‘നാണയ പ്രതിസന്ധി’; പേ പാർക്കിങ് സംവിധാനത്തിന് ഡിജിറ്റൽ പേയ്‌മെന്‍റ് നടപ്പാക്കാൻ ബഹ്റൈൻ
Mail This Article
മനാമ ∙ വാഹനങ്ങൾ നിർത്തിയിടാനുള്ള പേ പാർക്കിങ് സംവിധാനത്തിന് ഡിജിറ്റൽ പേയ്‌മെന്‍റ് സംവിധാനം പ്രാവർത്തികമാക്കാൻ ഒരുങ്ങുന്നു. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന പുതിയ സ്മാർട്ട് പാർക്കിങ് മീറ്ററുകൾ എല്ലാവര്‍ക്കും എവിടെ വച്ചും പേയ്‌മെന്‍റ് സംവിധാനത്തോടുകൂടിയുള്ളതായിരിക്കും. പഴയ മീറ്ററുകൾ ഘട്ടം ഘട്ടമായി മാറ്റി സ്‌ഥാപിക്കും.
മനാമയുടെയും റിഫയുടെയും ഭാഗങ്ങളിൽ ഇതിനോടകം തന്നെ പുതിയ മീറ്ററുകൾ സ്ഥാപിച്ചു കഴിഞ്ഞു. ഓരോ പാർക്കിങ് മീറ്ററുകളുടെ പരിധിയിൽ ഒരേ സമയം 15 കാർ പാർക്കിങ് സ്ഥലങ്ങളായിരിക്കും ഉൾക്കൊള്ളുക. ഓൺ-സ്ട്രീറ്റ് പാർക്കിങ്ങിന് 30 മിനിറ്റിന് 100 ഫിൽസ് ആണ് ഈടാക്കുന്നത്. രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെ പരമാവധി രണ്ട് മണിക്കൂർ നേരമാണ് ഇത്തരത്തിലുള്ള പെയ്‌ഡ് പാർക്കിങ്ങുകളുടെ ഒറ്റത്തവണായുള്ള സമയ പരിധി.
അനധികൃത പാർക്കിങ്ങിന് 50 ദിനാറാണ് പിഴ ഈടാക്കുക. ഏഴു ദിവസത്തിനുള്ളിൽ പിഴ അടക്കുന്നവർക്ക് ഇളവുകൾ ഉണ്ട്. പലപ്പോഴും നാണയങ്ങൾ ഉപയോഗിച്ചുള്ള പാർക്കിങ്ങിന് ആളുകൾ ബുദ്ധിമുട്ടുന്നത് ഒഴിവാക്കാനാണ് പുതിയ ഡിജിറ്റൽ സാങ്കേതിക വിദ്യ നടപ്പിലാക്കാൻ തീരുമാനിച്ചതെന്ന് പാർലമെന്റിന്റെ വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ സമിതി വൈസ് ചെയർപേഴ്‌സൺ ഡോ. മറിയം അൽ ദാൻ പറഞ്ഞു.
മനാമ, ഗുദൈബിയ, ഹൂറ, മുഹറഖ്, ഇസ ടൗൺ, റിഫ എന്നിവിടങ്ങളിൽ പോക്കറ്റുകളിലും പേഴ്‌സുകളിലും വാലറ്റുകളിലും നാണയങ്ങളുടെ അഭാവം മൂലം നിരവധി ആളുകൾ ഷോപ്പിങ് ഏരിയകൾ പോലും ബഹിഷ്‌കരിക്കുന്നതിന് കാരണമാകാറുണ്ട്. ഒന്നിലധികം ഡിജിറ്റൽ പേയ്‌മെന്‍റ് രീതികളും പേയ്‌മെന്‍റ് ആപ്പുകളും ഉപയോഗിച്ച് പണമടക്കാവുന്ന സൗകര്യമായിരിക്കും പുതിയ സംവിധാനത്തിൽ ഉണ്ടാവുക എന്നും അധികൃതർ പറഞ്ഞു.