ജീവജാലങ്ങൾക്ക് സ്വതന്ത്രമായി വിഹരിക്കാൻ പുതിയ പാതയോര താവളം നിർമിക്കാൻ യുഎഇ
Mail This Article
ഷാർജ ∙ ഒട്ടകം, ആട്, കുതിര എന്നിവയ്ക്ക് സ്വതന്ത്രമായി വിഹരിക്കാൻ കഴിയുന്ന പുതിയ പാതയോര താവളം നിർമിക്കാൻ യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു. എന്നാൽ, പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളായ ഈ സംരംഭം ആളുകൾക്ക് നടക്കാൻ കഴിയുന്ന പാർക്കുകളായി കണക്കാക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
കാട്ടുചെടികൾ, മരങ്ങൾ, മൃഗങ്ങൾ, പ്രാണികൾ, ഉരഗങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനും പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമുള്ള ഒരു പദ്ധതിയാണിത്. പക്ഷികൾ, പ്രാണികൾ, ഉരഗങ്ങൾ എന്നിവയുൾപ്പെടെ വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങൾക്ക് ഇത് സുരക്ഷിത താവളമൊരുക്കുന്നുവെന്നും പൊതുജനങ്ങളുടെ പ്രവേശനം അവയുടെ സുരക്ഷയ്ക്ക് ഭീഷണിയായിരിക്കുമെന്നും 'ഡയറക്ട് ലൈൻ' പ്രോഗ്രാമിനിടെ ഷെയ്ഖ് സുൽത്താൻ വ്യക്തമാക്കി.
∙ പദ്ധതിയുടെ ആദ്യ ഘട്ടം അൽ ദൈദ് റോഡിൽ
അൽ ദൈദ് റോഡിൽ ഉടൻ നടപ്പിലാക്കുന്ന പുതിയ പാരിസ്ഥിതിക പദ്ധതിയും അദ്ദേഹം വെളിപ്പെടുത്തി. അവിടെ ഒട്ടകങ്ങളും ആടുകളും കുതിരകളും ഒരു വലിയ വേലിക്കെട്ടിനുള്ളിൽ സ്വതന്ത്രമായി വിഹരിക്കും. ഷാർജയിൽ മാത്രം കാണപ്പെടുന്ന അപൂർവമായ ജീവി വർഗങ്ങൾ ഉൾപ്പെടെയുള്ള പ്രകൃതി നിധികൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വലുതാണ്. പ്രകൃതിയെ ബഹുമാനിക്കാൻ നിവാസികളോട് ഷെയ്ഖ് ഡോ.സുൽത്താൻ ആഹ്വാനം ചെയ്തു. 1972 മുതൽ താൻ പിന്തുടരുന്ന പരിസ്ഥിതി സംരക്ഷണത്തോടുള്ള പ്രതിബദ്ധത അദ്ദേഹം വീണ്ടും ഉറപ്പിച്ചു. ബാഹ്യ ഇടപെടലുകളില്ലാതെ വന്യജീവികൾ വളരുന്ന റിസർവുകളിലെ സ്വാഭാവിക സന്തുലിതാവസ്ഥ പ്രധാനപ്പെട്ടതാണെന്നും വ്യക്തമാക്കി.