ദുബായിൽ ദീപാവലി ആഘോഷം 25 മുതൽ; ഓഫറുകളുമായി വിപണിയും ഉഷാർ
Mail This Article
ദുബായ്∙ രണ്ടാഴ്ച നീളുന്ന ദീപാവലി ആഘോഷങ്ങൾക്ക് ഒരുങ്ങി ദുബായ്. 25 മുതൽ നവംബർ 7വരെയാണ് നിറങ്ങളുടെയും വെളിച്ചത്തിന്റെയും ഉത്സവം. ദുബായ് ഫെസ്റ്റിവൽ ആൻഡ് റീട്ടെയ്ൽ എസ്റ്റാബ്ലിഷ്മെന്റിന്റെ (ഡിഎഫ്ആർഇ) നേതൃത്വത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ ദീപാവലി ഓഫറുകളും പ്രഖ്യാപിച്ചു.
സ്വർണത്തിനും ആനുകൂല്യങ്ങളുണ്ട്. പർച്ചേസുകൾക്ക് സമ്മാന പദ്ധതികളും പ്രഖ്യാപിച്ചു. സംഗീത പരിപാടികൾ, താൽക്കാലിക ഇന്ത്യൻ കടകൾ, വെടിക്കെട്ട് തുടങ്ങി വൻ ആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നു കോൺസൽ ജനറൽ സതീഷ്കുമാർ ശിവനും ഡിഎഫ്ആർഇ അസോഷ്യേറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് ഫെറാസും അറിയിച്ചു.
ദുബായ് ഇന്ത്യൻ കോൺസുലേറ്റ്, ഡിഎഫ്ആർഇ, ദുബായ് ഹോൾഡിങ്സ് എന്നിവർ ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
അൽ സീഫിലിൽ 25 മുതൽ ആഘോഷം നടക്കും. 25ന് അൽസീഫിലും 25, 26, നവംബർ 1, 2 തീയതികളിൽ ഗ്ലോബൽ വില്ലേജിലും വെടിക്കെട്ട് നടക്കും. അൽസീഫിൽ പാവകളുടെ ഘോഷയാത്ര, നാടകം, കവിതാ അവതരണം, സംഗീത പരിപാടി, സ്റ്റാൻഡ് അപ് കോമഡി, ചിത്ര രചന തുടങ്ങിയ പരിപാടികൾ നടക്കും. ഹാസ്യകലാകാരൻ രമേഷ് രംഗനാഥൻ 25നു രാത്രി കോക്കകോള അരീനയിൽ സ്റ്റാൻഡ് അപ് കോമഡി അവതരിപ്പിക്കും.
26നു ഇന്ത്യൻ ഹൈസ്കൂൾ ഷെയ്ഖ് റാഷിദ് ഓഡിറ്റോറിയത്തിലാണ് സംഗീത പരിപാടി. ജഗ്ജിത് സിങ്ങിന് ആദരമേകി സംഘടിപ്പിക്കുന്ന സംഗീത സായാഹ്നത്തിൽ തൗസീഫ് അക്തർ പാട്ടുകൾ പാടും.
സംഗീത, നാടക, നൃത്ത പരിപാടി ‘മീര’ 26ന് രാത്രി 7.30ന് ജുമൈറ പാർക്കിലെ ദുബായ് ബ്രിട്ടിഷ് സ്കൂളിൽ നടക്കും. 26ന് വൈകിട്ട് 4 മുതൽ രാത്രി 11വരെ ഇത്തിസലാത്ത് അക്കാദമിയിൽ ഇന്ത്യൻ കുടുംബ സംഗമത്തിനായി വേദി ഒരുക്കും.
വിവിധ ഇന്ത്യൻ കായിക മത്സരങ്ങൾ, നാടോടി നൃത്തം, വിവിധ വിനോദ പരിപാടികൾ ഉൾപ്പെടുത്തി ആഘോഷത്തിന്റെ സന്ധ്യയാണ് ഇവിടെ ഒരുക്കുന്നത്. നവംബർ 8നു സബീൽ തിയറ്ററിൽ അശ്വിൻ ഗിഡ്‌വാനി ബർഫ് എന്ന സിനിമ പ്രദർശിപ്പിക്കും. ആഘോഷങ്ങളുടെ ഭാഗമായി ദുബായ് ജ്വല്ലറി ഗ്രൂപ്പ് 20 മുതൽ നവംബർ 7വരെ സ്വർണാഭരണങ്ങൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. തിരഞ്ഞെടുത്ത വജ്രാഭരണങ്ങൾക്ക് 50% വരെ വിലക്കിഴിവുണ്ടാകും. പണിക്കൂലിയിലും ഇളവുകളുണ്ട്. 500 ദിർഹത്തിന് മുകളിൽ ചെലവഴിക്കുന്ന 30 ഭാഗ്യശാലികൾക്ക് 1.5 ലക്ഷം ദിർഹത്തിന്റെ സമ്മാന കൂപ്പണുകൾ ലഭിക്കും.
ദുബായ് ഷോപ്പിങ് മാൾ ഗ്രൂപ്പ് ഒരുലക്ഷം ദിർഹം വില വരുന്ന സ്വർണ സമ്മാനമാണ് പ്രഖ്യാപിച്ചത്. 21 മുതൽ നവംബർ 7 വരെ സാധനങ്ങൾ വാങ്ങുന്നവരിൽ നിന്ന് 20 പേരെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും. 200 ദിർഹത്തിന്റെ സാധനങ്ങൾ വാങ്ങുന്നവർക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം.
ദെയ്റ സിറ്റി സെന്ററിൽ നിന്ന് 300 ദിർഹത്തിൽ കുറയാതെ സാധനങ്ങൾ വാങ്ങുന്നവർക്ക് അരക്കിലോ സ്വർണം സമ്മാനമായി നേടാം.
29ന് ധൻതെരാസ് ആഘോഷത്തിന്റെ ഭാഗമായി സിറ്റി സെന്ററിലെ സ്വർണക്കടകളിൽ 5% കാഷ് ബാക്ക് ഓഫറും ലഭിക്കും. ഗ്ലോബൽ വില്ലേജിൽ 28 മുതൽ നവംബർ 3വരെ ദീപാവലി ആഘോഷങ്ങൾ നടക്കും.