടെ ഇടവേളകളിലാണ് അപൂർവ ഫോട്ടോകള്‍ തേടിയുളള ഹെർപ്പിങ്. 2008 മുതല്‍ ഫൊട്ടോഗ്രഫിയില്‍ സജീവമാണ്. പരമ്പരാഗത ഫൊട്ടോഗ്രഫിയില്‍നിന്ന് ഒരു മാറ്റമെന്ന രീതിയിലാണ് ഹെർപ്പിങ് ഫൊട്ടോഗ്രഫിയിലേക്ക് തിരിഞ്ഞത്.
∙ എന്താണ് ഹെർപ്പിങ്?
വിഷപാമ്പുകളും പല്ലികളും ഉള്‍പ്പടെയുളള ഉരഗങ്ങളേയും ഉഭയജീവികളെയും അവയുടെ ആവാസ കേന്ദ്രത്തില്‍ തേടിപ്പോകുന്നതിനെയാണ് ഹെർപ്പിങ് എന്നുപറയുന്നത്. യുഎഇയില്‍ രണ്ടു തരത്തിലാണ് ഹെർപ്പിങ് ചെയ്യാറുളളത്. മരുഭൂമിയിലുളള ഹെർപ്പിങും, വാദിയും പർവ്വതങ്ങളുമുളളയിടത്തേക്കുളള ഹെർപ്പിങും. ഇങ്ങനെ ഹെർപ്പിങ് ചെയ്ത് അപൂർവ്വ ചിത്രങ്ങള്‍ പകർത്തുകയെന്നുളളത് അത്ര എളുപ്പമല്ല, എന്നാല്‍ അതിസാഹസികമാണു താനും.
∙ ക്യാമറയില്‍പതിഞ്ഞത് അപൂർവ്വ ചിത്രങ്ങള്‍
ഫൊട്ടോഗ്രാഫിയോട് ഇഷ്ടം തോന്നി 2008 ല്‍ ആദ്യം വാങ്ങിയ ക്യാമറയാണ് നിക്കോണ്‍ഡി 60. പ്രകൃതി ദൃശ്യങ്ങളാണ് ആദ്യം പകർത്തിയതെങ്കിലും പിന്നീട് ഹെർപ്പിങ്ങില്‍ താല്‍പര്യമായി. വൈപ്പറുകള്‍ (വിഷപാമ്പുകള്‍) ഉള്‍പ്പടെയുളള അപൂർവ്വ ജന്തുജാലങ്ങളെ ക്യാമറയില്‍ പകർത്തിയിട്ടുണ്ട് നിമിഷ്. ഒരു സെന്‍റിമീറ്ററില്‍ താഴെ വലിപ്പമുളള റെഡ് വെല്‍വെറ്റ് മൈറ്റ്സ് മുതല്‍ അപൂർവ്വങ്ങളില്‍ അപൂർവ്വമായി മാത്രം കാണുന്ന ചുവന്ന കാലുള്ള ബൂബി വരെ നിമിഷിന്‍റെ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
45 വർഷത്തിനിടെ ഏഴു തവണ മാത്രമാണ് ബൂബിയെ യുഎഇയില്‍ കണ്ടത്. യുഎഇയില്‍ അപൂർവ്വമായി കാണുന്ന ചിത്രശലഭമായ വൈറ്റ് ഡെസേർട്ട് ബ്ലാക്ക് ടിപ്പ്, ഡയഡെം ബട്ടർഫ്ലൈ, ലിറ്റില്‍ഓള്‍, കണ്ടുപിടിക്കാന്‍ പ്രയാസമുളള ബാർണ്‍ഓള്‍ തുടങ്ങിയവയുടെ ചിത്രങ്ങളും പകർത്തിയിട്ടുണ്ട്. യുഎഇയില്‍ കാണുന്ന നാല് തരം വിഷപാമ്പുകളായ അറേബ്യൻ ഹോൺ വൈപ്പർ, സോ സ്കെയില്‍വൈപ്പർ, ഒമാനി കാർപെറ്റ് വൈപ്പർ, പേർഷ്യന്‍ഹോണ്‍വൈപ്പർ എന്നിവയുടെ ഫോട്ടോകളും നിമിഷിന്‍റെ ഫോട്ടോ ശേഖരത്തിലുണ്ട്.
ലോകത്തെ ഏറ്റവും വിഷമുളള പാമ്പുകളുടെ പട്ടികയില്‍ ഏഴാമത് നില്‍ക്കുന്നതാണ് സോ സ്കെയില്‍വെപ്പർ. രാത്രിയില്‍ ഹജ്ജാർ മലയില്‍ 800 അടി ഉയരത്തിലെത്തിയാണ് പേർഷ്യന്‍ഹോണ്‍വൈപ്പറെ ക്യാമറയില്‍ പകർത്തിയത്. യുഎഇയില്‍ വളരെ കുറച്ചു പേർക്കു മാത്രമെ ഈ ഇനത്തിലുളള വൈപ്പറുടെ ഫോട്ടോ ലഭിച്ചിട്ടുളളൂ. അറേബ്യൻ ക്യാറ്റ് സ്നേക്കും നിമിഷിന്‍റെ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇവയെ യുഎഇയിൽ അധികം കണ്ടെത്തിയിട്ടില്ല, ഏകദേശം 3 വർഷക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ ഹജ്ജാർ മലനിരകളില്‍ നിന്നു തന്നെയാണ് ഇവയുടെ ചിത്രവും പകർത്താനായത്. പല്ലി വർഗങ്ങളിലുളളവയുടെ അപൂർവ്വ ഫോട്ടോകളും ലഭിച്ചിട്ടുണ്ട്.
2014 മുതലാണ് ഹെർപ്പിങില്‍ സജീവമായത്. രാത്രി 8 മണി മുതല്‍ 2 മണിവരെയൊക്കെ യാത്ര ചെയ്തിട്ടുണ്ട്. ജന്തുജാലങ്ങളെ അവ സഞ്ചരിച്ച വഴികള്‍പിന്തുടർന്ന് പോയി ഫോട്ടോയെടുക്കുകയെന്നുളളത് എളുപ്പമല്ല. കാറ്റുളള കാലാവസ്ഥയാകുമ്പോള്‍ ഇവ കടന്നുപോയ വഴികള്‍ പിന്തുടരുകയെന്നുളളത് വളരെ പ്രയാസകരമാണ്. സുഹൃത്തായ അജ്മലിനൊപ്പമാണ് ആദ്യകാലത്ത് ഹെർപ്പിങ് ചെയ്തിരുന്നത്. ബാലപാഠങ്ങള്‍ പഠിച്ചത് അജ്മലില്‍നിന്നാണ്. ഇപ്പോള്‍ സുഹൃത്തായ രമേഷാണ് കൂടെ വരാറുളളത്. ഹെർപ്പിങിന്‍റെ അപകടത്തെ കുറിച്ച് ബോധ്യമുണ്ടെങ്കിലും ഭാര്യ അന്‍സുവും പിന്തുണച്ച് കൂടെയുണ്ട്. അപൂർവ്വ ജീവി വർഗ്ഗങ്ങളുടെ ഫോട്ടോകളെടുക്കണമെന്നുളളതാണ് നിമിഷിന്‍റെ ആഗ്രഹം.
ഹെർപ്പിങിന് ആവശ്യമായ സാധനങ്ങളും ഉപകരണങ്ങളുമെന്തൊക്കെയാണ്
∙ ഫ്ലാഷ്‌ലൈറ്റുകൾ അല്ലെങ്കിൽ ഹെഡ്‌ലാംപുകള്‍
രാത്രികാല ഹെർപ്പിങിന് ഏറ്റവും പ്രധാനമായും വേണ്ടതാണ് ഫ്ലാഷ്‌ലൈറ്റുകൾ അല്ലെങ്കിൽ ഹെഡ്‌ലാംപുകള്‍. ഉരഗങ്ങളെയും ഉഭയജീവികളെയും കണ്ടെത്തുന്നതിന് ഉപകരിക്കും.
∙പ്രഥമശുശ്രൂഷ കിറ്റ്
ഹെർപ്പിങിന് എന്തെങ്കിലും അപകടങ്ങളോ പരുക്കുകളോ ഉണ്ടായാൽ അടിസ്ഥാന ശുശ്രൂഷ നല്‍കാനാവശ്യമായ മരുന്നുകള്‍ അടങ്ങിയതാകണം പ്രഥമശുശ്രൂഷ കിറ്റ്. ∙ശരിയായ വസ്ത്രങ്ങളും പാദരക്ഷകളും
നീളമുളള പാന്‍റ്സുകള്‍ധരിക്കാന്‍ശ്രദ്ധിക്കുക, ലെഗ്‌പാഡുകൾ, ദൃഢമായ ബൂട്ടുകൾ എന്നിവയുമുണ്ടായിരിക്കണം.
ജിപിഎസ് അല്ലെങ്കിൽ മാപ്പുകൾ
പരിചിതമല്ലാത്ത പ്രദേശമാണെങ്കില്‍ നാവിഗേഷന്‍ ടൂളുകള്‍ ഉണ്ടായിരിക്കണം. ക്യാമറ അല്ലെങ്കിൽ സ്മാർട്ട്ഫോൺ, വെള്ളവും ലഘുഭക്ഷണവും, കീടങ്ങളെ അകറ്റുന്ന മരുന്ന് തുടങ്ങിയവയും കരുതണം.
∙ ഹെർപ്പിങില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കണ്ടെത്തുന്ന ജീവിവർഗങ്ങളെ കുറിച്ച് അറിയാന്‍സമയമെടുക്കുക. അവയുടെ സ്വഭാവം, ആവാസ വ്യവസ്ഥ, ഇടപഴകുന്നതുമായി ബന്ധപ്പെട്ട അപകട സാധ്യതയെന്നിവയും ശ്രദ്ധിക്കാം. ശരിയായ ഉപകരണങ്ങൾ ഉപയോഗിക്കുക - ഹെർപ്പിങ് സമയത്ത് നിങ്ങൾ ഉപകരണങ്ങളോ ഉപകരണങ്ങളോ ഉപയോഗിക്കുകയാണെങ്കിൽ അവ ഈ ജോലിക്ക് അനുയോജ്യമാണെന്ന് ഉറപ്പിക്കുക. മൃഗങ്ങളെയോ അവയുടെ ആവാസവ്യവസ്ഥയെയോ ഉപദ്രവിക്കില്ലെന്ന് തീർച്ചപ്പെടുത്തുക. പരിസ്ഥിതിയെ ബഹുമാനിക്കുക. സസ്യങ്ങളെയോ വന്യജീവികളെയോ ശല്യപ്പെടുത്തുകയോ നീക്കം ചെയ്യുകയോ ചെയ്യാതിരിക്കുക.
∙ യുഎഇയിലെ ഹെല്‍പ് ലൈന്‍നമ്പർ
അത്യാവശ്യസന്ദർഭങ്ങളില്‍999 എന്ന യുഎഇയിലെ ഹെല്‍പ് ലൈന്‍നമ്പറില്‍ വിളിക്കാം. ആംബുലന്‍സ് ഉള്‍പ്പടെയുളള സൗകര്യങ്ങള്‍വേണമെങ്കില്‍ആവശ്യപ്പെടാം. എവിടെയാണ് നിങ്ങളുളളതെന്നുളളതും കൃത്യമായി അറിയിക്കാന്‍സാധിക്കും.
∙ പാമ്പ് കടിയേറ്റാല്‍
പരിഭ്രാന്തരാകാതിരിക്കുകയെന്നുളളതാണ് ആദ്യം ചെയ്യേണ്ടത്. പരിഭ്രാന്തി ഹൃദയമിടിപ്പ് വർധിപ്പിക്കും, വിഷം ശരീരത്തിലൂടെ വേഗത്തില്‍ വ്യാപിക്കാന്‍ ഇത് ഇടയാക്കും. ഉടനടി വൈദ്യസഹായം തേടുക അടിയന്തിര സേവനങ്ങളെ വിളിക്കുക അല്ലെങ്കിൽ ആരെങ്കിലും നിങ്ങളെ എത്രയും വേഗം അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുക. പാമ്പുകടിയേറ്റാൽ ചികിത്സിക്കുന്നതിൽ സമയം നിർണായകമാണ്.
വിഷവ്യാപനം മന്ദഗതിയിക്കാന്‍കടിയേറ്റ ഭാഗം അവയവം കഴിയുന്നത്ര നിശ്ചലമാക്കുക. ആഭരണങ്ങളോ ഇറുകിയ വസ്ത്രങ്ങളോ ധരിച്ചിട്ടുണ്ടെങ്കില്‍ അത് നീക്കം ചെയ്യുക. വിഷം വലിച്ചെടുക്കാന്‍ ശ്രമിക്കരുത്.