വിദേശ തൊഴിൽ തട്ടിപ്പ് തടയാൻ പ്രത്യേക സൈബർ സെൽ
Mail This Article
തിരുവനന്തപുരം ∙ വിദേശ തൊഴിൽതട്ടിപ്പ് തടയാൻ സർക്കാർ പ്രത്യേക സൈബർ സെൽ വിഭാഗം രൂപീകരിക്കും. കേരള പൊലീസിലെ എൻആർഐ സെല്ലിന്റെ ഭാഗമായി ഇതു പ്രവർത്തിക്കും. നിയമവിരുദ്ധ റിക്രൂട്‌മെന്റ് ഏജൻസികളെ പിടികൂടുന്നതിൽ പൊലീസ്, നിയമവിദഗ്ധർ, നോർക്ക റൂട്സ് എന്നിവരുൾപ്പെടെയുള്ള പ്രത്യേക ടാസ്‌ക് ഫോഴ്‌സും പ്രവർത്തിക്കും.
ഉദ്യോഗാർഥികളെയും വിദ്യാർഥികളെയും വിദേശത്തേക്കു റിക്രൂട്ട് ചെയ്യുന്ന ഏജൻസികളെ നിയന്ത്രിക്കുന്നതിനായി പ്രത്യേക നിയമ നിർമാണം നടത്തുന്നതിന്റെ സാധ്യതകൾ ആരായാൻ നിയമവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. റിക്രൂട്‌മെന്റുമായി ബന്ധപ്പെട്ട സംശയാസ്പദമായ ഇടപാടുകൾ റിപ്പോർട്ട് ചെയ്യാൻ ബാങ്കുകളോടു നിർദേശിച്ചിട്ടുണ്ട്. വിദേശ തൊഴിൽതട്ടിപ്പുകൾ വർധിക്കുന്നതിന് എതിരെ പ്രവാസി ലീഗൽ സെൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി നൽകിയ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണു നടപടി.