ലോകകപ്പ് യോഗ്യത: ഒമാന്‍ – ജോർദാൻ പോരാട്ടം ഇന്ന്
Mail This Article
മസ്കത്ത് ∙ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഒമാന്‍ ഇന്ന് ജോര്‍ദാനെ നേരിടും. അമ്മാന് രാജ്യാന്തര സ്റ്റേഡിയത്തില്‍ രാത്രി എട്ട് മണിക്കാണ് കിക്കോഫ്. അവസാന മത്സരത്തില്‍ കുവൈത്തിനെതിരെ നേടിയ വിജയം ജോര്‍ദാനെതിരെയും ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഒമാന്‍ ടീം.
മൂന്നാം ഘട്ട യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരങ്ങളില്‍ വിജയിക്കാന്‍ സാധിച്ചത് ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണെന്ന് പരിശീലകന് റശീദ് ജാബിര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്തും പുറത്തും കളിക്കുമ്പോള്‍ മാനസിക സാന്നിധ്യം വളരെ പ്രധാനമാണ്. അത് ടീമിന്റെ പ്രകടനവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും പ്ലേ ഓഫില്‍ കയറുന്നതിന് മികച്ച പ്രകടനം തുടരല്‍ അനിവാര്യമാണെന്നും പരിശീലകന് പറഞ്ഞു.
ജോര്‍ദാനെ നേരിടാന്‍ ടീം പൂര്‍ണ സജ്ജമാണെന്ന് ഒമാന്‍ താരം അലി അല്‍ ബുസൈദി പറഞ്ഞു. കഴിഞ്ഞ മത്സരം ടീമിന് ഏറെ പ്രധാനമായിരുന്നു. അതിലെ വിജയം ഇന്നും തുടരാനാകുമെന്ന് പ്രതീക്ഷിക്കുന്നു. ടീമിന് വേണ്ടി എല്ലാം സമര്‍പ്പിക്കുമെന്നും അലി അല്‍ ബുസൈദി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.