ADVERTISEMENT

ദോഹ ∙ രാജ്യത്തെ സ്വകാരമേഖലയിലെ സ്വദേശിവൽക്കരണവുമായി ബന്ധപ്പെട്ട പുതിയ നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കടുത്ത ശിക്ഷ ഉറപ്പുവരുത്തുന്ന വ്യവസ്ഥകൾ അടങ്ങുന്നതാണ് പുതിയ നിയമം. നിയമലംഘനം കണ്ടെത്തിയാൽ മൂന്നുവർഷം വരെ തടവും 10 ലക്ഷം റിയാൽ പിഴയും ഒന്നിച്ചോ അല്ലെങ്കിൽ ഇവയിൽ ഏതെങ്കിലുമൊരു ശിക്ഷയോ ലഭിക്കും. നീതിന്യായ മന്ത്രാലയം കഴിഞ്ഞ ദിവസം  പുറത്തിറക്കിയ  ഗസറ്റിലാണ് നിയമം  ​പ്രസിദ്ധീകരിച്ചത്.

ഖത്തറിലെ സ്വകാര്യമേഖലയിൽ സ്വദേശികളുടെ തൊഴിൽ സാന്നിധ്യം വർധിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ്  ഖത്തർ അമീർ സ്വദേശിവൽക്കരണവുമായി ബന്ധപ്പെട്ട നിയമത്തിന് അംഗീകാരം നൽകിയത്. 12/2024 നിയമം ഗസറ്റിൽ പ്രസിദ്ധീകരിച്ച് ആറുമാസം പൂർത്തിയാകുന്നതോടെ സ്വകാര്യ മേഖലയിലെ സ്വദേശിവൽക്കരണവുമായി ബന്ധപ്പെട്ട നിയമം രാജ്യത്ത് നടപ്പിലാവും.

നിയമലംഘകകർക്കുള്ള ശിക്ഷയുമായി ബന്ധപ്പെട്ട വ്യവസ്ഥ പുതിയ നിയമത്തിലെ 11,12 വകുപ്പിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു നിയമലംഘനം കണ്ടെത്തിയാൽ അത് ശരിയാക്കാനുള്ള മുന്നറിയിപ്പ് സ്ഥാപനത്തിന്ന് നൽകുകയും മൂന്നു മാസത്തിൽ കൂടാത്ത കാലയളവിലേക്ക് തൊഴിൽ മന്ത്രാലയവുമായുള്ള സ്ഥാപനത്തിന്റെ എല്ലാവിധ ഇടപാടുകളും മരവിപ്പിക്കുകയും ചെയ്യും. ഈ നിയമലംഘനത്തിന്റെ പേരിൽ ചെറിയ പിഴ ഈടാക്കുകയും ചെയ്യും.

എന്നാൽ സ്ഥാപനത്തിലെ തൊഴിലാളികളുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങളോ കണക്കുകളോ നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ  ആർട്ടിക്കിൾ 12 അനുസരിച്ച്  കടുത്ത ശിക്ഷയാണ് ലഭിക്കുക. തെറ്റായ വിവരങ്ങൾ നൽകി സ്വദേശിവൽക്കരണത്തിൽ നിന്ന് പിന്തിരിയുന്ന സ്ഥാപനങ്ങൾക്ക് മൂന്നുവർഷത്തിൽ കൂടാത്ത തടവും 10 ലക്ഷം റിയാൽ പിഴയും ഒന്നിച്ചോ അല്ലെങ്കിൽ ഇതിൽ ഏതെങ്കിലും ഒന്നോ ശിക്ഷയായി ലഭിക്കും. സ്വദേശികൾക്കായി നീക്കി വയ്ക്കേണ്ട പോസ്റ്റുകൾ  മറ്റു വിഭാഗത്തിലേക്ക് മാറ്റുക, സ്ഥാപനത്തിലെ തൊഴിലവസരങ്ങൾ അതത് സമയങ്ങളിൽ അറിയിക്കാതിരിക്കുക തുടങ്ങിയ നടപടികൾ കടുത്ത ശിക്ഷ ലഭിക്കുന്ന നിയമലംഘനങ്ങളായിട്ടാണ് പുതിയ നിയമം പരിഗണിക്കുന്നത്.

സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളിലും കമ്പനികളിലും സ്വദേശികളായ തൊഴിലാളികളുടെ പങ്കാളിത്തം ഫലപ്രദമായും ഗണ്യമായും വർധിപ്പിക്കുക  എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമം നിലവിൽ വന്നത്. ഖത്തരികൾക്കും ഖത്തരി  വനിതകളുടെ കുട്ടികൾക്കുമാണ് സ്വകാര്യമേഖലയിലെ സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി പുതിയ തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുക.

വ്യക്തികളുടെ ഉടമസ്ഥതയിൽ വാണിജ്യ റജിസ്‌ട്രേഷനുള്ള സ്ഥാപനങ്ങൾ, രാജ്യത്ത് പ്രവർത്തിക്കുന്ന സർക്കാർ ഉടമസ്ഥതയിലെ സ്ഥാപനങ്ങൾ, സർക്കാരും സ്വകര്യ സ്ഥാപനങ്ങളും ചേർന്ന്  നടത്തുന്ന സ്ഥാപനങ്ങൾ, സ്വകാര്യ ഉടമസ്ഥതയിലുള്ള കമ്പനികൾ, ലാഭം ലക്ഷ്യമില്ലാതെ പ്രവർത്തിക്കുന്ന ചാരിറ്റി സ്ഥാപനങ്ങൾ, കായിക സ്ഥാപനങ്ങൾ, അസോസിയേഷനുകൾ തുടങ്ങിയ മേഖലയിലാണ് പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ സ്വദേശിവൽക്കരണം നടപ്പിലാക്കേണ്ടത്.  

English Summary:

Hefty fines, prison sentence for violating private sector jobs localisation law.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com