ബഹ്‌റൈൻ ഇന്റർനാഷനൽ എയർപോർട്ട് വിനോദകേന്ദ്രമാക്കി മാറ്റാൻ നീക്കം
Mail This Article
മനാമ ∙ ബഹ്‌റൈനിലെ പ്രധാന വിമാനത്താവളം വിനോദകേന്ദ്രമാക്കി മാറ്റാൻ നീക്കം. രാജ്യത്തിലേക്കുള്ള ഒരു പ്രധാന എൻട്രി പോയിന്റ് എന്ന നിലയിൽ, ബഹ്‌റൈൻ ഇന്റർനാഷനൽ എയർപോർട്ട് (ബിഐഎ) പ്രാദേശിക ബിസിനസുകളെയും ഉൽപ്പന്നങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇടമായി മാറ്റുക എന്നതാണ് ലക്ഷ്യമെന്ന് മുഹറഖ് മുനിസിപ്പൽ കൗൺസിൽ ചെയർമാൻ അബ്ദുൽ അസീസ് അൽ നാർ പറഞ്ഞു. യാത്രക്കാർക്ക് മാത്രമല്ല യാത്ര ചെയ്യാത്ത സന്ദർശകർക്കും ലോകോത്തര റീട്ടെയിൽ, ഡൈനിങ്ങ്, വിനോദം എന്നിവ അനുഭവിക്കാൻ കഴിയുന്ന മൾട്ടി ഫങ്ഷനൽ സൗകര്യവുമുള്ള കേന്ദ്രമാക്കി മാറ്റുകയാണ് ഈ പരിവർത്തനത്തിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു .
ബഹ്‌റൈന്റെ വിഷൻ 2030 മായി സംയോജിപ്പിച്ചു കൊണ്ടുള്ള നീക്കം, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനും പ്രത്യേകിച്ച് ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളെ ശക്തിപ്പെടുത്തുവാനും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിനോദസഞ്ചാരം വർധിപ്പിക്കുന്നതിനും യാത്രക്കാരുടെ സംതൃപ്തി മെച്ചപ്പെടുത്തുന്നതിനും യാത്രയ്ക്കും വാണിജ്യത്തിനുമുള്ള പ്രാദേശിക കേന്ദ്രമെന്ന നിലയിൽ രാജ്യത്തിന്റെ പദവി വർധിപ്പിക്കുന്നതിനുമായി ബഹ്‌റൈൻ ഇന്റർനാഷനൽ എയർപോർട്ട് മാറ്റുക എന്നതാണ് ലക്ഷ്യം.
അത്യാധുനിക വിനോദ മേഖലകൾ, സ്പാ, വെൽനസ് സെന്ററുകൾ, കുട്ടികളുടെ കളിസ്ഥലങ്ങൾ എന്നിവ ഉൾപ്പെടുത്തിക്കൊണ്ടായിരിക്കും നവീകരണം എന്നും അൽ നാർ പറഞ്ഞു. വിമാനങ്ങൾ കാത്തിരിക്കുന്നവർക്കായി മസാജ് സെന്ററുകളും ജിമ്മുകളും ഉൾപ്പെടെയുള്ള ആരോഗ്യ സംരക്ഷണ സൗകര്യങ്ങളാണ് ഒരുക്കുക. ഇത് ദീർഘദൂര യാത്രക്കാർക്ക് ആശ്വാസമാകും. സാധാരണ ഡ്യൂട്ടി ഫ്രീ സ്റ്റോറുകൾക്കപ്പുറത്തേക്ക് വൈവിധ്യമാർന്ന റീട്ടെയിൽ ഔട്ട്‌ലെറ്റുകളുള്ള പ്രീമിയം ഷോപ്പിങ് ഡെസ്റ്റിനേഷനായി എയർപോർട്ട് മാറ്റുക എന്നതാണ് ഉദ്ദേശമെന്ന് അബ്ദുൽ അസീസ് അൽ നാർപറഞ്ഞു. '
പരിവർത്തനത്തിന്റെ മറ്റൊരു ലക്ഷ്യം ലോകോത്തര ഡൈനിങ് സോൺ ഒരുക്കുക എന്നതാണ്. സെലിബ്രിറ്റി ഷെഫ് നയിക്കുന്ന റസ്റ്ററന്റുകളും ഇതിൽ ഉൾപ്പെടുത്തും. രാജ്യത്തിന് അകത്തും പുറത്തും നിന്നുള്ള സന്ദർശകരെ ആകർഷിക്കുന്ന തത്സമയ പ്രകടനങ്ങൾ, കലാ പ്രദർശനങ്ങൾ, സാംസ്‌കാരിക പരിപാടികൾ എന്നിവ യാത്രക്കാർക്കായ് ഒരുക്കും. ബഹ്‌റൈൻ പൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന വാസ്തുവിദ്യകളിലൂടെ, യാത്രക്കാർക്ക് ബഹ്‌റൈനിലെ സമ്പന്നമായ ചരിത്രവും പാരമ്പര്യവും അനുഭവിക്കാവുന്ന ഇടമായി വിമാനത്താവളം മാറുമെന്നും മുഹറഖ് മുനിസിപ്പൽ കൗൺസിൽ ചെയർമാൻ പറഞ്ഞു.