ആദ്യ മണിക്കൂറിൽ തന്നെ ലക്ഷ്യം പിന്നിട്ട് ലുലു ഓഹരി വിൽപന; നവംബർ 6ന് അന്തിമ വില പുറത്തു വിടും
Mail This Article
ദുബായ് ∙ ലുലുവിന്റെ മുഴുവൻ ഓഹരികൾക്കും അബുദാബി സ്റ്റോക് എക്സ്ചേഞ്ചിൽ ആദ്യ ദിനം ആദ്യ മണിക്കൂറിൽ തന്നെ ആവശ്യക്കാരായി. 258 കോടി ഓഹരികൾക്ക് (25%) വൈകിട്ടോടെ 10 ഇരട്ടി ആവശ്യക്കാരാണ് അപേക്ഷിച്ചത്.
നവംബർ 5 വരെ തുടരുന്ന വിൽപനയുടെ ആദ്യദിനം തന്നെ ഇത്രയധികം പേർ എത്തുന്നത് ആദ്യമാണെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. 527 കോടി ദിർഹം (12000 കോടി രൂപ) ഓഹരി വിൽപനയിലൂടെ നേടാനാണ് ലുലു ലക്ഷ്യമിട്ടത്. 1.94–2.04 ദിർഹമാണ് വിലയായി നിശ്ചയിച്ചത്. ഈ തുകയിൽ ഓഹരികൾ സബ്സ്ക്രൈബ് ചെയ്യാം. ആദ്യ ദിവസത്തെ സൂചനയനുസരിച്ച് 2107 കോടി ദിർഹം (48000 കോടി രൂപ) സമാഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആവശ്യക്കാർ കൂടുതൽ എത്തിയതിനാൽ ഉയർന്ന തുകയായ 2.04 ദിർഹത്തിന് ബുക്ക് ചെയ്യുന്നവരെ മാത്രമാകും അന്തിമ ഓഹരി വിൽപനയിൽ പരിഗണിക്കുക. നവംബർ 6ന് അന്തിമ വില ലുലു പുറത്തു വിടും. നവംബർ 14ന് ലിസ്റ്റ് ചെയ്യുമ്പോൾ ഓഹരികൾക്ക് മികച്ച നേട്ടമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ.
അബുദാബി പെൻഷൻ ഫണ്ട്, ബഹ്റൈൻ മുംതലാകാത് ഹോൾഡിങ് കമ്പനി, എമിറേറ്റ്സ് ഇന്റർ നാഷനൽ ഇൻവെസ്റ്റ്മെന്റ് കമ്പനി, ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി എന്നിവരാണ് ലുലുവിന്റെ ഓഹരികൾ ബുക്ക് ചെയ്ത പ്രധാന നിക്ഷേപ കമ്പനികൾ. ഈ കമ്പനികൾ ചേർന്ന് 75.3 കോടി ദിർഹത്തിന്റെ (1716 കോടി രൂപ) ഓഹരികൾക്കാണ് അപേക്ഷിച്ചിട്ടുള്ളത്.
എണ്ണ ഇടപാട് സ്ഥാപനമായ എൻഎംഡിസി എനർജീസ് ഈ വർഷം ആദ്യം നടത്തിയ 87.7 കോടി ഡോളറിന്റെ ഓഹരി വിൽപന മൂലധന സമാഹരണം ലുലു മറികടന്നു. ഇതോടെ യുഎഇ ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒയെന്ന നേട്ടവും ലുലുവിന് സ്വന്തമായി.