ഒമാനില്‍ ജോലിയുള്ള പ്രവാസികള്‍ക്ക് നിക്ഷേപ നിയന്ത്രണം
Mail This Article
മസ്‌കത്ത്∙ 'സെമി സ്‌കില്‍ഡ്' ജോലികളിലുള്ള പ്രവാസികള്‍ക്ക് വ്യവസായ നിക്ഷേപങ്ങള്‍ക്ക് വിലക്കുമായി ഒമാന്‍. ഇത്തരം തസ്തികകളിലുള്ള പ്രവാസികള്‍ക്ക് ഇനി വ്യവസായ ലൈസന്‍സ് നല്‍കില്ലെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു. വ്യാജ വിദേശ നിക്ഷേപ ലൈസന്‍സ് അപേക്ഷകളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടിയെന്നാണ് മന്ത്രാലയ വിശദീകരണം.
അതേസമയം, നിലവില്‍ വിവിധ കമ്പനികളില്‍ ജോലി ചെയ്യുന്ന വിദഗ്ധരായ ഫ്രഫഷനലുകള്‍ക്ക് അവരുടെ തൊഴിലുടമ അംഗീകരിക്കുന്നുണ്ടെങ്കില്‍ വിദേശ നിക്ഷേപ ലൈസന്‍സിന് അപേക്ഷിക്കാന്‍ സാധിക്കും. 'സെമി സ്‌കില്‍ഡ്' പ്രഫഷനുകളില്‍ തൊഴിലെടുക്കുന്ന പ്രവാസികള്‍ക്ക് നിക്ഷേപ വിലക്ക് ഏര്‍പ്പെടുത്തുന്നതിലൂടെ വ്യാജ കമ്പനികളും നിക്ഷേപങ്ങളും തടയുകയാണ് ലക്ഷ്യം. ഇതുവഴി രാജ്യത്തെ സാമ്പത്തിക ഇടപാടുകള്‍ സുതാര്യമാക്കുന്നതിനും മൊത്തത്തിലുള്ള നിക്ഷേപ അന്തരീക്ഷവും വ്യവസായ സാഹചര്യവും മെച്ചപ്പെടുത്തുന്നതിനും സാധിക്കുമെന്നും മന്ത്രാലയം വിശദീകരിച്ചു.
വിദേശ നിക്ഷേപ ലൈസന്‍സുമായി ബന്ധപ്പെട്ടുണ്ടാകുന്ന നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഇന്‍വെസ്റ്റ്‌മെന്‍റ് സര്‍വീസസ് സെന്റര്‍ വഴിയോ 80000070 എന്ന നമ്പറിലോ വിവരം അറിയിക്കണമെന്നും വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു.