അഗ്നിയും പുകയും ചാരവും ഉള്ളിലൊളിപ്പിച്ച് സൗദിയിലുള്ളത് രണ്ടായിരത്തോളം അഗ്നിപർവ്വതങ്ങൾ
Mail This Article
റിയാദ് ∙ അഗ്നിയും പുകയും ഉള്ളിലൊളിപ്പിച്ചുവെച്ച് സൗദി അറേബ്യയിലുള്ളത് രണ്ടായിരത്തോളം അഗ്നിപർവ്വതങ്ങൾ. ആയിരക്കണക്കിന് വർഷങ്ങളായി അനക്കമില്ലാതെ കിടക്കുകയായിരുന്നുവെങ്കിലും അവ എക്കാലത്തും അങ്ങനെ ആയിരുന്നില്ലെന്നാണ് ചരിത്രവും ശാസ്ത്രവും പറയുന്നത്. തീയും പുകയും ചാരവും മാറിടത്തില്‍ ഒളിപ്പിച്ചുവെച്ച് ഈ അഗ്നിപർവ്വതങ്ങൾ അനങ്ങാതെ കിടക്കുന്നു. പതിമൂന്നു അഗ്നിപര്‍വത സ്ഫോടനങ്ങൾക്കും ലാവാ പ്രവാഹത്തിനുമാണ് സൗദി അറേബ്യ ഇതേവരെ സാക്ഷ്യം വഹിച്ചത്.
സൗദിയില്‍ അഗ്നിപര്‍വത സ്ഫോടനങ്ങളും ലാവാപ്രവാഹമുണ്ടായ സ്ഥലങ്ങളും ഏറ്റവും കൂടുതലുള്ളത് മദീന പ്രവിശ്യയിലാണ്. ഹിജാസില്‍ ഏറ്റവും ഒടുവിലുണ്ടായ അഗ്നിപര്‍വത സ്ഫോടനം മദീനക്ക് തെക്കുകിഴക്കുള്ള ജബല്‍ അല്‍മല്‍സാ അഗ്നിപര്‍വതത്തിലാണുണ്ടായത്. ക്രിസ്തുവര്‍ഷം 1256 ലായിരുന്നു അത്. അഗ്നിപര്‍വത സ്ഫോടനം ദിവസങ്ങളോളം നീണ്ടുനിന്നു. ഇവിടെ നിന്നുള്ള ലാഹാ പ്രവാഹം 23 കിലോമീറ്റര്‍ ദൂരെ വരെ ഒഴുകിയെത്തി. ഏറ്റവും ദൈര്‍ഘ്യം കൂടിയ ലാഹാ പ്രവാഹം മസ്ജിദുന്നബവിയില്‍ നിന്ന് 8.2 കിലോമീറ്റര്‍ ദൂരെ എത്തിയാണ് നിലച്ചത്. അഗ്നിപര്‍വത സ്ഫോടനത്തില്‍ അന്നുണ്ടാ ലാവാ ഫീല്‍ഡിനെ ഹറത്തു റഹാത്ത് എന്ന് എന്ന പേരിലാണ് അറിയപ്പെടുന്നത്.
ഈ അഗ്നിപര്‍വത സ്ഫോടനത്തെ അറബ് ലോകത്തെ പ്രമുഖ ചരിത്രകാരൻ ഇബ്നു കഥീര്‍ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്: 'ഉയരം കൂടിയ മല കണക്കെ അഗ്നിപര്‍വതത്തില്‍ നിന്നുള്ള അഗ്നി മാനം മുട്ടെ ഉയര്‍ന്നു. ഇതില്‍ നിന്നുള്ള ചെറു കല്ലുകള്‍ ആകാശത്തേക്ക് ഉയര്‍ന്നുപൊങ്ങി അതില്‍ തന്നെ പതിച്ചു. മിന്നല്‍ പോലുള്ള തീയാണ് അഗ്നിപര്‍വതത്തില്‍ നിന്ന് പുറത്തുവന്നത്. ദിവസങ്ങളോളം ഇതേ സ്ഥിതി തുടര്‍ന്നു. പിന്നീട് ദിവസങ്ങളോളം അഗ്നിപര്‍വതം നിഷ്ക്രിയമായി. വീണ്ടും മുന്നിലേക്കും പിന്നിലേക്കും അഗ്നിപര്‍വതം കല്ലുകള്‍ എറിയാൻ തുടങ്ങി. ഈ കല്ലുകള്‍ കുമിഞ്ഞുകൂടി രണ്ടു മലകളായി രൂപപ്പെട്ടു. രാത്രിയുടെ അന്ത്യയാമം മുതല്‍ പ്രഭാതം വരെയുള്ള സമയത്ത് എല്ലാ ദിവസങ്ങളിലും അഗ്നിപര്‍വതങ്ങള്‍ക്ക് വലിയ സീല്‍ക്കാരമുണ്ടായിരുന്നു'.
ആറായിരം വര്‍ഷങ്ങള്‍ക്കിടെ ഹറത്തു റഹാത്തില്‍ മാത്രം 11 അഗ്നിപര്‍വത സ്ഫോടനങ്ങളുണ്ടായിട്ടുണ്ടെന്ന് സൗദി ജിയോളജിക്കല്‍ സര്‍വേ പറയുന്നു. ഇതില്‍ ഏറ്റവും പ്രശസ്തമായത് 1256 -ാമാണ്ടിലുണ്ടായതാണ്. അന്ന് അഗ്നിപര്‍വത സ്ഫോടനം 52 ദിവസത്തിലധികം നീണ്ടുനിന്നു.
ജബല്‍ അല്‍ഖദ്റും ജബല്‍ അല്‍അബ്യദും
ഹറത്തു ഖൈബറിന്‍റെ മധ്യത്തിലാണ് ജബല്‍ അല്‍ഖദ്റുള്ളത്. ഭൂനിരപ്പില്‍ നിന്ന് രണ്ടായിരം മീറ്ററിലധികം ഉയരമുള്ള നിഷ്ക്രിയ അഗ്നിപര്‍വതമാണിത്. ലാവാ പ്രവാഹമുണ്ടായ ദുര്‍ഘടമായ പ്രദേശത്തു കൂടി വഴി നന്നായി അറിയുന്നവര്‍ക്കു മാത്രമേ സഞ്ചരിക്കാനാകൂ. ജബല്‍ അല്‍ഖദ്റിന്‍റെ വക്ത്രത്തിന് ഏറെ ആഴമുണ്ട്. ഇതില്‍ വലിയ ദ്വാരങ്ങളുണ്ട്. ജബല്‍ അല്‍ഖദ്റിന്‍റെ വക്ത്ര ഭാഗത്ത് കയറുന്നവര്‍ക്ക് 50 ലേറെ കിലോമീറ്റര്‍ ദൂരത്തേക്ക് പരന്നൊഴുകിയ ലാവ പ്രവാഹത്തിന്‍റെ അപൂര്‍വ ഭൗമശാസ്ത്ര ദൃശ്യം കാണാനാകും. ജബല്‍ അല്‍ഖദ്ര്‍ അഗ്നിപര്‍വത മുഖത്തിനു സമീപമാണ് അസാധാരണ നിറത്തോടും വ്യത്യസ്തമായ രൂപങ്ങളോടും കൂടി കൂടിയ ജബല്‍ അല്‍അബ്യദ് അഗ്നിപര്‍വതമുള്ളത്. മദീന പ്രവിശ്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഭൗമശാസ്ത്ര അടയാളങ്ങളില്‍ ഒന്നാണ് ഈ അഗ്നിപര്‍വതം.
അല്‍വഅ്ബ അഗ്നിപര്‍വം
തായിഫില്‍ നിന്ന് 250 കിലോമീറ്റര്‍ ദൂരെ പ്രശസ്തമായ ഹറത്തു കിശബിനു മധ്യത്തിലാണ് അല്‍വഅ്ബ അഗ്നിപര്‍വത വക്ത്രമുള്ളത്. മഖ്ലഅ് ത്വമിയ എന്ന പേരിലും ഈ അഗ്നിപര്‍വതം അറിയപ്പെടുന്നു. സൗദിയിലെ ഏറ്റവും ആഴമേറിയ അഗ്നിപര്‍വത വക്ത്രങ്ങളിലൊന്നാണിത്. ഇതിന് 240 മീറ്റര്‍ ആഴവും 2,500 മീറ്ററിലേറെ വ്യാസവുമുണ്ട്. മക്ക പ്രവിശ്യയില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന കേന്ദ്രങ്ങളില്‍ ഒന്നു കൂടിയാണ് അല്‍വഅ്ബ അഗ്നിപര്‍വതം.
സൗദിയിലെ അഗ്നിപര്‍വതങ്ങളും ലാവാപ്രവാഹമുണ്ടായ വിശാലമായ പ്രദേശങ്ങളും പല രാജ്യങ്ങളില്‍ നിന്നുമുള്ള ഭൗമശാസ്ത്രജ്ഞര്‍ സന്ദര്‍ശിക്കുന്നുണ്ട്. രണ്ടായിരത്തിലേറെ അഗ്നിപര്‍വതമുഖങ്ങള്‍ സൗദിയിലുണ്ട്. ഇതില്‍ ചിലത് ലോകത്തെ തന്നെ ഏറ്റവും മനോഹരമായ അഗ്നിപര്‍വതമുഖങ്ങളാണ്. ഭൗമശാസ്ത്ര ഗവേഷകര്‍ക്കു മുന്നിലുള്ള തുറന്ന ജിയോളജിക്കല്‍ മ്യൂസിയം കൂടിയാണിവ.
സൗദിയിലെ അഗ്നിപര്‍വത വക്ത്രങ്ങള്‍ ലോകത്തെ ഏറ്റവും മനോഹരമായ അഗ്നിപര്‍വത മുഖങ്ങളാണെന്ന് കിങ് സൗദ് യൂണിവേഴ്സിറ്റിയിലെ ജിയോളജി പ്രഫസര്‍ ഡോ. അബ്ദുല്‍അസീസ് ബിന്‍ ലഅ്ബൂന്‍ പറയുന്നു. ഭൗമശാസ്ത്ര കുതുകികളെയും വിനോദ സഞ്ചാരികളെയും ഗവേഷകരെയും ആകര്‍ഷിക്കുന്ന കേന്ദ്രങ്ങളാണിവ. സന്ദര്‍ശകര്‍ക്ക് ഇവിടങ്ങളില്‍ എത്തിപ്പെടുന്നതിന് ഏറെ പ്രയാസമാണ്. സേവനങ്ങളുടെ അപര്യാപ്തതയുണ്ടെങ്കിലും അല്‍വഅ്ബ അഗ്നിപര്‍വതമുഖം നിരവധി പേര്‍ സന്ദര്‍ശിക്കുന്നുണ്ട്. അല്‍മല്‍സാ അഗ്നിപര്‍വതമുഖം അതിമനോഹരമാണ്. തുറസ്സായ ഈ ജിയോളജിക്കല്‍ മ്യൂസിയം വിനോദ സഞ്ചാര വ്യവസായത്തിന് പ്രയോജനപ്പെടുത്തിയിരുന്നെങ്കില്‍ സൗദിയിലെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക സ്രോതസ്സുകളില്‍ ഒന്നായി അവ മാറുമെന്നും ഡോ. അബ്ദുല്‍അസീസ് ബിന്‍ ലഅ്ബൂന്‍ പറയുന്നു.