ആരോഗ്യ സേവനം: ലോകബാങ്കുമായി സഹകരിക്കാൻ യുഎഇ
Mail This Article
അബുദാബി ∙ ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്താൻ ലോകബാങ്കുമായി കൈകോർത്ത് യുഎഇ. രോഗങ്ങളെക്കുറിച്ചും ചികിത്സാ ചെലവിനെക്കുറിച്ചുമുള്ള പഠനം ഭാവിതലമുറകൾക്ക് മികച്ച സേവനങ്ങൾ നൽകാൻ സഹായിക്കുമെന്ന് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ചികിത്സാച്ചെലവ് എന്ന വിഷയത്തിലെ പഠനം ഭാവിയിൽ സേവന രംഗങ്ങളിൽ സമഗ്ര മാറ്റത്തിന് തുടക്കമിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ രോഗങ്ങൾ, ചികിത്സാ ചെലവ്, ഫലപ്രാപ്തി, ചികിത്സിച്ചില്ലെങ്കിലുള്ള ഭവിഷ്യത്തുകൾ എന്നിവയെല്ലാം പഠനവിധേയമാക്കും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ആരോഗ്യരംഗത്ത് പുതിയ നടപടി സ്വീകരിക്കുകയെന്നും മന്ത്രാലയം വിശദീകരിച്ചു.
രോഗങ്ങൾ മൂലം വ്യക്തികൾ നേരിടേണ്ടിവരുന്ന സാമ്പത്തിക ആഘാതവും വിലയിരുത്തും. സർക്കാർ ആരോഗ്യ സംരക്ഷണ ധനസഹായത്തിന് ഈ റിപ്പോർട്ട് സഹായകമാകും. ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ആരോഗ്യ നിയന്ത്രണ വിഭാഗം അസി. അണ്ടർ സെക്രട്ടറി ഡോ. അമീൻ ഹുസൈൻ അൽ അമീരി, ലോകബാങ്ക് ജിസിസി കൺട്രി ഡയറക്ടർ സഫ അൽ തയ്യിബ് അൽ കൊഗാലി എന്നിവർ ഒപ്പുവച്ചു. ആരോഗ്യസംരക്ഷണം വർധിപ്പിക്കാനുള്ള യുഎഇയുടെ എല്ലാ ശ്രമങ്ങളെയും പിന്തുണയ്ക്കാൻ ലോക ബാങ്ക് ഗ്രൂപ്പ് പ്രതിജ്ഞാബദ്ധമാണെന്ന് സഫ എൽ തയ്യിബ് എൽ കോഗാലി പറഞ്ഞു.