നിലവാരവും സുരക്ഷയും ഉറപ്പാക്കാൻ മുദ്ര നോക്കി പ്ലാസ്റ്റിക് വാങ്ങാം
Mail This Article
ദുബായ് ∙ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് നിലവാരമില്ലെങ്കിൽ നിയമനടപടി വരും. പ്ലാസ്റ്റിക് കുപ്പികൾ, പാത്രങ്ങൾ എന്നിവ രാജ്യാന്തര നിയമങ്ങൾ പാലിച്ച് നിർമിക്കേണ്ടത്. നിലവാരവും സുരക്ഷിതവുമല്ലാത്ത പ്ലാസ്റ്റിക് സാധനങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് എമിറേറ്റ്സ് സൊസൈറ്റി ഫോർ കൺസ്യൂമർ പ്രൊട്ടക്‌ഷൻ അറിയിച്ചു.
വെള്ളം നിറച്ച് വിതരണം ചെയ്യുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾ നിർമിക്കുന്നതിനു മാർഗനിർദേശമുണ്ട്. വിപണികളിലെ ഭൂരിഭാഗം പ്ലാസ്റ്റിക് ഉത്പന്നങ്ങളും സുരക്ഷിതമാണെങ്കിലും ആരോഗ്യത്തെ ബാധിക്കുന്നവ കണ്ടെത്തിയതായി സൊസൈറ്റി അറിയിച്ചു. ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കാൻ 1, 2, 5 എന്നീ നമ്പർ മുദ്ര ചെയ്തവ മാത്രം ഉപയോഗിക്കണം. 3,6,7 നമ്പറിൽപ്പെട്ട പത്രങ്ങൾ ഹാനികരമായ രാസവസ്തുക്കൾ അടങ്ങിയതിനാൽ ഭക്ഷണപാനീയങ്ങൾക്ക് ഉപയോഗിക്കരുത്.
ബോട്ടിൽ ഉപയോഗം കരുതലോടെ
വെള്ളം നിറച്ച ബോട്ടിലുകളിൽ ചൂടും സൂര്യപ്രകാശവും നേരിട്ടേൽക്കരുത്. കുടിവെള്ളം ഉപയോഗശൂന്യമാകും. വിതരണക്കാർ പ്ലാസ്റ്റിക് ഉപയോഗ മാർഗനിർദേശങ്ങൾ പാലിക്കുന്നതിൽ ജാഗ്രത പുലർത്തണമെന്നും സൊസൈറ്റി നിർദേശിച്ചു. ഒരിക്കൽ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കൂടുതൽ തവണ ഉപയോഗിക്കുന്നതും ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. പ്ലാസ്റ്റിക് ഉൽപന്നങ്ങൾ നിലവാരം നോക്കി തിരഞ്ഞെടുക്കാൻ ജനങ്ങൾ ശ്രദ്ധിക്കണം. സുരക്ഷിത നമ്പറുകൾ നോക്കി വാങ്ങണം.
പരിശോധന കർശനമാക്കണം
ആരോഗ്യത്തിനു ദോഷകരമായ വസ്തുക്കൾ നിർമിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഫാക്ടറികളിൽ പരിശോധന കർശനമാക്കണം. ഒപ്പം പ്ലാസ്റ്റിക് ഉൽപന്നങ്ങൾ സൂക്ഷിക്കുന്ന വെയർഹൗസുകളുടെ രീതികളും പരിശോധിക്കണം.
പ്ലാസ്റ്റിക് ഘടകങ്ങൾ വെള്ളവുമായി കലരുമ്പോഴാണ് മലിനമാവുകയും ആരോഗ്യത്തെ സാരമായി ബാധിക്കുകയും ചെയ്യുന്നത്. പ്ലാസ്റ്റിക് ബാഗുകൾ ഭക്ഷ്യ സംഭരണവുമായി ബന്ധമില്ലാത്ത ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതാണ് ഉചിതം.
സുരക്ഷിത പ്ലാസ്റ്റിക് തിരിച്ചറിയാൻ
(PETE 1), (HDPE 2) എന്നിങ്ങനെ പതിപ്പിച്ച പ്ലാസ്റ്റിക് സുരക്ഷിതവും പുനരുപയോഗ യോഗ്യവുമാണ്. (V3) പ്ലാസ്റ്റിക് ഹാനികരവും വിഷലിപ്തവുമാണ്. അതേസമയം (LDPE 4) പ്ലാസ്റ്റിക് താരതമ്യേന സുരക്ഷിതമാണ്. (PP 5) പ്ലാസ്റ്റിക് മികച്ചതും സുരക്ഷിതവുമാണ്. പ്ലാസ്റ്റിക് വേർതിരിച്ചറിയാനും തരംതിരിക്കാനും ജനങ്ങൾക്കു പ്രത്യേക ബോധവൽക്കരണം നൽകണമെന്നും സൊസൈറ്റി വിലയിരുത്തി.