ആയുസ്സ് 160 ലേക്ക്; സർവസാധാരണമാകുന്ന 100 കഴിഞ്ഞവരുടെ ആരോഗ്യ പരിരക്ഷ, മരണത്തെ മനുഷ്യൻ തോൽപ്പിക്കുമോ?
Mail This Article
കാലനില്ലാ കാലമെന്നു കുഞ്ചൻ നമ്പ്യാരെഴുതിയിട്ടു കാലമേറെയായി. മനുഷ്യരാശിയുടെ പോക്ക് അങ്ങോട്ടാണോ എന്നു തോന്നിപ്പിക്കുന്നതാണ് ചുറ്റുമുള്ള മാറ്റങ്ങൾ. യുവാൽ നോവാ ഹരാരി ‘ഹോമോസാപ്പിയൻ’ എന്നു പുസ്തകം എഴുതുമ്പോൾ കഴിഞ്ഞ നൂറ്റാണ്ടിലെ ആയുർ ദൈർഘ്യം 30 – 45 വയസ്സായിരുന്നു. അക്കണക്കിനു നോക്കിയാൽ ഇന്നത്തെ ചെറുപ്പക്കാരിൽ പലരും മൺമറയേണ്ട കാലം കഴിഞ്ഞു. മനുഷ്യൻ ആയുസു കൂട്ടാനാണ് ആദ്യം ആഗ്രഹിച്ചതെന്നു തോന്നുന്നു. കണ്ടു പിടിത്തങ്ങളിലെല്ലാം ആയുസിനും ആരോഗ്യത്തിനും വേണ്ടിയുള്ള പരിശ്രമങ്ങൾ കാണാം. ചിരിച്ചാൽ പോലും ആയുസു കൂടുമെന്നതാവാം ഈ ഗണത്തിലെ ആദ്യ കണ്ടുപിടിത്തം.
പണ്ട് മാടൻ അടിച്ചും മറുതയെ കണ്ടും മൺമറഞ്ഞിരുന്ന മനുഷ്യർക്ക് ഇന്ന് ഏതു മറുതയെയാണ് പേടി? ഹൃദയം വേണമെങ്കിൽ മാറ്റിവയ്ക്കാം, കയ്യും കാലും തലയും ഉടലും മാറ്റിവയ്ക്കാം! കൃത്രിമ ഹൃദയവും ചങ്കും കരളും വൃക്കയുമെല്ലാം പരീക്ഷണ ശാലയിൽ പാകപ്പെട്ടു വരികയാണ്. ഇനി മനുഷ്യനെ ഒന്നു തീർക്കണമെങ്കിൽ എന്താവും വഴി? ഹോമോസാപ്പിയൻ എഴുതിയ ഹരാരി പിന്നീടു പ്രസിദ്ധീകരിച്ച ബുക്കിന്റെ പേര് ‘ഹോമോ ഡിയൂസ്’ എന്നാണ്. അതിൽ പറയുന്നത്, അടുത്ത നൂറ്റാണ്ടിലെ മനുഷ്യായുസ് 160 – 180 ആയിരിക്കുമെന്നാണ് !
ആയുർ ദൈർഘ്യം 70 – 80 നിൽക്കുമ്പോൾ തന്നെ ലോകം ‘സിൽവർ ഇക്കോണമി’യെക്കുറിച്ചു ഗൗരവമായി ചിന്തിക്കുകയാണ്. വാർധക്യം ബാധിച്ചവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും അവർക്കു വേണ്ട ഉൽപ്പന്നങ്ങളുടെ നിർമിതിയും ഉൾപ്പെടുന്ന സിൽവർ ഇക്കോണമിയെക്കുറിച്ച് ഒരിക്കൽ ഈ കഥകളിൽ നമ്മൾ പറഞ്ഞു പോയതാണ്. ഇനി, 60 കഴിഞ്ഞവരുടെ ആവശ്യങ്ങളെ കുറിച്ചു ചിന്തിക്കുന്ന ലോകം 100 കഴിഞ്ഞവരുടെ ആരോഗ്യ പരിരക്ഷയെക്കുറിച്ചു ചിന്തിച്ചു തുടങ്ങേണ്ടിയിരിക്കുന്നു. ഭയമാണ് മനുഷ്യനെ കണ്ടെത്തലുകളിലേക്കു നയിച്ചത്. ഇരുളിനെ ഭയന്ന മനുഷ്യൻ വെളിച്ചം കണ്ടെത്തിയതു പോലെ, മരണത്തെ ഭയക്കുന്നതിനാൽ മരിക്കാതിരിക്കുന്നതിനുള്ള മാർഗങ്ങൾ കണ്ടെത്തുകയാണ്.
കോശങ്ങൾ അതിന്റെ പരിപൂർണതയിൽ നശിച്ചു പോകുന്നതാണ് മരണമെന്നാണ് നൊബേൽ സമ്മാന ജേതാവ് വെങ്കി രാമകൃഷ്ണന്റെ ഏറ്റവും പുതിയ പുസ്തകം ‘വൈ വി ഡൈ’ യിൽ പറയുന്നത്. മരണത്തെക്കുറിച്ചു ഗവേഷണം നടത്തിയവർക്കൊന്നും അതിന്റെ ആദിയും അന്തവും പിടികിട്ടിയിട്ടില്ലെന്നു വേണം കരുതാൻ. മരണത്തിനു ശേഷം എന്തെന്ന് എന്തെങ്കിലും നിശ്ചയമുണ്ടെങ്കിൽ ഈ ലോകം തന്നെ തകിടം മറിയുമത്രേ. മരണാനന്തര ജീവിതത്തെക്കുറിച്ച് ഒരു പരേതനും പുസ്തകം എഴുതാത്തതിനാൽ, അങ്ങനൊരു ജീവിതത്തെക്കുറിച്ചു സങ്കൽപ്പിക്കാൻ മാത്രമേ കഴിയൂ. മരണാനന്തരം എന്തെന്ന് അറിയാത്തതിനാൽ, ഇനി മരിക്കാതിരിക്കലാണൊരു വഴിയെന്നാണ് മനുഷ്യർ ചിന്തിക്കുന്നത്. നശിച്ചു പോകുന്നതും പ്രായമാകുമ്പോൾ പ്രവർത്തനം നിലയ്ക്കുന്നതുമായ അവയവങ്ങൾക്കു പകരം അവയവങ്ങൾ കണ്ടെത്തുന്നത് അതിനാണ്.
ഇന്നത്തെ കരാമ കഥകളിൽ എന്താണിത്ര മരണ ചിന്തയെന്നു കരുതേണ്ട. യുഎഇയിൽ മുഴുവൻ നിറയുന്ന വെൽനെസ് ക്ലിനിക്കുകൾ കണ്ടപ്പോൾ വെറുതെ ചിന്തിച്ചു പോയതാണ്. അസുഖം വന്നിട്ട് ആശുപത്രിയിൽ പോകുന്നതൊക്കെ പണ്ട്, ഇന്ന് ആശുപത്രിയിൽ പോകുന്നത് അസുഖം വരാതിരിക്കാനാണ്. സിംഹത്തെ അതിന്റെ മടയിൽ പോയി തല്ലിക്കൊല്ലുന്നതു പോലൊരു പരിപാടിയാണിത്. വെൽനെസ് ക്ലിനിക്കുകൾ എന്തിനിങ്ങനെ മുളച്ചു പൊങ്ങുന്നുവെന്നു അന്വേഷിച്ചു പോയപ്പോഴാണ് ചികിത്സയുടെ മുൻഗണനകൾ മാറിയ വിവരം അറിയുന്നത്. പനി വന്നിട്ടു മരുന്നു കഴിച്ചു ബുദ്ധിമുട്ടുന്നതിനേക്കാൾ നല്ലതാണല്ലോ, പനി വരാതിരിക്കാനുള്ള മരുന്ന് കഴിക്കുന്നത്. വെൽനെസ് ക്ലിനിക്കുകൾ അങ്ങനെയൊരു ചികിൽസാ രീതിയാണ് മുന്നോട്ടു വയ്ക്കുന്നത്. നിങ്ങളുടെ ഹൃദയം നാളെ നിലച്ചു പോകുമോ എന്ന് ഇന്ന് അറിയാം. നിലയ്ക്കുമെങ്കിൽ അതിനു വേണ്ട ചികിൽസ നൽകിയാൽ നിലയ്ക്കാതെ മുന്നോട്ടു കൊണ്ടു പോകാം. നാളെ കാൻസറോ, മറ്റേതെങ്കിലും ഗുരുതര രോഗമോ വരാനുള്ള സാധ്യത ഇന്നേ കണ്ടെത്താം. നവജാത ശിശുക്കളുടെ പൊക്കിൾ കൊടി വേർതിരിച്ചു പഠിച്ചാൽ ആ കുഞ്ഞിന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലെയും രോഗ സാധ്യതകൾ മനസിലാക്കാമത്രേ! കാലമെത്ര പുരോഗമിച്ചു. ഇനി കാലനും പുരോഗമിച്ചേ മതിയാകു. അല്ലെങ്കിൽ, പോത്തുമായി വന്നു വെറും കയറോടെ മടങ്ങേണ്ടി വരും. ആർക്കാണ് മരിക്കാനിഷ്ടം ?.