ഫാ. ഡോ. ഷാജി ജോർജിന്റെ കോറെപ്പിസ്കോപ്പ സ്ഥാനാരോഹണം നാളെ
Mail This Article
ഷാർജ∙ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവക വികാരി ഫാ. ഡോ. ഷാജി ജോർജിന്റെ കോറെപ്പിസ്കോപ്പ സ്ഥാനാരോഹണം നാളെ നടക്കും.
രാവിലെ 7നു ഡൽഹി ഭദ്രാസിനാധിപൻ ഡോ. യുഹാനോൻ മാർ ദിമിത്രിയോസ് ചടങ്ങുകളിൽ മുഖ്യകാർമികത്വം വഹിക്കും. സഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഗൾഫ് രാജ്യത്തു കോറെപ്പിസ്കോപ്പ സ്ഥാനാരോഹണം. വിവാഹിതരായ വൈദികർക്ക് ഓർത്തഡോക്സ് സഭയിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന പദവിയാണിത്.
സുപ്രീം കോടതിയിൽ മുതിർന്ന അഭിഭാഷകൻ കൂടിയായ ഫാ. ഷാജി ജോർജ് പത്തനംതിട്ട ചെന്നീർക്കര കൈതവന ഓതറ കുടുംബാംഗവും തുമ്പമൺ നോർത്ത് സെന്റ് മേരീസ് ഇടവകാംഗവുമാണ്. ബിരുദാനന്തര ബിരുദത്തിനു ശേഷം വൈദിക പഠനം പൂർത്തിയാക്കി. എൽഎൽഎം, മനുഷ്യാവകാശ സംരക്ഷണ വിഷയത്തിൽ ഡോക്ടറേറ്റ് എന്നിവ നേടിയിട്ടുണ്ട്. 1993 മുതൽ ഡൽഹി ഭദ്രാസനത്തിൽ വൈദികനായി ശുശ്രൂഷ ആരംഭിച്ചു. ഡൽഹി , ഉദയ്‌പുർ, ഫരീദാബാദ്, ചണ്ഡീഗഡ്, ജയ്‌പൂർ, കാൻപൂർ എന്നിവിടങ്ങിലും ദുബായ് സെന്റ് തോമസ് കത്തീഡ്രലിലും വികാരിയായിരുന്നു. ഉത്തരേന്ത്യയിൽ സഭയുടെ വിവിധ സ്കൂളുകളുടെ ചെയർമാനായും സേവനമനുഷ്ഠിച്ചു.
1998 മുതൽ രാജസ്ഥാൻ ഹൈക്കോടതിയിലും, ദുബായ് ഇന്ത്യൻ കോൺസുലേറ്റ് അഡ്വക്കേറ്റ് ഫോറത്തിൽ ലീഗൽ അഡ്വൈസറായും, പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സുനിത ഷാജി (അധ്യാപിക, ഷാർജ) മക്കൾ: സ്നേഹ, ആരോൺ, മരുമകൻ അലൻ ജോ തോമസ്.