മഴ: ഒമാനില്‍ സ്‌കൂളുകള്‍ക്കും ഓഫിസുകള്‍ക്കും നാളെ അവധി
Mail This Article
മസ്‌കത്ത് ∙ അറബിക്കടലിലെ ഉഷ്ണമേഖലാ ന്യൂനമര്‍ദത്തെ തുടർന്ന് കനത്ത മഴയ്ക്ക് സാധ്യത ഉണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ നാഷനല്‍ കമ്മിറ്റി ഫോര്‍ എമര്‍ജന്‍സി മാനേജ്മെന്റ് നാളെ (ചൊവ്വ) ഒമാനിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ സ്‌കൂളുകള്‍ക്കും ഓഫിസുകള്‍ക്കും അവധി പ്രഖ്യാപിച്ചു. മസ്‌കത്ത്, തെക്കന്‍ ശര്‍ഖിയ, വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റുകളിലാണ് നാളെ സ്‌കൂളുകള്‍ക്കും ഓഫിസുകള്‍ക്കും അവധി നല്‍കിയിരിക്കുന്നത്. ജോലികള്‍ റിമോട്ട്/ വര്‍ക്ക് ഫ്രം ഹോം മോഡിലേക്ക് മാറും. അല്‍ വുസ്ത, വടക്കന്‍ ശര്‍ഖിയ, തെക്കന്‍ ബാത്തിന, ദാഖിലിയ, ദാഹിറ, ബുറൈമി ഗവര്‍ണറേറ്റുകളിലെ പര്‍വതപ്രദേശങ്ങളിലും സ്‌കൂളുകള്‍ക്ക് അവധിയായിരിക്കും.
മഴയുടെ പശ്ചാത്തലത്തില്‍ മസ്‌കത്ത് ഗവര്‍ണറേറ്റിലെ പാര്‍ക്കുകളും ഗാര്‍ഡനുകളും താത്കാലികമായി അടച്ചിട്ടുണ്ട്. വാഹനങ്ങള്‍ താഴ്ന്ന സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യരുതെന്നും വാദികളില്‍ ഇറങ്ങുകയോ വാഹനം ഇറക്കുകയോ ചെയ്യരുതെന്നും ഇലക്ട്രിക് പോസ്റ്റുകള്‍, മരങ്ങള്‍, ഇലക്ട്രിക് കോംപ്ലക്‌സുകള്‍ എന്നിവയ്ക്ക് താഴെ നില്‍ക്കരുതെന്നും റോഡില്‍ വെള്ളം കെട്ടിക്കിടക്കുമ്പോള്‍ മറ്റു പാതകള്‍ ഉപയോഗിക്കണമെന്നും നഗരസഭ അധികൃതര്‍ നിര്‍ദേശിച്ചു.