കള്ളപ്പണം, തീവ്രവാദം എന്നിവ തടയുന്നതിനുള്ള ശ്രമങ്ങൾ ഊർജിതമാക്കി യുഎഇ
Mail This Article
അബുദാബി ∙ കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകൽ എന്നിവ തടയുന്നതിനുള്ള ശ്രമങ്ങൾ ഊർജിതമാക്കി യുഎഇ. രാജ്യാന്തര മാനദണ്ഡങ്ങൾ അനുസരിച്ച് സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ഫലപ്രദമായ നടപടികളാണ് യുഎഇ ആവിഷ്കരിച്ചു നടപ്പാക്കിവരുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരായ പോരാട്ടത്തിൽ രാജ്യാന്തര സഹകരണവും ശക്തമാക്കി. ആഗോള സാമ്പത്തിക കേന്ദ്രമെന്ന സ്ഥാനം മെച്ചപ്പെടുത്താനാണ് യുഎഇയുടെ ശ്രമം.
ശക്തമായ നിയമനടപടി ഏർപ്പെടുത്തിയാണ് കള്ളപ്പണം വെളുപ്പിക്കലിനെയും തീവ്രവാദത്തിന് ധനസഹായം നൽകുന്നതിനെയും ചെറുക്കുന്നത്. സാമ്പത്തിക ഇടപാടിൽ സുതാര്യത പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം സാമ്പത്തിക കുറ്റകൃത്യങ്ങളെ നേരിടുന്നതിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് ശക്തമായ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇതുസംബന്ധിച്ച് 2024-2027 ലെ നാഷനൽ സ്ട്രാറ്റജി ആൻഡ് ആക്‌ഷൻ പ്ലാൻ നടപ്പാക്കുന്നതിലൂടെ ഈ രംഗത്ത് മുന്നേറ്റമുണ്ടാക്കാമെന്നാണ് വിലയിരുത്തൽ.
ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് ഗ്രൂപ്പിന്റെ കൺട്രി റിസ്ക് ക്ലാസിഫിക്കേഷൻ അനുസരിച്ച്, യുഎഇയുടെ റിസ്ക് ലെവൽ ‘ഇടത്തരം’ ആയി റേറ്റ് ചെയ്തിരുന്നു. ഇത് മൊത്തത്തിലുള്ള സ്കോർ 5.86 ആയി ഉയർത്തുകയും ആഗോളാടിസ്ഥാനത്തിൽ യുഎഇ 13 സ്ഥാനങ്ങൾ പിന്നിട്ട് നില മെച്ചപ്പെടുത്തുകയും ചെയ്തു. മറ്റു രാജ്യാന്തര സൂചികകളിലും യുഎഇ നില മെച്ചപ്പെടുത്തിയിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദത്തിന് ധനസഹായം നൽകൽ എന്നിവയ്ക്കെതിരായ പ്രവർത്തനങ്ങൾ കടുപ്പിക്കാൻ ഇയ്യിടെ പ്രത്യേക ഏജൻസിയെയും ചുമതലപ്പെടുത്തിയിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ – തീവ്രവാദ ധനസഹായം തടയൽ എക്സിക്യൂട്ടീവ് ഓഫിസിലെ സെക്രട്ടറി ജനറൽ ഹാമിദ് അൽ സാബി ഉൾപ്പെടെ എല്ലാ ജീവനക്കാരെയും പുതിയ ഏജൻസിയിലേക്കു മാറ്റിയാണ് പ്രവർത്തനം ഊർജിതമാക്കിയത്.