28-ാമത് ബ്യൂട്ടി വേൾഡ് മിഡിൽ ഈസ്റ്റ് ദുബായിൽ സമാപിച്ചു
Mail This Article
ദുബായ് ∙ ആഗോള സൗന്ദര്യ വ്യവസായത്തിന് പുത്തൻ ഉണർവ് നൽകി 28-ാമത് ബ്യൂട്ടി വേൾഡ് മിഡിൽ ഈസ്റ്റ് ദുബായിൽ സമാപിച്ചു. തല മുതൽ പെരുവിരൽ വരെ എല്ലാ ശരീരഭാഗങ്ങളുടെയും അഴകിനായി വിവിധ തരം ഉൽപന്നങ്ങൾ പ്രദർശിപ്പിച്ച ഈ മേളയിൽ ലോകമെമ്പാടുമുള്ള ഒരു ലക്ഷത്തോളം പേർ പങ്കെടുത്തു.
മൂന്ന് ദിവസം നീണ്ട ഈ പ്രദർശനത്തിൽ ലോകപ്രശസ്ത ബ്രാൻഡുകൾക്കൊപ്പം പുതുമയുള്ള ഉൽപന്നങ്ങളുമായി നിരവധി പുതുമുഖങ്ങളും എത്തിയിരുന്നു. സൗന്ദര്യ വ്യവസായത്തെ പ്രകാശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടന്ന ഈ മേള കോടികളുടെ ഓർഡറുകൾക്കും കരാറുകൾക്കുമായിരുന്നു സാക്ഷ്യം വഹിച്ചത്. ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ നടന്ന ഷോയിൽ ചർമ്മം, മുടി, നഖം, മുഖം, കൺപീലി, പുരികം തുടങ്ങിയവയ്ക്ക് വേണ്ടിയുള്ള നിരവധി ഉൽപന്നങ്ങളാണ് പ്രദർശിപ്പിച്ചത്.
കേരളത്തിന്‍റെ സൗന്ദര്യവർധക വസ്തുക്കൾക്ക് രാജ്യാന്തര വിപണി തേടി കോഴിക്കോട് ആസ്ഥാനമായുള്ള റിഫാസ് ഫ്രാഗ്രൻസ് പ്രൈവറ്റ് ലിമിറ്റഡ് എംഡി അബ്ദുൽസമദ് കാവുങ്ങൽ, ജിസിസി ജനറൽ മാനേജർ മുഹമ്മദ് ഫസൽ തുടങ്ങി മലയാളികളും എത്തിയിരുന്നു. മധ്യപൂർവദേശ രാജ്യങ്ങളിലെ വിവിധ കമ്പനികളുമായി കരാർ ഒപ്പുവയ്ക്കുകയും ചെയ്തതായി അബ്ദുൽസമദ് പറഞ്ഞു. വെൽനസ് വ്യവസായത്തിന്‍റെ വളർച്ചയിലും വികാസത്തിലും പ്രദർശനം സുപ്രധാന പങ്ക് വഹിക്കുന്നതായി ബ്യൂട്ടി വേൾഡ് മിഡിൽ ഈസ്റ്റ് ഷോ മാനേജർ രവി രാംചാന്ദ്നി പറഞ്ഞു. വളർന്നു വരുന്ന ബ്രാൻഡുകൾക്ക് മികച്ച ഭാവി രൂപപ്പെടുത്താൻ പ്രദർശനം വഴിയൊരുക്കിയതായും കൂട്ടിച്ചേർത്തു. 3 ദിവസങ്ങളിലായി 50ലേറെ പ്രഭാഷകർ പങ്കെടുത്ത 24 സൗജന്യ സെഷനുകളുമുണ്ടായിരുന്നു.
സൗന്ദര്യ, സുഗന്ധ വ്യവസായത്തിലെ മികവും ചാതുര്യവും അംഗീകരിക്കുന്ന ബ്യൂട്ടി വേൾഡിൽ വിവിധ വിഭാഗങ്ങളിലെ മികവിന് 17 അവാർഡുകളും സമ്മാനിച്ചു. സമാപന സമ്മേളനത്തിൽ തത്സമയ ഹെയർ, മേക്കപ്പ് പ്രകടനങ്ങളുമുണ്ടായിരുന്നു. ഇന്ത്യ ഉൾപ്പെടെ 150ലേറെ രാജ്യങ്ങളിൽനിന്നുള്ള 2000 പ്രദർശകർ മേളയെ സമ്പന്നമാക്കി.