ADVERTISEMENT

ദുബായ് ∙ ഈ വർഷത്തെ ലോക നഗര സാംസ്‌കാരിക ഉച്ചകോടി ഈ മാസം 30 മുതൽ നവംബർ 1 വരെ ദുബായിൽ നടക്കുമെന്ന് ദുബായ് കൾച്ചർ ആൻഡ് ആർട്‌സ് അതോറിറ്റി (ദുബായ് കൾച്ചർ) പ്രഖ്യാപിച്ചു. ലണ്ടൻ, ന്യൂയോർക്ക്, ടോക്കിയോ, റിയോ ഡി ജനീറോ എന്നിവയുൾപ്പെടെ ലോകത്തിലെ ഏറ്റവും വലിയ സർഗാത്മക നഗരങ്ങളിൽ നിന്നുള്ള  നേതാക്കൾ ഉച്ചകോടിക്കായി ദുബായിൽ ഒത്തുചേരും.   മിഡിൽ ഈസ്റ്റിലും നോർത്ത് ആഫ്രിക്കയിലും ഉച്ചകോടി ചേരും. സാംസ്കാരിക പൈതൃകം സംരക്ഷിക്കാൻ നൂതന മാര്‍ഗങ്ങളിലൂടെ ലോകത്തെ രൂപപ്പെടുത്തുന്നതിൽ യുവാക്കളുടെയും ഭാവി തലമുറകളുടെയും പങ്ക് ഉറപ്പാക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം. 

ദുബായ് അൽഖൂസ് അൽ സർകൽ അവന്യു. ചിത്രം: ദുബായ് കൾചറൽ അതോറിറ്റി.
ദുബായ് അൽഖൂസ് അൽ സർകൽ അവന്യു. ചിത്രം: ദുബായ് കൾചറൽ അതോറിറ്റി.

സർഗാത്മക സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനും സാംസ്കാരികവും ക്രിയാത്മകവുമായ വ്യവസായങ്ങളിൽ നിക്ഷേപം നടത്തുന്നതിനും പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനും നഗരങ്ങളുടെ സാംസ്കാരിക ഭാവിയിലേയ്ക്ക് സംഭാവന നൽകുന്നതിനുള്ള അവസരങ്ങൾ നൽകുന്നതിനും പങ്കെടുക്കുന്ന നഗരങ്ങളുടെ പദ്ധതികൾ വ്യക്തമാക്കും.  ഉച്ചകോടിയുടെ ആഗോള അജണ്ടയിൽ ആഗോള സാംസ്കാരിക നയങ്ങളിൽ യുവാക്കളുടെ പങ്ക്, സാംസ്കാരിക പദ്ധതികൾക്ക് ധനസഹായം നൽകുന്നതിനുള്ള മാതൃകകൾ, സാംസ്കാരിക നയരൂപീകരണത്തിലെ നിർമിത ബുദ്ധി, നഗര നവീകരണത്തിന് സർഗാത്മക ജില്ലകളുടെ സംഭാവന, ആരോഗ്യ സംരക്ഷണത്തിൽ സംസ്കാരത്തിന്റെ സംയോജനം എന്നിവ ചർച്ചചെയ്യും. നഗരങ്ങളും അടുത്ത തലമുറയും സാംസ്കാരിക വിദഗ്ധരും എങ്ങനെ അഭിവൃദ്ധിപ്പെടണമെന്ന് ചർച്ച ചെയ്യുന്ന ഒരു പൊതു സെഷനും ഉണ്ടായിരിക്കും. നേതൃകൈമാറ്റ പരിപാടിയുടെ മൂന്നാം റൗണ്ടിന്റെ സമാരംഭത്തിനും ഉച്ചകോടി സാക്ഷ്യം വഹിക്കും, സഹകരണം വളർത്തിയെടുക്കുകയും നഗരങ്ങൾ തമ്മിലുള്ള വിനിമയം വികസിപ്പിക്കുകയും ചെയ്യും. ദുബായ് കൾച്ചർ ആൻഡ് ആർട്‌സ് അതോറിറ്റി ചെയർപേഴ്‌സൺ ഷെയ്ഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിൽ ദുബായ് സർക്കാരിന്റെയും ദുബായ് കൾച്ചർ ആൻഡ് ആർട്‌സ് അതോറിറ്റിയുടെയും സഹകരണത്തോടെയാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.   വരും തലമുറയിലെ കലാകാരന്മാരെയും സർഗാത്മക സംരംഭകരെയും എങ്ങനെ പിന്തുണയ്ക്കാമെന്ന്   നേതാക്കൾ ചർച്ച ചെയ്യും. 

ലോഗോ. ചിത്രം: വാം
ലോഗോ. ചിത്രം: വാം

ദുബായിലെ വിവിധ സാംസ്കാരിക ലാൻഡ്‌മാർക്കുകളിലും ക്രിയേറ്റീവ് ഹബ്ബുകളിലുമാണ് ഉച്ചകോടി അരങ്ങേറുക. സാംസ്കാരിക നേതാക്കൾക്ക് വൈദഗ്ധ്യം കൈമാറുന്നതിനും സംസ്കാരത്തെയും കഴിവുകളെയും പിന്തുണയ്ക്കുന്നതിനുമുള്ള പ്രചോദനാത്മകമായ ആഗോള വേദിയാണ് ഉച്ചകോടിയെന്ന് ദുബായ് കൾച്ചർ ഡയറക്ടർ ജനറൽ ഹലാ ബദ്രി പറഞ്ഞു.  യുവാക്കളുടെയും അടുത്ത തലമുറയുടെയും സാംസ്കാരിക രൂപീകരണത്തിൽ ഊന്നൽ നൽകുന്ന സെഷനുകളാണ് ഈ വർഷത്തെ ഉച്ചകോടി വാഗ്ദാനം ചെയ്യുന്നതെന്ന് ദുബായ് കൾച്ചറിലെ മാർക്കറ്റിങ് ആൻഡ് കോർപറേറ്റ് കമ്മ്യൂണിക്കേഷൻ ഡിപാർട്ട്‌മെന്റ് ഡയറക്ടറും വേൾഡ് സിറ്റിസ് കൾച്ചർ സമ്മിറ്റ് ദുബായ് 2024 പ്രോജക്ട് മാനേജറുമായ ഷെയ്മ റഷീദ് അൽ സുവൈദി പറഞ്ഞു.  ‌

English Summary:

Dubai to Host World Cities Culture Summit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com