അറിവിന്റെ അമൃത് നുകർന്ന് കുരുന്നുകൾ
Mail This Article
ദുബായ് ∙ മലയാള മനോരമ ദുബായിൽ ഒരുക്കിയ വിദ്യാരംഭ വേദിയിൽ അറിവിന്റെ അമൃത് നുകർന്ന് 154 പ്രവാസി കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു. ഇവരിൽ 2 ജോഡി ഇരട്ടകളും ഉൾപ്പെടും. ഇന്ത്യയ്ക്കു പുറത്ത് മലയാള മനോരമ ഒരുക്കിയ ഏക വിദ്യാരംഭത്തിനു വേദിയായത് ദുബായ് ജെംസ് വെല്ലിങ്ടൺ ഇന്റർനാഷനൽ സ്കൂൾ ആണ്. റിതിക രഞ്ജിത്തിന്റെ പ്രാർഥനയ്ക്കു ശേഷം മലയാള മനോരമ ദുബായ് ചീഫ് റിപ്പോർട്ടർ മിന്റു പി. ജേക്കബ് അതിഥികളെ സ്വാഗതം ചെയ്തു.
ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ ഉദ്ഘാടനം ചെയ്തു. മറ്റു ഗുരുക്കന്മാരായ കവിയും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്ര വർമ, മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടറും സാഹിത്യകാരനുമായ ജോസ് പനച്ചിപ്പുറം എന്നിവരും ഭദ്രദീപം കൊളുത്തിയതോടെ പവിത്രമായ ചടങ്ങുകൾക്ക് തുടക്കമായി. രാവിലെ 6.30ന് തുടങ്ങിയ വിദ്യാരംഭം 9.30 വരെ തുടർന്നു.
മനോരമ ഇയർ ബുക്ക് പഠിച്ച് ഐഎഫ്എസ് നേടിയ താൻ ഗുരുവായി ഈ വേദിയിൽ എത്തിയതിൽ ആഹ്ലാദിക്കുന്നുവെന്നു ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ പറഞ്ഞു. കുഞ്ഞുങ്ങൾക്ക് വിദ്യാരംഭം കുറിക്കാൻ ഏറ്റവും അനുയോജ്യമായ വേദി ഇതാണ്. കോൺസൽ ജനറൽ ആയതിനുശേഷം ആദ്യമായാണ് വിദ്യാരംഭ വേദിയിൽ ഗുരുവായി എത്തുന്നതെന്നും സൂചിപ്പിച്ചു. നാടിന്റെ സംസ്കൃതി മറുനാട്ടിൽ പകർന്ന മലയാള മനോരമയെ അഭിനന്ദിക്കുന്നു. ലോകത്ത് എവിടെയാണെങ്കിലും സംസ്കാരവും പൈതൃകവും നെഞ്ചോടു ചേർക്കുന്നവരാണ് പ്രവാസി ഇന്ത്യക്കാർ. ആ മൂല്യങ്ങൾ മക്കൾക്ക് പകർന്നു നൽകാനുള്ള അവസരമാണ് മനോരമ ഒരുക്കിയത്.
ചെന്നൈയിലാണ് വളർന്നതെങ്കിലും പിതാവ് പഠിപ്പിച്ചുതന്ന മലയാള പാഠങ്ങൾ ഹൃദയത്തിലുണ്ട്. എഴുതാനും വായിക്കാനും അറിയാമെങ്കിലും വർഷങ്ങൾക്കുശേഷമാണ് കൈവിരൽകൊണ്ട് അക്ഷരം എഴുതുന്നതും എഴുതിക്കുന്നതും. ലോകത്തിനൊപ്പം വളർന്ന് എത്ര ഉന്നതിയിലെത്തിയാലും സംസ്കാരവും ഭാഷയും പിന്തുടരണമെന്നും കോൺസൽ ജനറൽ പറഞ്ഞു.
കുഞ്ഞു വിരൽത്തുമ്പിൽ മാതൃഭാഷയുടെ സ്പർശം അനുഭവിച്ചറിയാൻ മലയാളികൾക്കു പുറമെ ഇതര സംസ്ഥാനക്കാരും ഉണ്ടായിരുന്നു. ഇന്ത്യയ്ക്കു പുറത്ത് മലയാള മനോരമ ഒരുക്കിയ ഏക വിദ്യാരംഭ വേദിയെ സമ്പന്നമാക്കാൻ ഫുജൈറ മുതൽ അബുദാബി വരെ 7 എമിറേറ്റുകളിൽനിന്നുള്ളവർ ഒഴുകിയെത്തി. ഗുരുക്കന്മാരുടെ കൈപിടിച്ച് മക്കൾ അറിവരങ്ങിനു നാന്ദികുറിക്കുന്ന ശുഭമുഹൂർത്തത്തിനു സാക്ഷ്യം വഹിക്കാൻ രക്ഷിതാക്കൾക്കൊപ്പം ബന്ധുക്കളുമെത്തി.
ഗുരുക്കന്മാരുടെ കൈകൾ പിടിച്ച് കുഞ്ഞോമനകൾ അക്ഷര ലോകത്തേക്കു കടന്നതിന്റെ ആവേശമായിരുന്നു രക്ഷിതാക്കൾക്ക്. രാവിലെ 6.30നാണ് വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചതെങ്കിലും പുലർച്ചെ 5നു തന്നെ കുട്ടികളുമൊത്ത് മാതാപിതാക്കൾ സ്കൂൾ പരിസരത്ത് എത്തി. പല കാരണങ്ങളാൽ മുൻ വർഷങ്ങളിൽ വിദ്യാരംഭം കുറിക്കാൻ സാധിക്കാത്തവരും അനുഗ്രഹീത ചടങ്ങിന്റെ ഭാഗമാകാനായി കാത്തിരുന്ന് എത്തിയതും വേറിട്ട അനുഭവമായി.
മുൻ വർഷങ്ങളിൽ മനോരമ വേദിയിൽ വിദ്യാരംഭം കുറിച്ച ചേട്ടന്മാരും ചേച്ചിമാരും കുഞ്ഞനുജനും അനിയത്തിക്കും കൂട്ടായി എത്തിയിരുന്നു. അടുത്ത വിദ്യാരംഭത്തിന് തയാറെടുക്കുന്ന കൈക്കുഞ്ഞുങ്ങളും ഇവരോടൊപ്പമുണ്ടായിരുന്നു. കുഞ്ഞുങ്ങൾക്ക് ഫോട്ടോപതിച്ച സർട്ടിഫിക്കറ്റിനു പുറമെ കൈനിറയെ സമ്മാനവും നൽകിയാണ് ഇവരെ യാത്രയാക്കിയത്.