ADVERTISEMENT

ഷാര്‍ജ ∙ സ്കൂൾ, കോളജ്  കാലത്ത് കഥയും കവിതയും എഴുതിത്തുടങ്ങി പിന്നീട് അതുപേക്ഷിക്കേണ്ടി വന്ന ഒട്ടേറെ മലയാളികൾ പ്രവാസ ലോകത്ത് വീണ്ടും സർഗാത്മക രംഗത്തേക്ക് തിരിച്ചെത്തിയിട്ടുണ്ട്. പ്രത്യേകിച്ച്, ലോകത്തെ പിടിച്ചുകുലുക്കിയ കോവിഡ്19 കാലത്ത്. ലോകം വീടുകളിൽ ഒതുങ്ങിപ്പോയ ആ കാലത്ത് എഴുത്തിലൂടെയും വായനയിലൂടെയും സമാധാനം കണ്ടെത്തിയവർ കോവിഡാനന്തരം അക്ഷരങ്ങളെ ഉപേക്ഷിച്ചില്ല. അവർക്ക് ഷാർജ രാജ്യാന്തര പുസ്തകമേള വലിയ അവസരമാണ് നൽകിവരുന്നത്. അജ്മാനിൽ താമസിക്കുന്ന എറണാകുളം സ്വദേശി സുമിന്‍ ജോയ് ഇവരിലൊരാളാണ്. ചെറുപ്പത്തിൽ കഥകളെഴുതിയിരുന്ന ഇൗ യുവതി കോവിഡ് കാലത്ത് കവിതകളിലേയ്ക്ക് തിരിഞ്ഞു. ഇപ്പോഴവ പുസ്തകരൂപത്തിലാക്കിയിരിക്കുന്നു. " പ്രണയ മുറിവുകളുടെ കടലാഴങ്ങൾ " എന്ന കവിതാ സമാഹാരത്തേക്കുറിച്ചും രചനയുടെ അനുഭവങ്ങളെക്കുറിച്ചും സുമിൻ പറയുന്നു:

എന്റെ ആദ്യത്തെ പുസ്തകം   " പ്രണയ മുറിവുകളുടെ കടലാഴങ്ങൾ " എന്ന കവിതാ സമാഹാരം   പുറത്തിറങ്ങുന്നു. ഞാൻ ഒരു തുടക്കക്കാരിയാണ്. എറണാകുളം സെൻറ് തെരേസാസ് കോളജിൽ പഠിക്കുമ്പോൾ കോളജ് മാഗസിനുകളിൽ കഥകൾ എഴുതുമായിരുന്നു. പള്ളിയുമായി ബന്ധപ്പെട്ടുള്ള ആനുകാലികങ്ങളിലും എഴുതുമായിരുന്നു.ബാല്യത്തിലേ വായിക്കാൻ ഇഷ്ടമായിരുന്നു. ഡാഡി മറ്റെല്ലാ കാര്യങ്ങളിൽ എന്നപോലെ വായനാശീലം വളർത്തുവാനും ഞങ്ങളെ ഏറെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.  

2019ൽ ലോകം മഹാമാരിയിൽ അകപ്പെട്ടു തുടങ്ങിയ നിമിഷം... ആദ്യ ലോക്ക് ഡൗണിന്റെ വിരസത അകറ്റുവാൻ സമുഹമാധ്യമത്തിൽ പരതവേയാണ് "കവിതകൾ " എന്ന കൂട്ടായ്മ ശ്രദ്ധയിൽപ്പെട്ടത്. വായിച്ചു തുടങ്ങിയപ്പോൾ ഏറെ കൗതുകം തോന്നി. അതിനുമുമ്പ് വരെ പാഠപുസ്തകത്തിലെ കവിതകൾ അല്ലാതെ മറ്റൊന്നുമായി എനിക്ക് ബന്ധം ഉണ്ടായിരുന്നില്ല. ആ കവിതാ കൂട്ടായ്മയിൽ എന്നെ ഏറെ ആകർഷിച്ചത് മനോജ് മേനോൻ എന്ന കവിയുടെ കവിതകൾ ആയിരുന്നു. 

 കവിതകളെ എങ്ങനെ സമീപിക്കണം, എഴുതണം, അവലോകനം ചെയ്യണം എന്നൊക്കെ എനിക്ക് പറഞ്ഞുതന്നു. അങ്ങനെ മഹാകവികളുടെ കവിതകൾ ഒക്കെ ഞാൻ വായിക്കുവാനും ശ്രദ്ധയോടെ അവലോകനം ചെയ്യുവാനും തുടങ്ങി.

കാലത്തിന്റെ കുത്തൊഴുക്കിൽ കവിതകൾ എഴുതണം എന്ന മോഹം മനസ്സിൽ മൊട്ടിട്ടു. അങ്ങനെ ഞാൻ ആദ്യമായി എഴുതിയ കവിതയാണ് ഈ സമാഹാരത്തിലെ ആദ്യത്തേത്. " പെരും മഴക്കാലം ". ആ കവിത കുറേയാളുകൾ വായിക്കുകയും ശ്രദ്ധ നേടുകയും ചെയ്തപ്പോൾ എഴുത്തുകൾ ഏറെപ്പേർ ഇഷ്ടപ്പെടുന്നുണ്ടെന്ന്   മനസ്സിലായി. രണ്ടാമത്തെ കവിത "കാവൽ മാലാഖ" ഇന്ത്യൻ ആർമിക്ക് വേണ്ടിയുള്ള സമർപ്പണമായിരുന്നു. അങ്ങനെ കഥകൾ മാത്രം എഴുതിയിരുന്ന ഞാൻ കവിതകളുടെ ലോകത്തേക്ക് പ്രവേശിച്ചു. 300 ലേറെ കവിതകൾ ഇതിനോടകം എഴുതി.അതിൽ എനിക്കും എന്റെ നല്ലപാതിക്കും കൂട്ടുകാർക്കും ഇഷ്ടപ്പെട്ട 140 കവിതകളാണ് ഈ സമാഹാരത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.

പ്രണയത്താൽ മുറിവേൽക്കപ്പെടാത്തതായി നമ്മളിൽ ആരാണുള്ളത്!. ആ മുറിവിന്റെ കടലാഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഒരു പിടി കവിതകൾ. ലളിതമായ ഭാഷയാണ് ഉപയോഗിച്ചിട്ടുള്ളത് ഏത് സാധാരണക്കാരൻ വായിച്ചാലും മനസ്സിലാവും വിധമുള്ള പ്രയോഗങ്ങൾ. ഞാൻ അനുഭവിച്ചിട്ടുള്ള, കേട്ടിട്ടും കണ്ടിട്ടുമുള്ള കുറച്ചു പ്രണയമുറിവുകളും  പ്രണയവും മഴയും കടലും മാതൃസ്നേഹവും പ്രകൃതിയും പിതൃസ്നേഹവും പിതൃവിയോഗവും സൗഹൃദവും ഒക്കെ അടങ്ങിയിട്ടുള്ള ഒരു കൊച്ചു കവിതാ സമാഹാരം.

 ഒലിവ് ബുക്സ് ആണ് പ്രസാധകർ. ഷാർജ രാജ്യാന്തര പുസ്തകമേളയുടെ ആദ്യ ദിവസമായ  നവംബർ ആറിന് വൈകിട്ട് 8ന്  ഏഴാം നമ്പർ ഹാളിലെ റൈറ്റേഴ്സ് ഫോറത്തിലാണ് പ്രകാശന ചടങ്ങ്.

എഴുത്തുകാർക്ക് സ്വന്തം പുസ്തകം പരിചയപ്പെടുത്താം

നവംബർ ആറിന് ആരംഭിക്കുന്ന ഷാർജ രാജ്യാന്തര പുസ്തകമേള 2024ൽ പ്രകാശനം ചെയ്യുന്ന പ്രവാസികളുടെ പുതിയ പുസ്തകങ്ങൾ പരിചയപ്പെടുത്താൻ ഇപ്രാവശ്യവും മനോരമ ഒാൺലൈൻ അവസരമൊരുക്കുന്നു.എന്താണ് പുസ്തകത്തിലൂടെ പറയാൻ ഉദ്ദേശിക്കുന്നത്, എഴുത്തിന് പിന്നിലെ അനുഭവങ്ങൾ സഹിതം 500 വാക്കുകളിൽ കുറയാതെ സ്വന്തം പുസ്തകം പരിചയപ്പെടത്താം. അതോടൊപ്പം, പുസ്തകം പ്രകാശനം ചെയ്യുന്ന തിയതി, സമയം എന്നിവയുമെഴുതാം. പുസ്തകത്തിന്റെ കവർ (jpeg ഫയൽ), രചയിതാവിന്റെ  5.8 x 4.2 സൈസിലുള്ള പടം (പാസ്പോർട് സൈസ് സ്വീകാര്യമല്ല) എന്നിവ *mynewbook.sibf@gmail.com* എന്ന മെയിലിലേയ്ക്ക് അയക്കുമല്ലോ. സബ്ജക്ടിൽ My BOOK@SIBF 2024 എന്ന് എഴുതാൻ മറക്കരുതേ. കൂടുതൽ വിവരങ്ങൾക്ക്: ഇ– മെയിൽ-  mynewbook.sibf@gmail.com ,  0567 371 376 (വാട്സാപ്)

English Summary:

Sumin Joys book at sibf

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com