ദുബായിലെ ഏറ്റവും ജനപ്രിയമായ മൂന്ന് മാളുകളിൽ ഇനി പാർക്കിങ്ങിന് ഫീസ് നൽകണം
Mail This Article
ദുബായ് ∙ അടുത്ത വർഷം ജനുവരി ഒന്ന് മുതൽ ദുബായിലെ ഏറ്റവും ജനപ്രിയമായ മൂന്ന് മാളുകളിൽ പാർക്കിങ്ങിന് നിരക്ക് ഏർപ്പെടുത്തുന്നു. മാൾ ഓഫ് ദി എമിറേറ്റ്സ്, ദെയ്റ സിറ്റി സെന്റർ, മിർദിഫ് സിറ്റി സെന്റർ എന്നീ മാളുകളിലാണ് പാർക്കിങ്ങിന് തുക നൽകേണ്ടിവരിക.
ദുബായിലെ പാർക്കിങ് കൈകാര്യം ചെയ്യുന്ന പാർക്കിൻ കമ്പനി, മാളുകളുടെ ഉടമസ്ഥരായ മാജിദ് അൽ ഫുത്തൈമുമായി സഹകരിച്ചാണ് ഇത് നടപ്പാക്കുന്നത്. മാളിലേയ്ക്ക് പ്രവേശിക്കുമ്പോഴും പുറത്തുകടക്കുമ്പോഴും ഗേറ്റുകളിൽ വാഹനം നിർത്തേണ്ടതില്ല. അത്യാധുനിക ക്യാമറകളുടെ സഹായത്തോടെ വാഹനത്തിന്റെ പ്ലേറ്റ്, തങ്ങിയ സമയം തുടങ്ങിയവ കണക്കാക്കി തുക സംബന്ധിച്ച് സന്ദേശം വാഹനമുടമയ്ക്ക് ലഭിക്കും. എസ്എംഎസ് ആയോ ആപ്പ് വഴിയോ ആണ് അറിയിപ്പ് ലഭിക്കുക. ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ തുക നൽകാം. ആദ്യ അഞ്ച് വർഷത്തേയ്ക്ക് പാർക്കിങ് നിരക്കിൽ മാറ്റമുണ്ടാവില്ലെന്ന് അധികൃതർ അറിയിച്ചു.
മൂന്ന് മാളുകളിലായി അകെ 21,000 പാർക്കിങ്ങ് ഇടങ്ങളാണ് ഉള്ളത്. പുതിയ പാർക്കിങ് സംവിധാനം വഴി തിരക്ക് ഒഴിവാക്കാനും ഉപയോക്തൃ സംതൃപ്തി വർധിപ്പിക്കാനും സാധിക്കുമെന്ന് പാർക്കിൻ സിഇഒ മുഹമ്മദ് അബ്ദുല്ല അൽ അലി പറഞ്ഞു. ദുബായ് മാളിന്റെ ചില മേഖലകളിൽ സമാനമായ പാർക്കിങ് രീതി നിലവിലുണ്ടെങ്കിലും തുക സാലിക് അക്കൗണ്ടിൽ നിന്നാണ് ഈടാക്കുന്നത്.