കാത്തിരിപ്പിനൊടുവിൽ ജോയലിന്‍റെ മൃതദേഹം നാളെ നാട്ടിൽ എത്തിക്കും; തിരിച്ചറിഞ്ഞത് ഡിഎൻഎ പരിശോധനയിലൂടെ
Mail This Article
ജിദ്ദ ∙ കഴിഞ്ഞ ഓഗസ്റ്റ് 9 ന് അൽ ബാഹായിലെ അൽ ഗറായിൽ നടന്ന വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് ചക്കിട്ടപാറ പുരയിടത്തിൽ വീട്ടിൽ തോമസിന്‍റെയും മോളിയുടെയും മകൻ ജോയൽ തോമസിന്‍റെ (28) മൃതദേഹം ശനിയാഴ്ച കേരളത്തിലെത്തിക്കും. ശനിയാഴ്ച ഉച്ചക്ക് ജിദ്ദയിൽ നിന്നും പുറപ്പെടുന്ന എയർ ഇന്ത്യ വിമാനത്തിൽ കൊണ്ടുപോകുന്ന മൃതദേഹം രാത്രി പത്ത് മണിക്ക് കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ചേരുമെന്ന് ജീവകാരുണ്യ പ്രവർത്തകൻ പന്തളം ഷാജി അറിയിച്ചു.
ജോയലിന്‍റെ ബന്ധു ജോഫിൻ ജോണിനും, സുഹൃത്ത് എബിനുനൊപ്പം നടപടിക്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ കുടുംബത്തെ സഹായിച്ചിരുന്നത് പന്തളം ഷാജിയാണ്. ജോയൽ തോമസ് അടക്കം നാല് പേരാണ് അപകടത്തിൽ മരിച്ചത്.ജോയലിനെ കൂടാതെ ഉത്തർപ്രദേശ് സ്വദേശി മുക്കറം ഇസ്ലാമും ഒരു ബംഗ്ലാദേശി പൗരനും സുഡാനി പൗരനുമാണ് മരിച്ച മറ്റുള്ളവർ. അപകടത്തെ തുടർന്ന് വാഹനത്തിന് തീ പിടിച്ചതിനാൽ മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമായിരുന്നു.
വിരൽ അടയാളവും മറ്റും ശേഖരിച്ച് ശാസ്ത്രീയ പരിശോധനയിലൂടെ മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ശ്രമം നടത്തിയെങ്കിലും തിരിച്ചറിയാൻ സാധിക്കാത്തതിനാൽ ജോയലിന്‍റെ സഹോദരൻ ജോജി നാട്ടിൽ നിന്നും സൗദിയിൽ എത്തി ഡി എൻ എ പരിശോധനയ്ക്ക് രക്ത സാമ്പിൾ നൽകിയിരുന്നു. ഡി എൻ എ ഫലം വന്ന് മൃതദേഹം തിരിച്ചറിഞ്ഞതിനെ തുടർന്ന് നിയമനടപടിൽ പൂർത്തിയാക്കി അൽ ഗറാ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ എംബാം ചെയ്യുന്നതിന് ജിദ്ദയിലേക്ക് മാറ്റിയിരുന്നു. ബന്ധു ജോഫിൻ ജോൺ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.