പുത്തൻ കാലത്തേക്ക് അബുദാബി റോഡുകൾ: റോഡ് വികസനം 4 ഘട്ടങ്ങൾ; 1310 കോടി ദിർഹത്തിന്റെ പദ്ധതി
Mail This Article
അബുദാബി∙ 1310 കോടി ദിർഹം ചെലവിൽ അബുദാബിയിലെ റോഡുകൾ നവീകരിക്കുന്നു. വീതിയും സൗകര്യവും കൂട്ടി ഗതാഗതക്കുരുക്ക് നീക്കി കൂടുതൽ വാഹനങ്ങളെ ഉൾക്കൊള്ളാനും കാൽനട യാത്രക്കാരുടെ സഞ്ചാരം സുഗമമാക്കാനും വേണ്ടിയാണ് പരിഷ്കാരമെന്ന് അബുദാബി സംയോജിത ഗതാഗത കേന്ദ്രം (അബുദാബി മൊബിലിറ്റി) അറിയിച്ചു. 3,500 വാഹനങ്ങളെ കൂടി ഉൾക്കൊള്ളിക്കുംവിധം സുൽത്താൻ ബിൻ സായിദ് ഫസ്റ്റ് സ്ട്രീറ്റിൽ പുതിയ പാതകളും നടപ്പാതകളും തയാറാക്കും. പ്രത്യേക ബൈക്ക് വേകളും ഒരുക്കും.
അബുദാബി നഗരവുമായി ബന്ധിപ്പിക്കുന്ന വിവിധ ദ്വീപുകൾ ഉൾപ്പെടുന്നതാണ് ആദ്യഘട്ടം. 2027ൽ ആദ്യഘട്ടവും 2029ൽ 2, 3, 4 ഘട്ടങ്ങളും പൂർത്തിയാക്കും. അൽ ഖലീജ് അൽ അറബി സ്ട്രീറ്റുമായി ഖലീഫ സിറ്റിയും സായിദ് സിറ്റിയും തമ്മിലുള്ള ബന്ധിപ്പിക്കുന്ന പദ്ധതിയും ഇതിൽ ഉൾപ്പെടും. ഖലീഫ സിറ്റിയുടെ പ്രവേശന കവാടങ്ങളിലും എക്സിറ്റുകളിലും ഗതാഗതക്കുരുക്ക് കുറയ്ക്കുകയാണ് ലക്ഷ്യം.
എയർപോർട്ട് ഇന്റർചേഞ്ചിനും ബ്രിജസ് കോംപ്ലക്സ് ഇന്റർചേഞ്ചിനും ഇടയിലുള്ള അൽ ഖലീജ് അൽ അറബി സ്ട്രീറ്റിലെ (ഇ-20) ഗതാഗത മെച്ചപ്പെടുത്തലും രണ്ടാമത്തെ പദ്ധതിയിൽ ഉൾപ്പെടും.
മുസഫ റോഡിലെ (ഇ-30) ഗതാഗത മെച്ചപ്പെടുത്തലാണ് മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുക. ഇരു ദിശകളിലുമുള്ള റോഡിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് പരിഷ്കാരം. മുഹമ്മദ് ബിൻ സായിദ് സിറ്റിയും മുസഫയും തമ്മിലുള്ള കണക്ടിവിറ്റി മെച്ചപ്പെടുത്താൻ 2 പുതിയ പാലങ്ങൾ നിർമിക്കും. വിവിധ റോഡുകൾ വീതി കൂട്ടുന്നതും മേൽപാലങ്ങളുടെ നിർമാണവും സുരക്ഷ വർധിപ്പിക്കലുമാണ് അവസാന ഘട്ടത്തിലെ പദ്ധതികൾ.