മുംബൈയിൽ നിന്ന് ജിദ്ദയിലേക്കും മസ്കത്തിലേക്കുമുള്ള ഇൻഡിഗോ വിമാനങ്ങൾക്ക് ബോംബ് ഭീഷണി
Mail This Article
ദുബായ് ∙ മുംബൈയിൽ നിന്ന് സൗദിയിലെ ജിദ്ദയിലേക്കും ഒമാനിലെ മസ്കത്തിലേക്കുമുള്ള രണ്ട് ഇൻഡിഗോ വിമാനങ്ങൾക്ക് ബോംബ് ഭീഷണി. ഇന്ന് (തിങ്കൾ) മുംബൈയിൽ നിന്ന് പറന്നുയരേണ്ടിയിരുന്ന മസ്കത്തിലേക്കുള്ള 6ഇ 1275, ജിദ്ദയിലേക്കുള്ള 6ഇ 56 എന്നീ വിമാനങ്ങൾക്കാണ് ഭീഷണിയുണ്ടായത്. സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങൾ പാലിച്ച് നിർബന്ധിത സുരക്ഷാ പരിശോധനകൾ ഉടനടി ആരംഭിച്ചതായി ഇൻഡിഗോ വക്താവ് പറഞ്ഞു.
ഇന്ന് പുലർച്ചെ മുംബൈയിൽ നിന്ന് ന്യൂയോർക്കിലേക്ക് സർവീസ് നടത്തിയ എയർ ഇന്ത്യ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് സുരക്ഷ കണക്കിലെടുത്ത് ഡൽഹിയിലേക്ക് തിരിച്ചുവിട്ടിരുന്നു. വിമാനം നിലവിൽ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ നിലയുറപ്പിച്ചിട്ടുണ്ടെന്നും വിമാനത്തിലെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ എല്ലാ സ്റ്റാൻഡേർഡ് സുരക്ഷാ പ്രോട്ടോക്കോളുകളും പാലിക്കുന്നുണ്ടെന്നും ഡൽഹി പൊലീസ് പറഞ്ഞു.
ഇന്ന് ജോൺ എഫ്. കെന്നഡി (ജെഎഫ്‌കെ) വിമാനത്താവളത്തിലേക്കുള്ള യാത്രയിലായിരുന്നു എഐ119 എന്ന വിമാനം. എന്നാൽ പ്രത്യേക സുരക്ഷാ മുന്നറിയിപ്പും സർക്കാരിന്റെ സുരക്ഷാ റെഗുലേറ്ററി കമ്മിറ്റിയുടെ നിർദേശവും ലഭിച്ചതിനെ തുടർന്ന് ഡൽഹിയിലേക്കു തിരിച്ചുവിട്ടതായി എയർ ഇന്ത്യ വക്താവ് പറഞ്ഞു. എല്ലാ യാത്രക്കാരും ഡൽഹി എയർപോർട്ട് ടെർമിനലിൽ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.