ADVERTISEMENT

അബുദാബി∙ ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ജിസിസി റെയിൽ 2030ൽ ട്രാക്കിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജിസിസി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി. 

യുഎഇയുടെ നിർമാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണെങ്കിലും ഇതര രാജ്യങ്ങളുടെ റെയിൽ ട്രാക്കുകൾ കൂടി പൂർത്തിയായാലേ പരസ്പരം ബന്ധിപ്പിക്കാനാകൂ. ഇതിനായി അംഗരാജ്യങ്ങൾ യോജിച്ചു പ്രവർത്തിക്കുന്നുണ്ടെന്നും പറഞ്ഞു. അബുദാബിയിൽ നടന്നുവരുന്ന ഗ്ലോബൽ റെയിൽ ട്രാൻസ്പോർട്ട് ഇൻഫ്രാസ്ട്രക്ചർ കോൺഫറൻസിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജിസിസി ജനതയ്ക്ക് ചെലവു കുറഞ്ഞ ഗതാഗത മാർഗം ഒരുക്കുകയാണ് ലക്ഷ്യം. 

ഇതിനായി ജിസിസി ജനറൽ സെക്രട്ടേറിയറ്റുമായും ഗൾഫ് റെയിൽവേ അതോറിറ്റിയുമായും സഹകരിച്ച് പ്രവർത്തിക്കുകയാണ്.

ജിസിസി റെയിൽ ഗൾഫ് രാജ്യങ്ങൾക്കിടയിലെ യാത്രയും ചരക്കുനീക്കവും എളുപ്പമാക്കും. ഇത് അംഗരാജ്യങ്ങളിലെ വ്യാപാരവും ടൂറിസവും ഊർജിതമാക്കും. 2030ൽ 60 ലക്ഷം പേർ യാത്ര ചെയ്യുമെന്ന് കണക്കാക്കുന്ന ജിസിസി റെയിലിൽ 2045ഓടെ യാത്രക്കാരുടെ എണ്ണം 80 ലക്ഷമായി ഉയരും. ചരക്കുനീക്കം 20.1 കോടി ടണ്ണിൽനിന്ന് 27.1 കോടിയായി ഉയരുമെന്നും പ്രതീക്ഷിക്കുന്നു. 

ഒത്തൊരുമിച്ച് പ്രവർത്തനം 
സില വരെ നീളുന്ന യുഎഇയുടെ ഇത്തിഹാദ് റെയിൽ ജിസിസി റെയിലുമായി ബന്ധിപ്പിക്കുന്നതിന് സൗദി അതിർത്തിയിലേക്കു നീട്ടുക, ബഹ്റൈനെയും സൗദിയെയും ബന്ധിപ്പിക്കുന്ന പാലം നിർമിക്കുക തുടങ്ങിയവയുടെ നിർമാണ പുരോഗതിയും വിശദീകരിച്ചു. സൗദിയിലെ റാസ് അൽ ഖൈറിനും ദമാമിനും ഇടയിലുള്ള 200 കിമീ റെയിൽപാത പൂർത്തിയായെന്നും വെളിപ്പെടുത്തി. യുഎഇ– ഒമാൻ ഹഫീത് റെയിൽ പദ്ധതിയുടെ നിർമാണവും പുരോഗമിക്കുകയാണ്. ഖത്തർ റെയിൽ പദ്ധതിയുടെ ആദ്യ ഘട്ട രൂപകൽപന പൂർത്തിയായി, കുവൈത്ത് റെയിൽവേയ്ക്കുള്ള എൻജിനീയറിങ് കൺസൽറ്റൻസി കരാർ ഉടൻ നൽകുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞു.

നേട്ടങ്ങൾ
തൊഴിലവസരവും വ്യാപാരവും ടൂറിസവും വർധിക്കും. റോഡപകടങ്ങളും മരണനിരക്കും കുറയും. യാത്രയ്ക്കും ചരക്കുനീക്കത്തിനുമുള്ള ചെലവ് കുറയും. റോഡിൽ സ്വകാര്യവാഹനങ്ങൾ കുറയുന്നതോടെ പരിസ്ഥിതി മലിനീകരണവും ഗണ്യമായി കുറയും.

ദൈർഘ്യം
▶ 2,177 കിലോമീറ്റർ

പോകുന്ന വഴി
▶ കുവൈത്തിൽനിന്ന് ആരംഭിക്കുന്ന ജിസിസി റെയിൽ ദമാമിലേക്കു പ്രവേശിച്ച് കോസ് വേ വഴി ബഹ്റൈനിലും പിന്നീട് ഖത്തർ, സൗദി, യുഎഇ വഴി ഒമാനിലും എത്തുന്നതോടെ 6 രാജ്യങ്ങളെയും ബന്ധിപ്പിക്കും.

അംഗരാജ്യങ്ങളിലെ പാതയുടെ ദൈർഘ്യം
▶ യുഎഇ 684 കി.മീ
▶സൗദി 663 കി.മീ
▶ഒമാൻ 306 കി.മീ
▶ ഖത്തർ 283 കി.മീ
▶കുവൈത്ത് 145 കി.മീ
▶ ബഹ്റൈൻ 36 കി.മീ

വേഗം
▶ യാത്രാ ട്രെയിൻ മണിക്കൂറിൽ 220 കി.മീ
▶ ചരക്കു ട്രെയിൻ മണിക്കൂറിൽ 80-120 കി.മീ 

English Summary:

Gulf States Advance Railway Connection, Expected to Launch in 2030

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com