വിനോദ സഞ്ചാരികളുടെ മനം കവർന്ന് വാദി ലജബ്
Mail This Article
ജിസാൻ ∙ സൗദി അറേബ്യയിലെ ജിസാൻ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന വാദി ലജബ് രാജ്യത്തെ ഏറ്റവും മനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു. അതിമനോഹരമായ ബീച്ചുകൾ, ദ്വീപുകൾ, ഇടതൂർന്ന പച്ചപ്പും വൈവിധ്യമാർന്ന സസ്യജാലങ്ങളും, ഉയർന്ന പർവതങ്ങളും ഇവിടത്തെ പ്രകൃതിഭംഗിയെ വർധിപ്പിക്കുന്നു.
ജിസാൻ നഗരത്തിൽ നിന്ന് വടക്ക് 150 കിലോമീറ്റർ അകലെയുള്ള അൽ-റൈത്ത് ഗവർണറേറ്റിലാണ് വാദി ലജബ് സ്ഥിതി ചെയ്യുന്നത്. ഇതിന്‍റെ ഭാഗമായ അൽ ഖർ പർവതം ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള പുരാതന ജീവിതത്തിന്‍റെ അടയാളങ്ങളും പുരാവസ്തുക്കളും സൂക്ഷിക്കുന്നു. ഇത് പർവതാരോഹകർക്കും പുരാവസ്തു ഗവേഷകർക്കും ഇഷ്ടമുള്ള ഇടമാണ്.
വാദി ലജബ് രാജ്യത്തെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് ആകർഷണങ്ങളിലൊന്നായി മാറിയത് അതിന്‍റെ എളുപ്പത്തിലുള്ള പ്രാപ്യതയും വർഷം മുഴുവനും ആകർഷകമായ കാലാവസ്ഥയും കാരണമാണ്. അൽ ഖർ പർവതത്തിന്‍റെ കിഴക്കുഭാഗത്തുള്ള ഒരു പാതയിലൂടെയാണ് താഴ്വരയിലേക്ക് എത്തുന്നത്. ഒഴുകുന്ന വെള്ളച്ചാട്ടങ്ങൾ, ശുദ്ധജല കുളങ്ങൾ, ഈന്തപ്പനകൾ, പൂന്തോട്ടങ്ങൾ എന്നിവയാൽ സമ്പന്നമായ ഈ താഴ്വര പ്രകൃതിയുടെ അനുഗ്രഹമാണ്.
സുസ്ഥിര പാരിസ്ഥിതിക വികസനത്തിനും സൗദി ഗ്രീൻ ഇനിഷ്യേറ്റീവിന്‍റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും സംഭാവന നൽകുന്ന ആഗോള ജിയോളജിക്കൽ പാർക്കുകളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് നിലവിൽ വികസന പദ്ധതികൾക്ക് സാക്ഷ്യം വഹിക്കുകയാണിവിടം.