മാനസികാരോഗ്യ ദിനാചരണം: തൊഴിലാളികൾക്കായി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ച് ഖത്തർ ആഭ്യന്തരമന്ത്രാലയം
Mail This Article
ദോഹ ∙ ലോക മാനസികാരോഗ്യ ദിനാചരണത്തോടനുബന്ധിച്ച്, ഖത്തർ ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച്, റാസ് ലഫാൻ കമ്മ്യൂണിറ്റി ഔട്ട്റീച്ച് പ്രോഗ്രാം മാനസികാരോഗ്യ, സുരക്ഷാ ബോധവൽക്കരണ ശിൽപശാല സംഘടിപ്പിച്ചു.
വിവിധ വിഷയങ്ങളിൽ നടന്ന ബോധവൽക്കരണ പരിപാടിയിൽ പതിനാല് കമ്പനികളിൽ നിന്നായി 900 ഓളം തൊഴിലാളികൾ പങ്കെടുത്തു. അൽ ഖോർ സ്‌പോർട്‌സ് ക്ലബിൽ നടന്ന പരിപാടിയിൽ മാനസികാരോഗ്യ മാർഗനിർദേശങ്ങൾ, തൊഴിൽ കാര്യക്ഷമതയിൽ മാനസികാരോഗ്യം ചെലുത്തുന്ന സ്വാധീനം, റോഡ് ഉപയോക്താക്കൾക്ക് മാനസികാരോഗ്യ അവബോധം, തുടങ്ങിയ വിഷയങ്ങളിലുള്ള ബോധവൽക്കരണ ക്ലാസുകളാണ് നടന്നത്.
'ദൈനംദിന ജീവിതത്തിൽ മാനസികാരോഗ്യം', 'മാനസികാരോഗ്യ വ്യായാമങ്ങൾ', 'തൊഴിലാളികൾക്കുള്ള ആരോഗ്യ ടിപ്പുകൾ തുടങ്ങിയ വിഷയങ്ങളിൽ പ്രമുഖർ സംസാരിച്ചു.
കൂടാതെ, ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം നടത്തിയ ബോധവൽക്കരണ പരിപാടിയിൽ മാനസികാരോഗ്യത്തിൽ മയക്കു മരുന്നുകൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ, ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് നടത്തിയ 'റോഡ് ഉപയോക്താക്കൾക്കുള്ള മാനസികാരോഗ്യം' എന്നീ സെഷനുകളും ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി നടന്നു.
തൊഴിലാളികൾക്കിടയിൽ അവബോധം വളർത്തുന്നതിനുമുള്ള ഇത്തരം പരിപാടികൾ ഏറെ പ്രാധാന്യമർഹിക്കുന്നതാണെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് വകുപ്പിലെ മീഡിയ സ്റ്റഡീസ് മേധാവി ഷെയ്ഖ അൽ അനൗദ് അൽ താനി പറഞ്ഞു. തൊഴിലാളികളുടെ മാനസികവും ശാരീരികവുമായ കരുത്ത് നിലനിർത്തുന്നതിൽ ഏറെ പ്രധാനമായ ഒന്നാണ് മാനസികാരോഗ്യമെന്ന് അവർ വ്യക്തമാക്കി. റാസ് ലഫാൻ കമ്മ്യൂണിറ്റി ഔട്ട്റീച്ച് പ്രോഗ്രാം മേധാവി ഷെയ്ഖ ദാനാ അൽ താനിയും പരിപാടിയിൽ സംസാരിച്ചു.