ഇറാന്‍ കപ്പലപകടം: അമല്‍ എവിടെ?; ഉള്ളുപിടയുന്ന വേദനയോടെ കുടുംബം കാത്തിരിക്കുന്നു
Mail This Article
കുവൈത്ത് സിറ്റി ∙ കപ്പലപകടത്തെത്തുടര്‍ന്ന് കാണാതായ മകന്‍ അമലിനെ കഴിഞ്ഞ അന്‍പതു ദിവസമായി കാത്തിരിക്കുന്ന ഒരു കുടുംബം. ഓരോ ഫോണ്‍വിളി വരുമ്പോഴും അത് തന്റെ മകനായിരിക്കുമെന്ന പ്രതീക്ഷയോടെയാണ് ആ കുടുംബം ഫോണെടുക്കുന്നത്. തന്റെ മകന് ഒന്നും സംഭവിക്കുകയില്ലെന്നും അവന്‍ തിരിച്ചുവരുമെന്നുമുള്ള ശുഭാപ്തി വിശ്വാസത്തിലാണ് കണ്ണൂര്‍ ആലക്കോട് വെള്ളാട് കാവുംക്കുടി കോട്ടയില്‍ സുരേഷ് കുമാരനും കുടുംബവും.
കുവൈത്ത് സമുദ്രാതിര്‍ത്തിയില്‍ കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിനാണ് ഇറാന്‍ ചരക്ക്കപ്പലായ അറബ്ക്തര്‍ 1 അപകടത്തിൽപ്പെട്ടത്. മൂന്ന് ഇന്ത്യക്കാരും മൂന്ന് ഇറാന്‍ സ്വദേശികളുമായിരുന്നു കപ്പലിലെ ജീവനക്കാര്‍. ഡെക്ക് ഓപ്പറേറ്റര്‍മാരായ രണ്ട് മലയാളികളും ഒരു പശ്ചിമബംഗാള്‍ സ്വദേശിയുമായിരുന്നു ഇന്ത്യാക്കാര്‍. അപകടത്തെത്തുടര്‍ന്ന് സമീപ ദിവസങ്ങളിലായി കുവൈത്ത് നാവിക-തീരദേശ സേനകള്‍ നടത്തിയ തിരച്ചിലില്‍ നാലു മൃതദേഹങ്ങള്‍ ലഭിച്ചു. കുവൈത്തിലെ സബ്ഹാന്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹങ്ങളില്‍ തൃശൂര്‍ മണലൂര്‍ സ്വദേശി വിളക്കേത്ത് ഹരിദാസന്റെ മകന്‍ ഹനീഷിന്റെയും, കൊല്‍ക്കത്ത സ്വദേശിയുടെ മൃതദേഹവും ഡിഎന്‍എ പരിശോധനയില്‍ തിരിച്ചറിഞ്ഞു. തുടര്‍ന്ന് ഈ മൃതദേഹങ്ങള്‍ ഈ മാസം നാലിന് നാട്ടിലേക്ക് അയച്ചു. തിരിച്ചറിയാത്ത മറ്റ് മൃതദേഹത്തിന്റെ ഡിഎന്‍എ പരിശോധന നടത്തി. അമലിന്റെ മാതാപിതാക്കളുടെ ഡിഎന്‍എ സാമ്പിളുകളും നോര്‍ക്ക വഴി കുവൈത്ത് ഇന്ത്യന്‍ എംബസിക്ക് എത്തിച്ചിരുന്നു. അത് കുവൈത്തിലുള്ള മൃതദേഹവുമായി ഒത്തുനോക്കിയെങ്കിലും, അമലിന്റേത് അല്ലെന്ന് എംബസിയില്‍നിന്ന് കഴിഞ്ഞ സെപ്റ്റംബര്‍ 26-ന് സുരേഷിനോട് പറഞ്ഞു. എന്നാല്‍ പിന്നീട് ഒരു വിവരവും എംബസിയില്‍നിന്ന് ലഭിച്ചിട്ടില്ല.
∙കപ്പല്‍ കമ്പനിയിൽ നിന്ന് ഒരു രൂപ പോലും ശമ്പളയിനത്തില്‍ ലഭിച്ചിട്ടില്ല
2024 ജനുവരി 21-നാണ് എര്‍ത്ത് ഓഷ്യന്‍ എന്ന മുംബൈ ഏജന്‍സി വഴി 26 കാരനായ അമല്‍ ഇറാന്‍ കപ്പലില്‍ കരാറടിസ്ഥാനത്തില്‍ ജോലിക്ക് കയറിയത്. ഒൻപത് മാസത്തേക്കായിരുന്നു കരാര്‍. കരാര്‍ അവസാനിക്കുന്നത് ഒക്ടോബര്‍ 21-നാണ്. എന്നാല്‍ ഇതുവരെയും കമ്പനിയില്‍നിന്ന് ഒരു രൂപപോലും ശമ്പളയിനത്തില്‍ ലഭിച്ചിട്ടില്ലെന്ന് പിതാവ് സുരേഷ് പറയുന്നു. കഴിഞ്ഞമാസം ആദ്യം മുംബൈ ഏജന്‍സിയില്‍ നിന്ന് അമലിന്റെ പെന്‍ഡിങ് സാലറി നല്‍കാനായി സുരേഷിന്റെ ബാങ്ക് അക്കൗണ്ട് ചോദിച്ച് ഇമെയില്‍ സന്ദേശം വന്നിരുന്നു. അക്കൗണ്ട് നമ്പരും മറ്റ് വിവരങ്ങളും അയച്ചുകൊടുത്തെങ്കിലും ഒരു നടപടിയുണ്ടായിട്ടില്ല.മുംബൈയിലെ ഏജന്‍സിക്ക് നാല് ലക്ഷം രൂപ നല്‍കിയാണ് അമല്‍ ജോലിയില്‍ പ്രവേശിച്ചത്.
∙അമല്‍ ജീവിച്ചിരിക്കുന്നുവെന്ന് പ്രതീക്ഷ: പിതാവ് സുരേഷ്
പ്രധാനമന്ത്രി, പ്രതിപക്ഷനേതാവ്, ക്രേന്ദമന്ത്രിമാര്‍, മുഖ്യമന്ത്രി, പാര്‍ലമെന്റ് അംഗങ്ങള്‍ തുടങ്ങിയവരെയെല്ലാം അമലിനെ കാണാനില്ലെന്നും കണ്ടെത്താന്‍ സഹായിക്കണമെന്നും അഭ്യര്‍ഥിച്ച് ബന്ധപ്പെട്ടെങ്കിലും ഒരു വിവരവും ലഭിച്ചില്ലെന്ന് സുരേഷ് മനോരമ ഓണ്‍ലൈനോട് പറഞ്ഞു. കാണാതായ തന്റെ മകന്‍ അമലിനെകുറിച്ചുള്ള വിവരങ്ങള്‍ക്ക് ഇനി ആരെ ബന്ധപ്പെടണമെന്ന് അറിയാത്ത അവസ്ഥയിലാണ് സുരേഷും കുടുംബവും. 26 വര്‍ഷമായി ഓട്ടോറിക്ഷ ഓടിച്ചാണ് സുരേഷ് കുടുംബം പുലര്‍ത്തുന്നത്. കുടുംബത്തിന്റെ സാമ്പത്തിക പരാധീനതകള്‍ മാറ്റുന്നതിനാണ് അമല്‍ കപ്പലില്‍ ജോലിക്കായി പോയത്. തന്റെ മകന്‍ ജീവനോടെ ഉണ്ടെന്നുള്ള സുരേഷിന്റെ വിശ്വാസത്തേടടെപ്പം, ഉള്ളു പിടയുന്ന ആധിയോടെ അമ്മ ഉഷയും സഹോദരി അല്‍ഷയും അമലിന്റെ വരവ് കാത്തിരിക്കുകയാണ്.