ഇന്ത്യ-ഒമാന്‍ സംയുക്ത സ്റ്റാമ്പ്: പ്രത്യേകതകളറിയാം
Mail This Article
മസ്‌കത്ത് ∙ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ ഇന്ത്യാ പര്യടനത്തോടനുബന്ധിച്ച് ഇരുരാജ്യങ്ങളും സംയുക്ത സ്റ്റാമ്പ് ഇറക്കിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇരുരാജ്യത്തെയും സമ്പന്നമായ സാംസ്‌കാരിക മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്നതായിരുന്നു സ്റ്റാമ്പ്. ഇരുരാജ്യങ്ങളിലെയും നാടോടി നൃത്തങ്ങളാണ് സ്റ്റാമ്പിലുള്ളത്. ചുവടുകളിലും താളങ്ങളിലും ഉപകരണങ്ങളിലുമെല്ലാം സമാനതകളുള്ള നൃത്തരൂപങ്ങളാണ് ഇവ. ഗുജറാത്തി നൃത്തരൂപമായ ഡാണ്ടിയ റാസും ഒമാന്റെ അല്‍ റസ്ഹയുമാണ് സ്റ്റാമ്പിലുള്ളത്. ഇവയെ കുറിച്ച് കൂടുതലായി അറിയാം:
∙ ഡാണ്ടിയ റാസ്
നവരാത്രി ആഘോഷവേളകളില്‍ വിശേഷിച്ചും അവതരിപ്പിക്കുന്ന നൃത്തരൂപമാണ് ഇത്. പുരാണത്തിലെ ദുര്‍ഗാ ദേവിയും മഹിശാസുരനും തമ്മിലുള്ള പോരാട്ടത്തെയാണ് നൃത്തം പ്രതിനിധാനം ചെയ്യുന്നത്. ഡാണ്ടിയ വടികള്‍ കൈയിലേന്തി സംഗീതത്തിനൊപ്പം ചുവടുവയ്ക്കുന്ന രീതിയിലാണ് നൃത്തം. പരമ്പരാഗത ഗുജറാത്തി വേഷമാണ് ധരിക്കുക. സ്ത്രീകളും പുരുഷന്മാരും കുട്ടികളുമെല്ലാം ഡാന്‍ഡിയ റാസ് നൃത്തം അവതരിപ്പിക്കും. തിളങ്ങുന്ന വര്‍ണാഭമായ ചാനിയ ചോളിയാണ് സ്ത്രീകള്‍ നൃത്തത്തിനായി ധരിക്കുക. തിളങ്ങുന്ന ആഭരണങ്ങളും ധരിക്കും.
കേദിയ വസ്ത്രവും തലപ്പാവും ധരിച്ചാണ് പുരുഷന്മാര്‍ കളിക്കുക. പ്രത്യേക ചടങ്ങുകളില്‍ കുര്‍ത്തയും പൈജാമയും ധരിക്കും. ചിലപ്പോള്‍ പ്രത്യേക ഗുജറാത്തി മോതിരങ്ങളും കണ്ഠാഭരണങ്ങളും പുരുഷന്മാര്‍ ധരിക്കും. സെപ്തംബര്‍ അല്ലെങ്കില്‍ ഒക്ടോബര്‍ മാസങ്ങളിലാണ് ഡാണ്ടിയ നൃത്തം സാധാരണയായി നടക്കുക.
∙ അല്‍ റസ്ഹ
കാലങ്ങളായി നിലനില്‍ക്കുന്ന ഒമാന്റെ പാരമ്പര്യങ്ങളിലൊന്നാണ് അല്‍ റസ്ഹ. വാള്‍ പിടിച്ചുള്ള നൃത്തരൂപമാണിത്. കവിത, പാട്ട്, വാള്‍പ്പയറ്റ് എന്നിവയുടെയെല്ലാം മിശ്രണമാണ് അല്‍ റസ്ഹ. വിവാഹം, പെരുന്നാള്‍ തുടങ്ങി പ്രധാനപ്പെട്ട എല്ലാ ആഘോഷവേളകളിലും അല്‍ റസ്ഹ നൃത്തമുണ്ടാകും. പുരുഷന്മാരാണ് സാധാരണ നൃത്തവും വാള്‍പ്പയറ്റും അവതരിപ്പിക്കുക. പാട്ടിന് ഡ്രമ്മിന്റെ അകമ്പടിയുമുണ്ടാകും. വിലായതുകളും ഗ്രാമങ്ങളും മാറുന്നതിനനുസരിച്ച് അവതരിപ്പിക്കുന്ന കഥകളും മാറും.
തലമുറകളായി കൈമാറുന്ന നാടോടി നൃത്തമാണിത്. ജനങ്ങളുടെ ചരിത്രത്തെയാണ് ഇത് രൂപപ്പെടുത്തുന്നത്. പാട്ടുരൂപത്തിലും കവിതാരൂപത്തിലും ഈരടികള്‍ ആലപിക്കും. ബദൂവിയന്‍ ജനത മരുഭൂമിയുടെ അപദാനങ്ങള്‍ പാടുമ്പോള്‍ തീരപ്രദേശങ്ങളില്‍ കടലിനെ വര്‍ണിച്ചായിരിക്കും പാട്ട്. ചിലയിടങ്ങളില്‍ ഗ്രാമീണ ജീവിതമായിരിക്കും പ്രമേയം. നൃത്തത്തിനിടെ മല്ലന്മാര്‍ വാള്‍ വായുവിലേക്ക് എറിഞ്ഞ് പിടിക്കുന്ന കാഴ്ച ഏറെ വിശേഷപ്പെട്ടതാണ്. നൃത്തത്തിനിടെ ആരും ഇടറുന്നില്ലെന്ന് ഉറപ്പുവരുത്താനാണിത്. വായുവിലേക്ക് വാള്‍ എറിയുമ്പോള്‍ അത് അനായാസമായി പിടിക്കുമെന്ന് യോദ്ധാവ് ഉറപ്പുവരുത്തേണ്ടതുണ്ട്.
ശക്തിയും കരുത്തും പ്രകടിപ്പിക്കുകയാണ് ഇതിലൂടെ. യുദ്ധപ്രഖ്യാപനം, വിജയം, യുദ്ധത്തിനായി സൈന്യത്തെ സജ്ജമാക്കല്‍ തുടങ്ങിയ ഗോത്രവിഭാഗങ്ങളുടെ ചര്യകളെയാണ് അല്‍ റസ്ഹയിലെ വാളെറിയല്‍ പ്രതിനിധാനം ചെയ്യുന്നത്. പെരുന്നാള്‍ ദിനങ്ങളില്‍ അല്‍ റസ്ഹ അവതരിപ്പിക്കുന്ന ഗ്രാമങ്ങളിലൊന്നാണ് അല്‍ ഹംറ. ഈ സമയത്ത് വിദേശികളടക്കം നിരവധി പേര്‍ നൃത്തം കാണാനെത്തും.