7,150 കോടി ദിർഹം: വലിയ ബജറ്റുമായി യുഎഇ
Mail This Article
അബുദാബി ∙ സാമൂഹിക വികസനത്തിനും പെൻഷൻ വിതരണത്തിനും മുഖ്യ പരിഗണന നൽകി 2025ലെ ബജറ്റിന് യുഎഇ മന്ത്രിസഭ അംഗീകാരം നൽകി. യുഎഇ ചരിത്രത്തിലെ ഏറ്റവും വലിയ (7150 കോടി ദിർഹം) ബജറ്റാണിത്. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. നടപ്പുവർഷത്തെ ബജറ്റിന് 6406 കോടി ദിർഹമായിരുന്നു. 2023 മുതൽ 2026 വരെയുള്ള വർഷങ്ങളിലേക്ക് യുഎഇ മൊത്തം 25,230 കോടി ദിർഹമാണ് ഫെഡറൽ ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. ബജറ്റിന്റെ 39% അതായത് 2785.9 കോടി ദിർഹമാണ് സാമൂഹിക വികസനത്തിനും പെൻഷനുമാണ് വകയിരുത്തിയത്.
2557 കോടി ദിർഹം സർക്കാർ കാര്യങ്ങൾക്കും (35.7%) നീക്കിവച്ചു. പൊതുവിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ പദ്ധതികൾക്കായി 1091.4 കോടി, ആരോഗ്യ പരിരക്ഷയ്ക്കും പ്രതിരോധ സേവനങ്ങൾക്കുമായി 574.5 കോടി, സാമൂഹിക കാര്യങ്ങൾക്കായി 374.4 കോടി, പെൻഷന് 570.9 കോടി, പൊതുസേവനങ്ങൾക്ക് 174.6 കോടി, സാമ്പത്തിക നിക്ഷേപത്തിനായി 286.4 കോടി, അടിസ്ഥാന സൗകര്യവികസനത്തിനായി 258.1 കോടി എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങൾക്കായി നീക്കിവച്ച തുക. മറ്റു ചെലവുകൾക്കായി 1262.7 കോടി ദിർഹം നീക്കിവച്ചിട്ടുണ്ട്.