പൊതുഗതാഗത ദിനം നവംബർ ഒന്നിന്; യാത്രക്കാർക്ക് മത്സരങ്ങളും വിനോദ പരിപാടികളും ഒരുക്കി ആർടിഎ
Mail This Article
ദുബായ് ∙ പൊതുഗതാഗത സൗകര്യങ്ങളുടെ പ്രചാരണാർഥം ആർടിഎ സംഘടിപ്പിക്കുന്ന പരിപാടികൾ 28ന് ആരംഭിക്കും. നവംബർ ഒന്നിനാണ് പൊതുഗതാഗത ദിനം. നിങ്ങളുടെ നന്മയ്ക്ക്, നാടിന്റെ മേന്മയ്ക്ക് എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം. സാമൂഹിക, സാമ്പത്തിക, വൈകാരിക, ബൗദ്ധിക, പരിസ്ഥിതിക ആരോഗ്യം എന്നതാണ് പൊതുഗതാഗത ദിനാചരണത്തിലൂടെ ആർടിഎ ലക്ഷ്യമിടുന്നത്.
പൊതുഗതാഗത ദിവസം യാത്രക്കാർക്കായി വിവിധ മത്സരങ്ങളും വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്. ഇതുവഴി കൂടുതൽ പേരെ പൊതുഗതാഗതത്തിലേക്ക് ആകർഷിക്കും. പൊതുഗതാഗത കേന്ദ്രങ്ങളിലെത്താൻ സൈക്കിൾ, ഇ– സ്കൂട്ടർ പോലുള്ള വാഹനങ്ങൾ ഉപയോഗിക്കണമെന്ന സന്ദേശവും ജനങ്ങളുമായി പങ്കുവയ്ക്കുമെന്ന് ആർടിഎ കോർപറേറ്റ് അഡ്മിനിസ്ട്രേറ്റിവ് സിഇഒ അബ്ദുല്ല യൂസഫ അൽ അലി പറഞ്ഞു. പൊതുഗതാഗതം ഉപയോഗിക്കുന്നവരിൽ നിന്ന് പബ്ലിക് ട്രാൻസ്പോർട്ട് ചാംപ്യന്മാരെയും ആർടിഎ തിരഞ്ഞെടുക്കും. 6 വിഭാഗങ്ങളിൽ നിന്ന് 3 പേരെ വീതമാണ് തിരഞ്ഞെടുക്കുന്നത്.
∙ കാറ്റഗറി: 1. 2009ൽ ആദ്യമായി പൊതുഗതാഗത ദിനം ആചരിച്ചതു മുതൽ നവംബർ ഒന്നുവരെ പൊതുഗതാഗതം ഉപയോഗിക്കുന്നവർ,
∙ ഈ വർഷത്തെ പൊതുഗതാഗത വാരാചരണത്തിൽ ഏറ്റവും കൂടുതൽ തവണ പൊതുഗതാഗതം ഉപയോഗിക്കുന്നവർ.
∙ ഏറ്റവും കൂടുതൽ പൊതുഗതാഗതം ഉപയോഗിക്കുന്ന ആർടിഎ ജീവനക്കാർ.
∙ ഏറ്റവും കൂടുതൽ പൊതുഗതാഗതം ആശ്രയിക്കുന്ന ഭിന്നശേഷിക്കാർ.
∙ മുതിർന്ന പൗരന്മാർ. 6. വിദ്യാർഥികൾ. ആദ്യ സ്ഥാനക്കാർക്ക് 10 ലക്ഷം നോൽ പോയിന്റും രണ്ടാം സ്ഥാനക്കാർക്ക് 5 ലക്ഷം നോൽ പോയിന്റും മൂന്നാം സ്ഥാനക്കാർക്ക് രണ്ടര ലക്ഷം നോൽ പോയിന്റും ലഭിക്കും. വിജയികളെ ആദരിക്കാൻ പ്രത്യേക സമ്മേളനവും വിളിക്കും.
∙ മിസ്റ്റീരിയസ് മാൻ ചാലഞ്ചും ഈ വർഷം നടത്തും. 30 മുതൽ നവംബർ ഒന്നുവരെ മെട്രോ സ്റ്റേഷനുകളിൽ മിസ്റ്റീരിയസ് മനുഷ്യനെ തേടാം. ഓരോ ദിവസവും വിജയികളെ കാത്തിരിക്കുന്നത് 10000 ദിർഹമാണ്. നവംബർ ഒന്നിലെ വിജയിക്ക് 10000 ദിർഹത്തിനൊപ്പം 50 ഗ്രാം സ്വർണവും സമ്മാനമായി ലഭിക്കും.