നാട്ടിലെ ബസ് സർവീസ് പരാജയപ്പെട്ടു; 'ചലിക്കുന്ന കൊട്ടാരം' സ്വന്തമാക്കി പ്രവാസി യുവാവിന്റെ മധുര പ്രതികാരം
Mail This Article
ദുബായ് ∙ 'വരവേൽപ്പ്' എന്ന സിനിമയിലെ മോഹൻലാലിന്‍റെ കഥാപാത്രത്തെ പോലെ നാട്ടിൽ ബസ് സർവീസ് ആരംഭിച്ച് പൊളിഞ്ഞുപാളീസായ പ്രവാസി യുവാവ് ഇന്ന് ലോകത്തെ ഏറ്റവും വിലകൂടിയ ആഡംബര കാറുകളിലൊന്നായ റോൾസ് റോയ്സിന്റെ 2025 മോഡലായ റോൾസ് റോയ്‌സ് കള്ളിനൻ സീരിസ് 2 സ്വന്തമാക്കിയിരിക്കുന്നു. മാത്രമല്ല, ഒട്ടേറെ മറ്റു ആഡംബര കാറുകളും ഇദ്ദേഹത്തിന്‍റെ ഷെഡ്ഡിൽ ഇടംപിടിച്ചിട്ടുണ്ട്. യുഎഇയിലെ യുവ സംരംഭകൻ കണ്ണൂർ സ്വദേശി നിഷാദ് ഹുസൈനാണ് 'ചലിക്കുന്ന കൊട്ടാരം' എന്ന വിശേഷണമുള്ള സൂപ്പർ കാർ വാങ്ങിച്ച് ശ്രദ്ധേയനായിരിക്കുന്നത്.
∙ കള്ളിനൻ സീരിസ് 2 സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരൻ
ഫേസ് ലിഫ്റ്റ് ചെയ്ത റോൾസ് റോയ്സിന്‍റെ ഏറ്റവും പുതിയ മോഡൽ കള്ളിനൻ സീരിസ് 2 സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരൻ കൂടിയാണ് നിഷാദ്. ബ്രിട്ടിഷ് ആഡംബര കാർ കമ്പനിയായ റോൾസ് റോയ്‌സ്, കള്ളിനന്‍റെ ബ്ലാക്ക് ബാഡ്‍ജ് പതിപ്പാണ് നിഷാദ് സ്വന്തമാക്കിയിരിക്കുന്നത്. ബുക്ക് ചെയ്ത് രണ്ടുവർഷത്തെ കാത്തിരിപ്പിനുശേഷമാണ് നിഷാദിന് കാർ ലഭിച്ചത്. ദുബായ് ഷോറൂമിൽ നടന്ന ചടങ്ങിൽ റോൾസ് റോയ്‌സ് എജിഎംസി ഡയറക്ടർ മംമ്ദു ഖൈറുല്ല നിഷാദിന് കാറിന്‍റെ താക്കോൽ കൈമാറി.
∙'ചലിക്കുന്ന കൊട്ടാരം'
'ചലിക്കുന്ന കൊട്ടാരം' എന്നാണ് വാഹന ലോകത്തെ വിദഗ്ധർ ഈ കാറിനെ വിളിക്കുന്നത്. ഇന്ത്യയിൽ ഏകദേശം 12 കോടി രൂപയിലേറെയാണ് ഇതിന്‍റെ വില. ഇതിൽ പുതിയ സ്റ്റൈലിങ്, പുതുക്കിയ ഇന്റീരിയർ, നവീകരിച്ച സാങ്കേതികവിദ്യ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. റോള്‍സ് റോയ്‌സ് ചരിത്രത്തിലെ തന്നെ ഏറ്റവും മികവാര്‍ന്ന സീരീസ് എന്നാണ് കമ്പനി പുതിയ മോഡലിനെ വിശേഷിപ്പിക്കുന്നത്. 2018 ലാണ് റോൾസ് റോയ്‌സ് ലോകത്തെ ആദ്യ സൂപ്പർ ലക്ഷ്വറി എസ് യുവി മോഡൽ അവതരിപ്പിച്ചത്.
∙ പുതിയ മുഖത്തോടെ റോള്‍സ് റോയ്സ്
പുതിയ കള്ളിനന്‍ മുന്‍ ഭാഗത്തു തന്നെ വലിയ മാറ്റങ്ങളോടെയാണ് റോള്‍സ് റോയ്‌സ് അവതരിപ്പിച്ചിരിക്കുന്നത്. ബമ്പർ വരെ നീളുന്ന എൽ-ആകൃതിയിലുള്ള എൽഇഡി ലൈറ്റുകളുള്ള സ്ലിം ഹെഡ്‌ലാംപുകൾ കള്ളിനൻ സീരീസ് 2 വിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്നാണ്. കാറിന്‍റെ ഗ്രില്ലിനും പുതിയ ഡിസൈനാണ് നൽകിയിരിക്കുന്നത്. മുന്നിലെ ഹെഡ് ലൈറ്റുകള്‍ മുകളിലേക്ക് ഉയര്‍ത്തിയിരിക്കുന്നു. ബ്രേക്ക് ലൈറ്റ് മുതല്‍ പിന്നിലെ ചക്രങ്ങള്‍ വരെ നീളുന്ന രീതിയില്‍ പുതിയ ഫീച്ചര്‍ലൈന്‍ വശങ്ങളില്‍ നല്‍കിയിട്ടുണ്ട്. പിന്നിലെ ബംപറുകളില്‍ വന്ന മാറ്റം വാഹനത്തിന്‍റെ രൂപത്തിലും മാറ്റം വരുത്തിയിരിക്കുന്നു. 23 ഇഞ്ച് വലിപ്പമുള്ളതാണ് പുതിയ അലൂമിനിയം വീലുകള്‍.
സ്റ്റാന്‍ഡേഡ് മോഡലിനേക്കാള്‍ കൂടുതല്‍ വ്യത്യാസത്തിലാണ് കള്ളിനന്‍ ബ്ലാക്ക് ബാഡ്ജ് എത്തുന്നത്. കറുത്ത ഡോര്‍ ഹാന്‍ഡിലുകള്‍, കളര്‍ കോഡഡ് ലോവര്‍ ബോഡി വര്‍ക്ക്, കൂടുതല്‍ മനോഹരമായ എയര്‍ ഇന്‍ടേക്ക് എന്നിവയെല്ലാം കള്ളിനന്‍ ബ്ലാക്ക് ബാഡ്ജിലുണ്ട്.
ഡാഷ്‌ബോര്‍ഡില്‍ നീളത്തിലുള്ള ഗ്ലാസ് പാനലുകളാണ് റോള്‍സ് റോയ്‌സ് കള്ളിനന്‍ സീരീസ് 2 വിലും നല്‍കിയിട്ടുള്ളത്. ഡാഷ്‌ബോര്‍ഡിലെ കാബിനറ്റാണ് മറ്റൊരു ഹൈലൈറ്റ്. അനലോഗ് ക്ലോക്കും ചെറിയൊരു റോള്‍സ് റോയ്‌സ് സ്പിരിറ്റ് ഓഫ് എക്സ്റ്റസി ഭാഗ്യചിഹ്നവും ഇതിലുണ്ട്. അനലോഗും ഡിജിറ്റലും ചേര്‍ന്നുള്ള ഈ ഡാഷ്‌ബോര്‍ഡ് അനുയോജ്യമായ വെളിച്ച സംവിധാനത്തിലൂടെ രൂപകല്‍പന ചെയ്യാന്‍ നാല് വര്‍ഷമെടുത്തെന്നാണ് റോള്‍സ് റോയ്‌സ് അധികൃതർ പറയുന്നു. ഓൾ വീൽ ഡ്രൈവിലുള്ള കള്ളിനന്റെ ബ്ലാക്ക് ബാഡ്ജ് പതിപ്പിൽ സാധാരണ കള്ളിനെനേക്കാൾ എൻജിൻ പവർ കൂടുതലാണ്. അതുകൊണ്ടുതന്നെ പുതിയ ബ്ലാക്ക് ബാഡ്ജിന് പഴയ മോഡലിനേക്കാൾ ഏകദേശം 4 കോടി രൂപ അധികം നൽകണം.
∙ നിസാൻ സണ്ണിയിൽ തുടക്കം; ഇന്ന് ആഡംബര കാറുകളുടെ സുൽത്താൻ
യുഎയിലെ പ്രമുഖ ഹോൾഡിങ് കമ്പനിയായ വേൾഡ് സ്റ്റാറിന്റെ ചെയർമാനാണ് നിഷാദ് ഹുസൈൻ. പ്രവാസിയായതിന് ശേഷം വർഷങ്ങൾക്ക് മുൻപ് ജീവിതത്തിൽ ആദ്യമായി വാങ്ങിയ പഴയ മോഡൽ നിസ്സാൻ സണ്ണിയിൽനിന്ന് ലോകത്തിലെ ഏറ്റവും വിലകൂടിയ കാർ ബ്രാൻഡിൽ എത്തിനിൽക്കുന്ന നിഷാദ് തികഞ്ഞ വാഹന പ്രേമികൂടിയാണ്. മെഴ്‌സിഡസ് ബെൻസിന്‍റെ ജി വാഗൺ, ലാൻഡ് റോവറിന്‍റെ ഡിഫൻഡർ, ബെന്റ്ലി, ടൊയോട്ട ലാൻഡ് ക്രൂയിസർ വി.എക്സ് മോഡൽ, ലെക്സസ് എൽ.എക്സ് മോഡൽ എന്നിവയും നിഷാദിന്റെ കാർ ശേഖരത്തിലുണ്ട്. കൂടാതെ ഇരുന്നോറോളം ബസുകളും ഒട്ടേറെ കാറുകളും ഒട്ടേറെ ഹെവി എക്വിപ്മെന്റ് വാഹനങ്ങളും ഇദ്ദേഹത്തിന്‍റെ കമ്പനിക്ക് വേണ്ടി ഓടുന്നു.
∙ആദ്യം സ്വന്തമാക്കിയ ബസിന് 'വരവേൽപ്പി'ലെ അവസ്ഥ
ഇത്രയധികം വാഹനങ്ങൾ യുഎയിൽ സ്വന്തമായി ഉണ്ടെങ്കിലും ആദ്യമായി നാട്ടിൽ സ്വന്തമാക്കിയ ബസ് സർവീസിന് ‘വരവേൽപ്പ്’ സിനിമയിലെ ബസിൻ്റെ അവസ്ഥയായിരുന്നു. നിഷാദ് പ്രവാസ ലോകത്ത് പച്ചപിടിച്ചുതുടങ്ങിയപ്പോൾ ഏതൊരു പ്രവാസിയെയും പോലെ നാട്ടിൽ ഒരു സംരംഭം തുടങ്ങണം എന്നായിരുന്നു ആഗ്രഹം. അങ്ങനെ വാഹന പ്രേമികൂടിയായ നിഷാദ് സ്വന്തം നാടായ കണ്ണൂരിൽ ഒരു ബസ് സർവീസ് ആരംഭിച്ചു. പതിയെപ്പതിയെ ബസ് റൂട്ടിൽ ചില പ്രശ്നങ്ങൾ ഉടലെടുത്തു. മിനിറ്റുകളുടെ വ്യത്യാസത്തിൽ ഓടിയ മറ്റൊരു ബസ് സർവീസായിരുന്നു പ്രശ്നങ്ങൾക്ക് കാരണം. ആ പ്രശ്നം തീർക്കാൻ വേണ്ടി പിറകിൽ ഓടിയിരുന്ന ആ ബസും സ്വന്തമാക്കി. പിന്നീട് ആ രണ്ട് ബസിലെയും ജീവനക്കാർ തമ്മിലായി മത്സരം.
പലപ്പോഴും പ്രവാസ ലോകത്തുനിന്നും ചെറിയ അവധിയെടുത്ത് പ്രശ്നങ്ങൾ തീർക്കാൻ നാട്ടിൽ ഓടിയെത്തിയെങ്കിലും ബസ് സർവീസുമായി മുന്നോട്ടുപോകാൻ കഴിയാതെ അവസാനം വലിയ നഷ്ടത്തിൽ അത് ഉപേക്ഷിക്കേണ്ടിവന്നു. അതുപോലെ കഴിഞ്ഞവർഷം നാട്ടിൽ, ഭാര്യയും പ്രവാസി സംരഭകയുമായ ഹസീന നിഷാദ് വാങ്ങിയ ഡിഫൻഡർ കാറും നിയമത്തിന്റെ നൂലാമാലകളിൽപെട്ട് 6 മാസത്തിലേറെ റജിസ്ട്രേഷൻ വൈകിയപ്പോൾ മന്ത്രി ഗണേഷ്‌കുമാർ ഇടപെട്ട് നടപടികൾ പൂർത്തീകരിച്ചത് വാർത്തകളിലിടം പിടിച്ചിരുന്നു.