ദുബായിയുടെ ‘മാതൃകാ മുഖമായി’ മാറാം; പ്രവാസികൾക്കും അവസരം, ആനുകൂല്യങ്ങളുമായി ജിഡിആർഎഫ്എ
Mail This Article
ദുബായ് ∙ ദുബായിലെ താമസവീസക്കാർക്കും സ്വദേശികള്‍ക്കുമായി പുതിയ ക്യാംപെയ്ന്‍ ആരംഭിക്കാന്‍ ജിഡിആർഎഫ്എ. കഴിഞ്ഞ 10 വർഷമായി താമസ വീസ ലംഘനം നടത്താത്ത ദുബായ് വീസക്കാർക്കും സ്വദേശി സ്പോണ്‍സർമാർക്കുമായാണ് പുതിയ ക്യാംപെയ്ന്‍. നവംബർ ഒന്നു മുതലാണ് ദി ഐഡിയല്‍ ഫേസ് ക്യാംപെയ്ന്‍ ആരംഭിക്കുക. വീസ നിയമലംഘനം നടത്താതെ രേഖകള്‍ കൃത്യമായി പുതുക്കുന്ന വ്യക്തികളെ ആദരിക്കുകയെന്നുളളതാണ് ക്യാംപെയ്നിലൂടെ ലക്ഷ്യമിടുന്നത്.
ആമർ സെന്‍ററുകളിലെ ഫാസ്റ്റ് ട്രാക്കിങ് വീസ പ്രക്രിയകള്‍, ആമർ കോള്‍ സെന്‍റർ അപേക്ഷകളില്‍ മുന്‍ഗണന, പ്രായമായവർക്ക് വീട്ടിലെത്തി വീസ നടപടികള്‍ പൂർത്തിയാക്കുന്ന സേവനങ്ങള്‍ക്ക് പ്രത്യേക പരിഗണന തുടങ്ങിയവ ദി ഐഡിയല്‍ ഫേസാകുന്ന വ്യക്തികള്‍ക്ക് ജിഡിആർഎഫ്എ നല്‍കുന്ന ആനുകൂല്യങ്ങളില്‍ ഉള്‍പ്പെടും.
ആർക്കൊക്കെ അപേക്ഷിക്കാം
1. യുഎഇ പൗരനായിരിക്കണം, അല്ലെങ്കില്‍ ദുബായ് താമസ വീസയുണ്ടായിരിക്കണം.
2. ദുബായില്‍ കഴിഞ്ഞ 10 വർഷമായി താമസിക്കുന്നവരായിരിക്കണം.
3. ഒന്നിലധികം പേരെ സ്പോണ്‍സർ ചെയ്യുന്നയാളായിരിക്കണം, കഴിഞ്ഞ 10 വർഷം കൃത്യസമയത്ത് താമസ വീസ പുതുക്കിയിരിക്കണം.
4. സ്പോണ്‍സർക്ക് നടപ്പുവർഷത്തില്‍ ഒരു തരത്തിലുമുളള താമസ വീസ ലംഘനവും പാടില്ല.
എങ്ങനെ അപേക്ഷിക്കാം
ജിഡിആർഎഫ് വെബ്സൈറ്റിലൂടെയാണ് അപേക്ഷ നല്‍കേണ്ടത്. വെബ്സൈറ്റിലൂടെ ഒബ്ലിഗേഷന്‍ സർട്ടിഫിക്കറ്റ് സമർപ്പിക്കണം. രേഖകള്‍ പരിശോധിച്ച് ഡിജിറ്റലായി ഐഡിയല്‍ ഫേസ് സർട്ടിഫിക്കറ്റ് ലഭിക്കും. ആദ്യഘട്ടത്തിൽ വ്യക്തികൾക്ക് മാത്രമാണ് ഈ പ്രത്യേകാവകാശങ്ങൾ ലഭിക്കുക.
രണ്ടാംഘട്ടത്തിൽ സ്ഥാപനങ്ങളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കും. കൃത്യസമയത്ത് വീസ എമിറേറ്റ്സ് ഐഡി രേഖകള്‍ പുതുക്കാന്‍ പ്രോത്സാഹിപ്പിക്കുകയെന്നുളളതാണ് ഇതിലൂടെ ജിഡിആർഎഫ്എ ലക്ഷ്യമിടുന്നത്.