സർവീസ് നടത്തുന്ന ബസുകളുടെ തത്സമയ വിവരങ്ങൾ യാത്രക്കാരിലെത്തിക്കാൻ ദുബായ് ആർടിഎ
Mail This Article
ദുബായ് ∙ ദുബായിലെ പബ്ലിക് ബസ് സമയക്രമം അറിയാതെ പ്രയാസമനുഭവിക്കാറുണ്ടോ? എങ്കിൽ ഇനി അതെല്ലാം മറന്നേക്കൂ, ദുബായിൽ സർവീസ് നടത്തുന്ന ബസുകളുടെ തത്സമയ വിവരങ്ങൾ യാത്രക്കാർക്ക് ലഭ്യമാക്കാൻ അമേരിക്കൻ കമ്പനിയായ സ്വിഫ്റ്റിലിയുമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (ആർടിഎ) ധാരണയിൽ ഒപ്പുവച്ചു.
ഇതുപ്രകാരം വിവിധ മൊബൈൽ ആപ്പുകൾ വഴി ബസ് വിവരങ്ങൾ യാത്രക്കാരിലെത്തും. ബസ് പുറപ്പെടുന്ന സമയം, ഓരോ സ്റ്റോപ്പിലൂടെയും കടന്നുപോകുന്ന സമയം, വൈകാനുള്ള സാധ്യത എന്നീ കാര്യങ്ങൾ തത്സമയം ഉപയോക്താക്കൾക്ക് അറിയാനാകും. അമെരിക്കയിലെ പ്രമുഖ ട്രാൻസിറ്റ് സേവന ദാതാക്കളായ സ്വിഫ്റ്റിലി വഴിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഇതിനായി ആർടിഎയുടെ സുഹൈൽ ആപ്പ് ഉൾപ്പെടെയുള്ള യാത്രാ ആപ്പുകളുടെ സേവനം പ്രയോജനപ്പെടുത്താം. ഈ സംവിധാനം വരുന്നതോടെ ജനങ്ങൾക്ക് യാത്രാ സമയം ക്രമീകരിക്കാൻ സാധിക്കുമെന്ന് ആർടിഎ പബ്ലിക് ട്രാൻസ്‌പോർട് ഏജൻസി സിഇഒ അഹമ്മദ് ബഹ്‌റൂസിയാൻ പറഞ്ഞു.