അനധികൃത താമസം; ബഹ്‌റൈനിൽ അയ്യായിരത്തിലധികം പ്രവാസികളെ നാടുകടത്തി
Mail This Article
മനാമ ∙ അനധികൃതമായി രാജ്യത്ത് താമസിക്കുകയും തൊഴിലെടുക്കുകയും ചെയ്തതിന് ഈ വർഷം ജനുവരി മുതൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള അയ്യായിരത്തിലധികം പ്രവാസികളെ ബഹ്‌റൈനിൽ നിന്ന് നാടുകടത്തിയതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) അറിയിച്ചു. ഈ വർഷം നാല് ഗവർണറേറ്റുകളിലുടനീളം പരിശോധകളും പ്രചാരണങ്ങളും നടത്തിവരുന്നതായും അധികൃതർ പറഞ്ഞു.
സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 5 വരെയുള്ള ആഴ്‌ചയിലെ സ്ഥിതിവിവരക്കണക്കുകളാണ് സർക്കാർ ഏജൻസി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ഈ കാലയളവിൽ, മൊത്തം 2,171 പരിശോധനകളും 29 സംയുക്ത പ്രചാരണങ്ങളും നടത്തിയിട്ടുണ്ട്. നിയമപരമല്ലാതെ ജോലി ചെയ്യുന്ന തൊഴിലാളികളുടെ 38 നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യ്തു. ഇതുമായി ബന്ധപ്പെട്ട് 147 വിദേശ തൊഴിലാളികളെ നാടുകടത്തുകയും ചെയ്തു. കാപിറ്റൽ ഗവർണറേറ്റിൽ 16, മുഹറഖിൽ ഏഴ്, സതേൺ ഗവർണറേറ്റിൽ നാല്, നോർത്തേൺ ഗവർണറേറ്റിൽ രണ്ട് എന്നിങ്ങനെയാണ് പരിശോധനകൾ നടന്നത്.
ദേശീയ പാസ്‌പോർട്ട് അധികൃതർ, റെസിഡൻസ് വിഭാഗം, ഓരോ ഗവർണറേറ്റിൽ നിന്നുമുള്ള പൊലീസ് ഡയറക്ടറേറ്റുകൾ എന്നിവരും സംയുക്ത പരിശോധനകളിൽ സംബന്ധിച്ചു. ഈ വർഷം ഒക്‌ടോബർ 5 വരെ 40,255 പരിശോധനകളും സന്ദർശനങ്ങളും തൊഴിൽ നിയമങ്ങൾക്കും താമസ നിയമ ലംഘകർക്കുമെതിരായ 572 സംയുക്ത കാമ്പെയ്‌നുകളും നടന്നതായി അധികൃതർ പറഞ്ഞു .ഇതിൽ 2,274 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിൽ 5,152 തൊഴിലാളികളെ നാടുകടത്തി.
രാജ്യത്തിൻ്റെ സാമ്പത്തികവും സാമൂഹികവുമായ സുരക്ഷയെ ദോഷകരമായി ബാധിക്കുന്ന ഏതെങ്കിലും ലംഘനങ്ങൾ കണ്ടെത്തുന്നതിന് ശക്തമായ പരിശോധനകൾ തുടരുമെന്ന് എൽ എം ആർ എ സ്ഥിരീകരിച്ചു. www.lmra.gov.bh എന്ന വെബ്‌സൈറ്റിലെ ഇലക്‌ട്രോണിക് ഫോം വഴിയോ 17506055 എന്ന നമ്പരിൽ വിളിച്ചോ സർക്കാരിൻ്റെ നിർദ്ദേശങ്ങളും പരാതികളും നൽകുന്ന സംവിധാനമായ തവാസുൽ വഴിയും ഇത്തരം ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ പൊതുസമൂഹത്തോട് അഭ്യർഥിച്ചു.
തൊഴിൽ നിയമങ്ങൾ ലംഘിച്ച് പ്രവാസികളെ റിക്രൂട്ട് ചെയ്യുന്ന തൊഴിലുടമകൾക്ക് കുറ്റവാളികൾക്കുള്ള ജയിൽ ശിക്ഷ സർക്കാർ ഈയിടെ റദ്ദാക്കിയിരുന്നു . എന്നാലും നിയമലംഘനം ആവർത്തിച്ചാൽ 500 ദിനാർ പിഴ അടയ്‌ക്കേണ്ടി വരും.നേരത്തെ, തൊഴിൽ ചട്ടങ്ങൾ ലംഘിച്ചതിന് തൊഴിലുടമകൾക്ക് മൂന്ന് മാസം മുതൽ ഒരു വർഷം വരെ തടവോ 1,000 ബിഡി 2,000 ദിനാർ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ചുമത്തിയിരുന്നു. 2006 ലെ ലേബർ മാർക്കറ്റ് റെഗുലേറ്ററി നിയമത്തിൽ ബഹ്‌റൈൻ രാജാവ് 12/2024 ഉത്തരവ് വഴി പുറപ്പെടുവിച്ച ഭേദഗതികളെ തുടർന്നാണ് ശിക്ഷകളിൽ ഇളവ് വരുത്തിയത്.
ഭേദഗതികൾ പ്രകാരം, വർക്ക്കാ പെർമിറ്റ് കാലഹരണപ്പെടുമ്പോൾ അവ പുതുക്കിയില്ലെങ്കിൽ ആദ്യ 10 ദിവസത്തേക്ക് 100 ദിനാറും 10 മുതൽ 20 ദിവസങ്ങൾക്കിടയിലുള്ള കാലയളവിൽ 200ദിനാർ, 20 മുതൽ 30 ദിവസം വരെ 300ദിനാർ എന്നിങ്ങനെ പിഴ ഒടുക്കേണ്ടി വരും 30 ദിവസത്തെ സമയപരിധി കഴിഞ്ഞാൽ, ഒരു തൊഴിലുടമ 1,000 ദിനാർ പിഴ അടയ്‌ക്കേണ്ടി വരും. നേരത്തെ, വർക്ക് പെർമിറ്റ് പുതുക്കിയില്ലെങ്കിൽ ആദ്യ ദിവസം മുതൽ തന്നെ 1,000ദിനാർ പിഴ ഈടാക്കിയിരുന്നു. ഒരു പ്രവാസി തൊഴിലാളി ആദ്യമായി പെർമിറ്റ് ഇല്ലാതെ ജോലി ചെയ്ത് പിടിക്കപ്പെട്ടാൽ, തൊഴിലുടമയ്ക്ക് 500ദിനാർ പിഴ അടയ്ക്കണം.