ADVERTISEMENT

ഷാർജ ∙ ലോകത്തിന് അക്ഷരവെളിച്ചം പകരാൻ 43–ാമത് ഷാർജ രാജ്യാന്തര പുസ്തകമേള(എസ് െഎബിഎഫ്) നവംബർ 6 മുതൽ 17 വരെ എക്സ്പോ സെൻ്ററിൽ നടക്കുമെന്ന് സംഘാടകരായ ഷാർജ ബുക്ക് അതോറിറ്റി(എസ് ബിഎ) അറിയിച്ചു. 'പുസ്തകത്തിൽ നിന്ന് ആരംഭിക്കുന്നു' എന്ന പ്രമേയത്തിൽ നടക്കുന്ന പരിപാടിയിൽ ഇന്ത്യയിൽ നിന്ന് ആകെ 52 പ്രസാധകരാണ് പങ്കെടുക്കുക. ഇതിൽ ഭൂരിഭാഗവും മലയാളം പ്രസാധകരാണ്. ഹിന്ദി, തമിഴ്, കന്നഡ, ഉറുദു തുടങ്ങിയവരാണ് മറ്റു പ്രസാധകർ.  ആകെ 112 രാജ്യങ്ങളിൽ നിന്ന് 2,520 പ്രസാധകരാണ് പങ്കെടുക്കുക.  അറിവിന്റെയും സംസ്കാരത്തിൻ്റെയും സർഗാത്മകതയുടെയും ആഗോള കേന്ദ്രമെന്ന നിലയിൽ യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ  ദർശനമാണ് പുസ്തകമേളയുടെ വിജയത്തിന് കാരണമെന്ന്  എസ് ബിഎ സിഇഒ അഹമദ് ബിൻ റക്കാദ് അൽ അംറി പറഞ്ഞു.   പ്രസിദ്ധീകരണത്തിനും സാഹിത്യത്തിനുമുള്ള ആഗോള ഹബ്ബായി ഷാർജയുടെ സ്ഥാനം ഉയർത്തുന്നതിൽ ഷാർജ ബുക്ക് അതോറിറ്റി ചെയർപേഴ്സൺ ഷെയ്ഖ ബൊദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയുടെ നേതൃത്വം വലിയ പങ്കുവഹിക്കുന്നു.

 ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

അരങ്ങേറുക 1,350 ലേറെ പരിപാടികൾ
1,350 ലേറെ പരിപാടികളാണ് 12 ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ അരങ്ങേറുക. ഔദ്യോഗിക അതിഥികളായി 400 എഴുത്തുകാര്‍ അവരുടെ പുതിയ പുസ്തകങ്ങളുമായെത്തും. മലയാളത്തിൽ നിന്ന് കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ്, ഹിന്ദി കവി വാസി ഷാ, ബോളിവുഡ് നടി ഹുമാ ഖുറേഷി  എന്നിവരുടെ പേരുകൾ മാത്രമേ നിലവിൽ പ്രഖ്യാപിച്ചിട്ടുള്ളൂ. ഭാവിയിൽ കൂടുതൽ പേരുകൾ വെളിപ്പെടുത്തിയേക്കാം.  

മൊറോക്കോ അതിഥി രാജ്യം; പ്രസാധകരിൽ മുന്നിൽ യുഎഇ; ഇന്ത്യയിൽ നിന്ന് 52 പേർ
മൊറോക്കോയാണ് ഇപ്രാവശ്യത്തെ അതിഥി രാജ്യം. അവരുടെ സാഹിത്യ സാംസ്കാരിക പാരമ്പര്യം പ്രദർശിപ്പിക്കാൻ 100 പേർ പങ്കെടുക്കുന്ന 107 പരിപാടികൾ മൊറോക്കോ അവതരിപ്പിക്കും. ആകെ 2,522 അറബ്, രാജ്യാന്തര പ്രസാധകരും പ്രദർശകരും അവരുടെ ഏറ്റവും പുതിയ തലക്കെട്ടുകളുമായി എത്തിച്ചേരും. ഇതിൽ 835 അറബ്, 264 വിദേശ പ്രസാധകരാണ്. 234 പ്രസാധകരുമായി ആതിഥേയ രാജ്യമായ യുഎഇ തന്നെയാണ് മുന്നിൽ. ഇൗജിപ്ത്–172, ലബനൻ–88, സിറിയ –58 എന്നിവർ തുടർ സ്ഥാനങ്ങളിൽ ഇടംപിടിച്ചു. അറബ് ഇതര രാജ്യങ്ങളിൽ യുകെയാണ് മുന്നിൽ– 81. തൊട്ടുപിന്നിൽ ഇന്ത്യ–52 പ്രസാധകർ. 

 ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

62 രാജ്യങ്ങൾ അവതരിപ്പിക്കുന്ന 1,357 പരിപാടികള്‍
62 രാജ്യങ്ങൻ അവതരിപ്പിക്കുന്ന 1,357 പരിപാടികളിൽ 250 അതിഥികൾ പങ്കെടുക്കും. എല്ലാ പ്രായക്കാർക്കും പങ്കെടുക്കാവുന്ന 600 ശിൽപശാലകളാണ് ഇതിൽ പ്രധാനം. എഴുത്തു പരിശീലനം നൽകുന്ന അറബിക്, ഇംഗ്ലീഷ് ശിൽപശാലകളിൽ പങ്കെടുക്കാൻ നേരത്തെ പേര് റജിസ്റ്റർ ചെയ്യണം. അറബിക് വർക് ഷോപ്പുകൾ മൂന്ന് ദിവസം വീതം നീണ്ടുനിൽക്കും. ഇംഗ്ലിഷിൽ ഏകദിന ശിൽപശാലയാണ്.  ത്രില്ലർ എഴുത്ത്, സാഹിത്യ എഡിറ്റിങ്, തെറാപ്പിറ്റിക് റൈറ്റിങ് എന്നിവ ഇതിലുൾപ്പെടും. രൂപി കൗർ, ഇസബെല്ല മാൽഡൊനാഡോ,അഹമ്മദ് മൗറാദ്, അഹമ്മദ് അബ്ദുൽ മജീദ് തുടങ്ങിയ പ്രശസ്ത രാജ്യാന്തര, അറബ് എഴുത്തുകാരാണ് ശിൽപശാലയ്ക്ക് നേതൃത്വം നൽകുക.

അതിഥികളിൽ പ്രശസ്ത എഴുത്തുകാരും ചിന്തകരും
500 സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ 134 അതിഥികൾ സംബന്ധിക്കും. എഴുത്തുകാരും ചിന്തകരും സംഗമിക്കുന്ന സാംസ്കാരിക വേദിയായി മേള മാറും. പ്രമുഖ അറബ്, രാജ്യാന്തര അവാർഡുകൾ നേടിയവർ ഉൾപ്പെടെയുള്ള ബുദ്ധിജീവികളെയും കലാകാരന്മാരെയും കാണാനും കേൾക്കാനും സന്ദർശകർക്ക് അപൂർവാവസരമാണ് ലഭിക്കുക. ഇതിൽ  14 രാജ്യങ്ങളിൽ നിന്നുള്ള 49 രാജ്യാന്തര പ്രഭാഷകർ ഉൾപ്പെടും. 17 രാജ്യങ്ങളിൽ നിന്നുള്ള 45 അറബ് അതിഥികളും 40 പ്രമുഖ എമിറാത്തി പ്രസംഗകരും പങ്കെടുക്കും.

ഹുമാ ഖുറേഷി.  ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ഹുമാ ഖുറേഷി. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

വിദേശ അതിഥികൾ; പുസ്തകുമായി നടി ഹുമാ ഖുറേഷി
 ഈ വർഷത്തെ മേളയിൽ ശ്രദ്ധേയരായ രാജ്യാന്തര വ്യക്തിത്വങ്ങൾ ഉൾപ്പെടുന്നു. 2023 ലെ ഇൻ്റർനാഷണൽ ബുക്കർ പ്രൈസ് നേടിയ പ്രശസ്ത എഴുത്തുകാരൻ ജോർജി ഗോസ്‌പോഡിനോവാണ് ഇതിൽ പ്രമുഖൻ. അദ്ദേഹത്തിൻ്റെ കൃതികൾ 38-ലേറെ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കനേഡിയൻ സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനും കോസ്മോളജിസ്റ്റുമായ  പ്രഫ. ലോറൻസ് എം. ക്രൗസ് ആണ് മറ്റൊരു പ്രമുഖൻ. ദ് ഫിസിക്സ് ഓഫ് സ്റ്റാർ ട്രക്ക്, യൂണിവേഴ്‌സ് ഫ്രം നതിങ്, ദ് ഫിസിക്‌സ് ഓഫ് ക്ലൈമറ്റ് ചേഞ്ച് എന്നിവയാണ് പ്രധാന കൃതികൾ. ഇവരോടൊപ്പം പാക്കിസ്ഥാൻ നോവലിസ്റ്റും   പാനി മർ രഹാ ഹേയുടെ രചയിതാവുമായ അംന മുഫ്തിയും ഉണ്ടാകും.

കവി റഫീഖ് അഹമദ്.  ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
കവി റഫീഖ് അഹമദ്. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ദ് ഖലീഫസ് ഹൗസിലൂടെയും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മറ്റ് കൃതികളിലൂടെയും ശ്രദ്ധേയനായ ബ്രിട്ടീഷ് എഴുത്തുകാരൻ താഹിർ ഷാ,  ഐ റൈറ്റ് ദിസ് ഫോർ യു ആൻഡ് എവരി വേർഡ് യു ക്യാൻ നോട്  സേ എന്ന പുസ്തകത്തിലൂടെ ആഘോഷിക്കപ്പെട്ട ദക്ഷിണാഫ്രിക്കൻ കവിയും എഴുത്തുകാരനുമായ ഇയൻ എസ്. തോമസ് എന്നിവരും പങ്കെടുക്കും. കൂടാതെ,  ആഗോള ചരിത്രകാരൻ പ്രഫ. പീറ്റർ ഫ്രാങ്കോപൻ(യുകെ),  ബ്രാൻഡ‍ി ഗിൽമോർ(യുഎസ്) എന്നിവരും ആൻ ആക്‌സിഡൻ്റൽ സൂപ്പർ ഹീറോ എന്ന പുസ്തകത്തിലൂടെ പ്രശസ്തയായ  ബോളിവുഡ് നടിയും എഴുത്തുകാരിയുമായ ഹുമ ഖുറേഷിയും മേളയിൽ പങ്കെടുക്കും.

ഷാർജ രാജ്യാന്തര പുസ്തകമേളയെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംഘാടകരായ ഷാർജ ബുക്ക് അതോറിറ്റി ജനറൽ കോ ഒാർഡിനേറ്റർ ഖൗല അൽ മുജൈനി സംസാരിക്കുന്നു.  ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ഷാർജ രാജ്യാന്തര പുസ്തകമേളയെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംഘാടകരായ ഷാർജ ബുക്ക് അതോറിറ്റി ജനറൽ കോ ഒാർഡിനേറ്റർ ഖൗല അൽ മുജൈനി സംസാരിക്കുന്നു. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ബുക്ക് സൈനിങ് കോർണർ
മുൻ പതിപ്പുകളിലേതുപോലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 400 ലേറെ എഴുത്തുകാർ ബുക്ക് സൈനിങ് കോർണർ ഉപയോഗപ്പെടുത്തും.  സന്ദർശകർക്ക് അവരുടെ ഏറ്റവും പ്രിയപ്പെട്ട കൃതികൾ എഴുത്തുകാരിൽ നിന്ന് ഒപ്പിട്ട് വാങ്ങാനുള്ള അവസരം ഇവിടെയുണ്ടാകും.

കാവ്യരാവുകളിൽ റഫീഖ് അഹമ്മദ്
പദ്യത്തിൻ്റെയും ഈണത്തിൻ്റെയും സമന്വയം മേളയുടെ എല്ലാ ദിവസവും വൈകിട്ട് 7ന് അരങ്ങേറും. മലയാളത്തിൽ നിന്ന് റഫീഖ് അഹമ്മദ് അടക്കം ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കവികളുടെ ഒരു പ്രമുഖ സംഘം അവരുടെ കൃതികൾ ആറ് വ്യത്യസ്ത  ഭാഷകളിൽ അവതരിപ്പിക്കും. ഇതാദ്യമായാണ് റഫീഖ് അഹമ്മദ് ഷാർജ രാജ്യാന്തര പുസ്തകമേളയ്ക്കെത്തുന്നത്. മലയാളം കൂടാതെ, അറബിക്, ഇംഗ്ലിഷ്, ഉറുദു, പഞ്ചാബി എന്നിവയാണ് മറ്റു ഭാഷകൾ.   

യുകെയിൽ നിന്നുള്ള ജാനിസ് തോമസ്, ഇന്ത്യയിൽ നിന്നുള്ള വാസി ഷാ, ഫിലിപ്പീൻസിൽ നിന്നുള്ള എസ്തർ വർഗാസ് കാസ്റ്റില്ലോ. ഡോ. മിഷാൽ ഹമദ്,  ഇബാ അൽ ഖത്തീബ്,  ആദം ഫാത്തി,  നാസർ അൽ ഒബൈർ എന്നിവരും കവിതകൾ അവതരിപ്പിക്കും.

ത്രില്ലർ ഫെസ്റ്റിവൽ 
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുനന ത്രില്ലർ ഫെസ്റ്റിവലിൻ്റെ മൂന്നാം പതിപ്പ് നവംബർ 7 മുതൽ 10 വരെ പുസ്തകമേള വേദിയിൽ നടക്കും.   ത്രില്ലറിലും ക്രൈം ഫിക് ഷനിലും സ്പെഷ്യലൈസ് ചെയ്യുന്ന എഴുത്തുകാരുമായി വായനക്കാർക്ക് സംവദിക്കാം. ഏഴ് രാജ്യാന്തര മത്സരങ്ങൾ അരങ്ങേറും. കൂടാതെ ഏഴ് അറബ് ബെസ്റ്റ് സെല്ലിങ് രചയിതാക്കളും നിഗൂഢതയുടെയും സസ്പെൻസിൻ്റെയും രഹസ്യങ്ങൾ ആരാധകരുമായി പങ്കുവയ്ക്കും. 

 47 തത്സമയ പാചക പരിപാടികൾ
ഇന്ത്യയിൽ നിന്നടക്കം 13 രാജ്യങ്ങളിൽ നിന്നുള്ള 17 പാചക വിദഗ്ധർ അണിനിരക്കുന്ന 47 തത്സമയ പാചക പരിപാടികൾ മേളയിലെ കുക്കറി കോർണറിൽ അരങ്ങേറും. വിയറ്റ്നാം, ഒമാൻ, സ്ലോവാനിയ, നേപ്പാൾ എന്നിവിടങ്ങളാണ് മറ്റു പ്രമുഖ രാജ്യങ്ങൾ. ഇന്ത്യൻ, ബ്രിട്ടിഷ് വിഭവങ്ങൾ പരിചയപ്പെടുത്തുന്ന റൂബി ഭോഗൽ  ഇവരിൽ പ്രധാനിയാണ്.

നാടക ശിൽപശാലകൾ
കുട്ടികൾക്ക് 465 നാടക ശിൽപശാലകൾ അ‌‌‌‌ടക്കം ആകെ 600 ശിൽപശാലകൾ അരങ്ങേറും. 9 രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാർ അണിനിരക്കുന്ന നാടകങ്ങൾ, സംഗീത പരിപാടികൾ, ഷോകൾ അ‌ടക്കം 105 പരിപാടികൾ ആസ്വാദകർക്ക് വിരുന്നാകും. കൂടാതെ, സോഷ്യൽ മീഡിയാ സ്റ്റേഷനുമുണ്ടായിരിക്കും.  

പ്രസാധക സമ്മേളനം
മേളയ്ക്ക് മുന്നോടിയായി നവംബർ 3 മുതൽ 5 വരെ നടക്കുന്ന 14–ാമത് പബ്ലിഷേഴ്സ് കോൺഫറൻസിൽ ഇന്ത്യയുൾപ്പെടെ 108 രാജ്യങ്ങളിൽ നിന്നുള്ള പ്രസാധകർ പങ്കെടുക്കും. 47 രാജ്യാന്തര പ്രസംഗകരും എത്തിച്ചേരും. 

ഷാർജ രാജ്യാന്തര ലൈബ്രറി സമ്മേളനം
അമേരിക്കൻ ലൈബ്രറി അസോസിയേഷനുമായി സഹകരിച്ച് നവംബർ 9 നും 10നും നടത്തുന്ന 11–ാമത് ഷാർജ രാജ്യാന്തര ലൈബ്രറി സമ്മേളനത്തിൽ 400 പേർ പങ്കെടുക്കും. 'ലൈബ്രറി സേവനങ്ങളിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സമന്വയിപ്പിക്കൽ; എ െഎ സാക്ഷരത വർധിപ്പിക്കുന്നു' എന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളനത്തിൽ ലൈബ്രറികളിലെ സാങ്കേതികവിദ്യയുടെ പങ്ക് ചർച്ച ചെയ്യും. 100 എമിറാത്തി ലൈബ്രേറിയൻമാരെ ഉൾപ്പെടുത്തി ലൈബ്രറി മെച്ചപ്പെടുത്തുന്നതിനുള്ള യുഎഇയുടെ പ്രതിബദ്ധതയെക്കുറിച്ചും സംവദിക്കും.

എസ് െഎബിഎഫ് ജനറൽ കോ ഒാർഡിനേറ്റർ ഖൗല അൽ മുജൈനി, യുഎഇയിലെ മൊറോക്കൻ സ്ഥാനപതി അഹമദ് അൽ താസി, ഷാർജ ബ്രോഡ് കാസ്റ്റിങ് അതോറിറ്റി ഡയറക്ടർ ജനറൽ മുഹമ്മദ് ഹസ്സൻ ഖലാഫ്,  അൽ മർവാൻ ഗ്രൂപ്പ് സിഇഒ മർവാൻ അൽ സൈം, മൻസൂർ അൽ ഹസനി എന്നിവരും പ്രസംഗിച്ചു. പ്രഫഷനൽ കോൺഫറൻസ് ജനറൽ കോ ഒാർഡിനേറ്റർ മൻസൂർ അൽ ഹസനി, മറ്റു ഉന്നത ഉദ്യോഗസ്ഥർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. 

English Summary:

Sharjah International Book Fair from 6th to 17th November

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com