ഹജ്ജിനു കൊണ്ടുപോകാൻ പണം വാങ്ങി വഞ്ചിച്ചെന്ന് പരാതി; 120 പേരിൽനിന്നു വാങ്ങിയത് ആറര ലക്ഷം രൂപ വരെ
Mail This Article
തിരൂരങ്ങാടി ∙ ഹജ്ജിനു കൊണ്ടുപോകാമെന്നു പറഞ്ഞു പണം വാങ്ങി 120 പേരെ വഞ്ചിച്ചതായി പരാതി. ചെമ്മാട് കോഴിക്കോട് റോഡിലെ ട്രാവൽസിന്റെ കീഴിലുള്ള ദാറുൽ ഈമാൻ ഹജ് ഗ്രൂപ്പിനെതിരെയാണു പരാതി. തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ളവരാണു വഞ്ചിക്കപ്പെട്ടത്. വിവിധ സ്ഥലങ്ങളിലുള്ള മതപണ്ഡിതന്മാരെ അമീറുമാരായി ചുമതലപ്പെടുത്തി ഇവർ മുഖേന അഞ്ചര ലക്ഷം മുതൽ ആറര ലക്ഷം വരെയാണ് ഓരോരുത്തരിൽ നിന്നും വാങ്ങിയത്.
അവസാനനിമിഷം വരെ ഹജ്ജിനു പോകാൻ പറ്റുമെന്ന് ഉറപ്പു നൽകിയിരുന്നതായി വഞ്ചിക്കപ്പെട്ടവർ പറഞ്ഞു. പണം നൽകിയവർ ഉടമ പന്താരങ്ങാടി സ്വദേശി വി.പി.അഫ്സലുമായി ബന്ധപ്പെട്ടപ്പോൾ, സൗദിയിലെ സാങ്കേതിക പ്രശ്നം കാരണമാണു മുടങ്ങിയതെന്നാണു പറഞ്ഞത്.
പണം തിരികെ നൽകാമെന്നു വാഗ്ദാനം നൽകിയെങ്കിലും പാലിച്ചില്ല. പിന്നീട് ചെക്ക് നൽകിയെങ്കിലും പണമില്ലാതെ മടങ്ങി. ഇപ്പോൾ ഉടമയെ വിളിച്ചാൽ കിട്ടുന്നില്ല. തുടർന്ന് പണം നൽകിയവർ ഇന്നലെ ചെമ്മാട് യോഗം ചേർന്നു കൂട്ടായ്മ രൂപീകരിച്ചു. 51 പേർ പങ്കെടുത്തു. പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.