'ജിദ്ദ ബീറ്റ്‌സ് 2024' ജിദ്ദയുടെ മനം കവർന്നു
Mail This Article
ജിദ്ദ ∙ സൗദിയിൽ അങ്ങോളമിങ്ങോളമുള്ള കലാപ്രതിഭകളുടെ കൂട്ടായ്മയായ സൗദി കലാസംഘം കഴിഞ്ഞ സെപ്റ്റംബർ 27 ന് ജിദ്ദയിൽ സംഘടിപ്പിച്ച ജിദ്ദാ ബീറ്റ്‌സ് 2024 ജിദ്ദയിലെ കലാപ്രേമികളുടെ മനസ്സിന് കുളിർമയേകിയ പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി. പാട്ടും ഡാൻസും നാടകവും ഓട്ടൻ തുള്ളലും മിമിക്രിയുമായി രാത്രിയുടെ അന്ത്യയാമങ്ങളിലും ജനങ്ങൾ ആടിപ്പാടി ജിദ്ദയിലെ റിഹാബിലുള്ള ലയാലി അൽ നൂർ ഓഡിറ്റോറിയത്തെ ആവേശഭൂമികയാക്കി മാറ്റി.
ആയിരങ്ങൾ പങ്കെടുത്ത ഈ സംഗീത രാവിന് ചുക്കാൻ പിടിക്കാൻ തബൂക്കിൽ നിന്നും ജിദ്ദയിലെത്തിയ സൗദി കലാസംഘത്തിന്റെ പ്രസിഡന്റായ റഹിം ഭരതന്നൂർ, ജിദ്ദയിലെ വേദികളിലെ സ്ഥിരം സാന്നിധ്യവും എസ്കെഎസിന്റെ രക്ഷാധികാരികളുമായ ഹസ്സൻ കൊണ്ടോട്ടി, നവാസ് ബീമാപ്പള്ളി എന്നിവരോടൊപ്പം ജനറൽ സെക്രട്ടറിയും പ്രോഗ്രാം കോർഡിനേറ്ററുമായ വിജേഷ് ചന്ദ്രു, സോഫിയ സുനിൽ, റിയാദിൽ നിന്നെത്തിയ സൗദി കലാസംഘത്തിന്റെ ട്രഷററും ഗായകനുമായ തങ്കച്ചൻ വയനാട് എന്നിവരാണ് ഉണ്ടായിരുന്നത്.
റഹിം ഭരതന്നൂർ അധ്യക്ഷത വഹിച്ച ഉദ്‌ഘാടനചടങ്ങിൽ മുഖ്യാതിഥിയും ഉദ്‌ഘാടകനുമായെത്തിയത് ആതുരസേവനരംഗത്തെ പ്രമുഖനും ജിദ്ദ നാഷണൽ ഹോസ്പിറ്റൽ ഉടമയുമായ വി പി മുഹമ്മദാലിയായിരുന്നു. ജെഎൻ എച്ച് ഗ്രൂപ്പിന്റെ പുതിയ ആശുപത്രിയുടെ പ്രഖ്യാപനവും ഈ ചടങ്ങിൽ വെച്ച് നിർവ്വഹിക്കുകയുണ്ടായി. തദവസരത്തിൽ ജിദ്ദ മീഡിയ ഫോറം ചെയർമാൻ കബീർ കൊണ്ടോട്ടി, മക്കയിൽ നിന്നും വന്ന സ്വാലിഹ് മലബാരി എന്നിവർ പരിപാടിക്ക് ആശംസകളർപ്പിച്ചു . റിയാദിലെ അറിയപ്പെടുന്ന അവതാരകനും മോട്ടിവേഷൻ സ്‌പീക്കറുമായ സജിൻ നിഷാൻ, ജിദ്ദയിലെ പ്രശസ്ത അവതാരകരായ റാഫി ബീമാപ്പള്ളി, നിസാർ മടവൂർ, ഡോക്ടർ ഇന്ദു ചന്ദ്ര എന്നിവർ പരിപാടി നിയന്ത്രിച്ചു.
ജിദ്ദയിലെ പ്രമുഖ സംഘടനകളുടെ പ്രതിനിധികളും മാദ്ധ്യമപ്രവർത്തകരും അടക്കം വൻജനാവലിയായിരുന്നു പരിപാടി ആസ്വദിക്കാൻ എത്തിയത്. എട്ടു മണിക്കൂർ നീണ്ട കലാപരിപാടികളിൽ പല ഭാഷകളിലായി അൻപതോളം ഗാനങ്ങളാണ് ആലപിച്ചത്. പഴയകാല മലയാളഗാനങ്ങൾ കോർത്തിണക്കി സംഗീതോപകരണങ്ങളുടെ പശ്ചാത്തലത്തിൽ സോഫിയ സുനിൽ അണിയിച്ചൊരുക്കിയ മാഷപ്പ് കലാപ്രേമികൾക്ക് ഒരു നവ്യാനുഭവമായി. സൗദി കലാസംഘത്തിന്റെ സ്വന്തം കലാകാരൻമാരായ ബൈജു ദാസ്, ശബാന അൻഷാദ്, തങ്കച്ചൻ വയനാട്, സോഫിയ സുനിൽ, ശർമിത നിജാസ്, അമീർ ആലുങ്കൽ, വിജേഷ് ചന്ദ്രു, ഡോക്ടർ മുഹമ്മദ് ഹാരിസ്, മുംതാസ് അബ്ദുൽ റഹ്മാൻ, സാദിഖ് പറക്കോടൻ, സഫർ, റോഷൻ അലി, ഇസ്മായിൽ ഇജ്‌ലൂ, മുബാറക് ഗുസെൽ,കമറുദീൻ, മൻസൂർ നിലമ്പൂർ, അഷ്‌റഫ് വലിയോറ, റാഫി ആലുവ, സാദിക്കലി തുവൂർ, അഷ്‌ന അഫ്‌സൽ, ബഷീർ താമരശ്ശേരി, നസ്രു ബേക്കർ, കാസിം കുറ്റ്യാടി, ഹരീഷ് കൃഷ്ണൻ, വിവേക് പിള്ള, മുബാറക് വാഴക്കാട്, മുനീർ താനൂർ, മുബാറക് കൊണ്ടോട്ടി, ഹാഫിസ്, സുജു രാജു, റഹിം ഭരതന്നൂർ ഹസ്സൻ കൊണ്ടോട്ടി എന്നിവർ പാട്ടുകൾ പാടിയും ഫാസിൽ ഓച്ചിറ മിമിക്രിയും ഹനീഫ് വാപനു ഓട്ടൻ തുള്ളലും അവതരിപ്പിച്ച് കാണികളെ രസിപ്പിച്ചു.
സുബൈർ ആലുവ, ഹസ്സൻ കൊണ്ടോട്ടി, ജമീല, പൂജാ പ്രേം എന്നിവർ അഭിനയിച്ച ലഘുനാടകം ജെകെ സുബൈർ ആലുവയും നിസാർ മടവൂരും ചേർന്നു സംവിധാനം ചെയ്തു. പരിപാടിയിലെ ഇനമായ മാഷപ്പിനായി ടീം തീവണ്ടിയുടെ അംഗങ്ങളായ നിഥിൻ, ടോമി, സബീഷ് എന്നിവർ സംഗീതോപകരണങ്ങൾ കൈകാര്യം ചെയ്തു റിയാദിലെ പ്രശസ്ത നൃത്താദ്ധ്യാപകനായ വിഷ്ണു ജിദ്ദയിൽ നിന്നും ജോലി മാറി ദമ്മാമിലേക്കു പോകുന്ന ജിദ്ദയുടെ പ്രിയ നർത്തകനും കോറിയോഗ്രാഫറുമായ അൻഷിഫ് അബൂബക്കറിന് ഉപഹാരം നൽകി ആദരിച്ചു, സൗദി കലാസംഘത്തിന്റെ സ്വന്തം കലാകാരനായ അൻഷിഫ് ദമ്മാമിലും കോഓർഡിനേറ്റർ ആയി തുടരുമെന്ന് സംഘാടകർ അറിയിച്ചു.
റാഫിൾ ഡ്രായിലൂടെ നിരവധി സമ്മാനങ്ങളും നൽകി. പരിപാടിയിൽ നിന്ന് ലഭിക്കുന്ന വരുമാനം വയനാട്ടിൽ യാതനയനുഭവിക്കുന്ന ദുരിതബാധിതർക്കായി നീക്കി വെക്കുമെന്ന് സംഘാടകർ നേരത്തെ അറിയിച്ചിരുന്നു. ശബ്ദസജ്ജീകരണം ഇസ്മായിൽ ഇജ്‌ലുവും വെളിച്ചം അഷ്‌റഫ് വലിയോറയുമാണ് നിയന്ത്രിച്ചത്. പ്രശസ്ത ഗ്രാഫിക് ഡിസൈനറായ നൗഷാദ് ചാത്തല്ലൂരാണ് പോസ്റ്ററുകൾ ഡിസൈൻ ചെയ്തത് . സബീനാ റാഫി, റമീസ് റാഫി, അഫ്ര സബീൻ റാഫി, ജെനി ജോർജ് എന്നിവരെ കൂടാതെ ജിദ്ദയിലെ ടിക് ടോക് കൂട്ടായ്മ പ്രേക്ഷകരെ നിയന്ത്രിച്ചു തങ്കച്ചൻ വയനാട് നന്ദി പറഞ്ഞു. രാത്രി ഏറെ വൈകിയാണ് പരിപാടി അവസാനിച്ചത്.