ഷാർജയിൽ ഖുതുബ ഇനി മലയാളത്തിലും
Mail This Article
ഷാർജ ∙ ഷാർജയിൽ ജുമുഅ ഖുതുബ (പ്രഭാഷണം) മലയാളം ഉൾപ്പെടെ 5 ഭാഷകളിൽ കൂടി അനുവദിച്ചു. എമിറേറ്റിലെ 93 പള്ളികളിൽ ഇനി വിദേശ ഭാഷകളിൽ ഖുതുബ കേൾക്കാം.
ഇതിൽ നാലിടങ്ങളിൽ മലയാളത്തിലാണ് ഖുതുബ. ഇംഗ്ലിഷ്, ഉറുദു, പഷ്തു, തമിഴ് എന്നിവയാണ് ഖുതുബയ്ക്ക് അനുവദിച്ച മറ്റു ഭാഷകൾ. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും മതാധ്യാപനം എത്തിക്കുകയാണ് ലക്ഷ്യമെന്ന് ഷാർജ ഇസ്‌ലാമിക് അഫയേഴ്സ് ഡിപ്പാർട്മെന്റ് മേധാവി അബ്ദുല്ല ഖലീഫ അൽ സെബൂസി പറഞ്ഞു.
ഷാർജ നഗരത്തിൽ 74, എമിറേറ്റിന്റെ മധ്യമേഖലയിൽ 10, കിഴക്കൻ മേഖലയിൽ 9 എന്നിങ്ങനെ മസ്ജിദുകളാണ് അറബിക് ഇതര ഭാഷകൾക്കായി നിജപ്പെടുത്തിയത്.
മലയാളം ഖുതുബ എവിടെയെല്ലാം
ഉമ്മുൽതറഫയിലെ മസ്ജിദ് അൽ അസീസ്, മുവൈലിയയിലെ അസ്മ ബിൻത് ഉമൈസ് മസ്ജിദ്, ഖോർഫക്കാൻ അൽബർദി ഒന്നിലെ അൽ തൗഹീദ് മസ്ജിദ്, കൽബ അൽ ബുതൈനിലെ അബ്ദുറഹ്മാൻ ബിൻ ഔഫ് മസ്ജിദ് എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ചകളിൽ മലയാള ഖുതുബ കേൾക്കാനാകുക. ഇതിനു പുറമേ ചർച്ചകൾ, മതപഠനങ്ങൾ, അറിയിപ്പുകൾ തുടങ്ങിയവയും അനുവദിച്ച ഭാഷകളിൽ ഇമാമുമാർക്ക് പങ്കുവയ്ക്കാൻ അനുമതിയുണ്ട്.
ആംഗ്യഭാഷാ വിവർത്തനം
മസ്ജിദുകൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ഷാർജയിലെ ഇമാം അഹ്മദ് ബിൻ ഹമ്പൽ മസ്ജിദിൽ ഖുതുബ ആംഗ്യഭാഷയിലേക്ക് തത്സമയം വിവർത്തനം ചെയ്യുന്ന സംവിധാനവും ഒരുക്കി.