പുട്ടിൻ സംഘടിപ്പിച്ച അത്താഴ വിരുന്നിൽ പങ്കെടുത്ത് യുഎഇ പ്രസിഡന്റ്
Mail This Article
അബുദാബി / മോസ്‌കോ ∙ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ സംഘടിപ്പിച്ച അത്താഴ വിരുന്നിൽ യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പങ്കെടുത്തു. ഇരുനേതാക്കളും തമ്മിലുള്ള സൗഹൃദ സംഭാഷണത്തിൽ യുഎഇ-റഷ്യ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് ഷെയ്ഖ് മുഹമ്മദ് നന്ദി പറഞ്ഞു. ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും തന്ത്രപരമായ പങ്കാളിത്തത്തിലേയ്ക്ക് മുന്നേറുന്നതിനുമുള്ള യുഎഇ പ്രസിഡൻ്റിൻ്റെ ശ്രമങ്ങളെ പ്രശംസിച്ച പുട്ടിൻ ഷെയ്ഖ് മുഹമ്മദിൻ്റെ സന്ദർശനത്തെ സ്വാഗതം ചെയ്തു.
ഇന്നലെയാണ് ഷെയ്ഖ് മുഹമ്മദ് ഔദ്യോഗിക സന്ദർശനത്തിനായി റഷ്യയിലെത്തിയത്. മോസ്‌കോയിലെ വ്നുക്കോവോ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, പ്രസിഡൻഷ്യൽ കോർട്ട് ഫോർ സ്‌പെഷ്യൽ അഫയേഴ്‌സ് ഡെപ്യൂട്ടി ചെയർമാൻ, പ്രസിഡൻഷ്യൽ കോടതിയിലെ പ്രത്യേക കാര്യ ഉപദേഷ്ടാവ്, ദേശീയ സുരക്ഷയ്ക്കായുള്ള സുപ്രീം കൗൺസിൽ സെക്രട്ടറി ജനറൽ അലി ബിൻ ഹമ്മദ് അൽ ഷംസി, വ്യവസായ, നൂതന സാങ്കേതിക മന്ത്രി ഡോ. സുൽത്താൻ ബിൻ അഹമ്മദ് അൽ ജാബർ, വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി, യുഎഇ പ്രസിഡൻ്റിൻ്റെ സ്ട്രാറ്റജിക് റിസർച്ച് ആൻഡ് അഡ്വാൻസ്ഡ് ടെക്നോളജി അഫയേഴ്‌സ് ഫൈസൽ അബ്ദുൽ അസീസ് മുഹമ്മദ് അൽ ബന്നായി, എക്സിക്യൂട്ടീവ് അഫയേഴ്സ് അതോറിറ്റി ചെയർമാൻ ഖൽദൂൻ ഖലീഫ അൽ മുബാറക്, ഈഗിൾ ഹിൽസ് ചെയർമാൻ മുഹമ്മദ് അൽ അബ്ബാർ, റഷ്യൻ ഫെഡറേഷനിലെ യുഎഇ അംബാസഡർ ഡോ. മുഹമ്മദ് അഹമ്മദ് ബിൻ സുൽത്താൻ അൽ ജാബർ എന്നിവരുൾപ്പെടെയുള്ള സംഘമാണ് സന്ദർശന വേളയിൽ അദ്ദേഹത്തെ അനുഗമിച്ചത്.