ADVERTISEMENT

ദുബായ് ∙ യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യൻ പ്രവാസികൾ വെളിച്ചത്തിന്‍റെ ആഘോഷമായ ദീപാവലിയെ വരവേൽക്കാനൊരുങ്ങി. നാളെയാണ് ദീപാവലി. എമിറേറ്റിന്‍റെ പഴയ നഗരമായ ബർ ദുബായിലെ മീനാ ബസാറിലാണ് ദീപാവലി ആഘോഷം പൊടിപൊടിക്കുന്നത് കാണാനാകുക. അവിടെ ചെന്നാൽ ഇത് ഗൾഫ് തന്നെയാണോ എന്ന് ചിന്തിച്ചുപോകും.

ദീപങ്ങളാൽ അലങ്കരിച്ച കടകൾ, ഫ്ലാറ്റുകള്‍... ദീപങ്ങളുടെ ആഘോഷമായ ദീപാവലി മധുരമായി ആഘോഷിക്കുകയാണ് ഇവിടെ ഇന്ത്യൻ പ്രവാസികൾ. ഇന്ത്യക്ക് പുറത്ത് ഒരുപക്ഷേ, ഇത്രമാത്രം ദീപാവലി ആഘോഷിക്കുന്നത് യുഎഇയിലായിരിക്കാം. ഹൈപ്പർമാർക്കറ്റുകളിലും എന്തിന് ചെറുകിട ഗ്രോസറികളിൽ വരെ ദീപാവലി ഉത്പന്നങ്ങൾ കഴിഞ്ഞയാഴ്ച തന്നെ വിൽപനയാരംഭിച്ചിരുന്നു. വിവിധ തരം മധുരപലഹാരങ്ങളും പൂക്കളും വിൽപനയ്ക്കുണ്ട്. കൂടാതെ, മൺചെരാതുകളും നിരന്നിരിക്കുന്നു.

ഷാർജയിൽ ദീപാവലി ആഘോഷത്തിന് സജീവമായിരിക്കുന്ന വിപണി. ചിത്രം∙ സിറാജ് വി.പി.കീഴ്മാടം
ഷാർജയിൽ ദീപാവലി ആഘോഷത്തിന് സജീവമായിരിക്കുന്ന വിപണി. ചിത്രം∙ സിറാജ് വി.പി.കീഴ്മാടം

ഇവയെല്ലാം വാങ്ങാൻ കുടുംബസമേതമാണ് ആളുകളെത്തുന്നത്. ഗുജറാത്തികൾ, സിന്ധികൾ, തമിഴ്​നാട് സ്വദേശികൾ, തെലുങ്ക്, കന്നഡ വിഭാഗക്കാരാണ് യുഎഇയിൽ ദീപാവലി ആഘോഷിക്കുന്നതിൽ മുൻപിൽ. ഗുജറാത്തി സ്ത്രീകളുടെ ഉല്ലാസപൂർണമായ ഡാൻഡിയ നൃത്തവും സിന്ധി കൂട്ടായ്മകളുടെ ഒത്തുചേർന്നുള്ള ആഘോഷങ്ങളും ദുബായിലെ ദീപാവലിയെ സംഗീതസാന്ദ്രമാക്കുന്നു.

മുഹൈസിന ലുലുവില്ലേജിലെ ഹൈപ്പർമാർക്കറ്റിൽ വിൽപനയ്ക്ക് വച്ച ദീപാവലി മധുരം. ചിത്രം: മനോരമ
മുഹൈസിന ലുലുവില്ലേജിലെ ഹൈപ്പർമാർക്കറ്റിൽ വിൽപനയ്ക്ക് വച്ച ദീപാവലി മധുരം. ചിത്രം: മനോരമ

പഞ്ചാബികളും വളരെയധികം പാക്കിസ്ഥാനികളും ബംഗാളികളും ഈ ആഘോഷങ്ങളിൽ സ്നേഹത്തോടെ പങ്കു ചേരുമ്പോൾ ഇതിന് മാനവികതയുടെ രൂപവും കൈവരുന്നു.യുഎഇയിൽ ഇന്ത്യക്കാർ കുടിയേറിയതു മുതൽ ഇവിടെ ദീപാവലി ആഘോഷിച്ചുവരുന്നു. പണ്ടൊക്കെ പടക്കങ്ങൾ പൊട്ടിക്കുമായിരുന്നെങ്കിലും പിന്നീട് യുഎഇയിൽ പടക്കവിൽപന നിരോധിച്ചതോടെ ആ സന്തോഷം കമ്പിത്തിരിയിലും മറ്റും ഒതുങ്ങി.

ഷാർജയിൽ ദീപാവലി ആഘോഷത്തിന് സജീവമായിരിക്കുന്ന വിപണി. ചിത്രം∙ സിറാജ് വി.പി.കീഴ്മാടം
ഷാർജയിൽ ദീപാവലി ആഘോഷത്തിന് സജീവമായിരിക്കുന്ന വിപണി. ചിത്രം∙ സിറാജ് വി.പി.കീഴ്മാടം

മധുരപലഹാരങ്ങളും വിളക്കുകളും വസ്ത്രങ്ങളും വിൽപന നടത്തുന്ന പ്രത്യേക ഏരിയ തന്നെ മീനാ ബസാറിലുണ്ട്. പുലർച്ചെ കുളിച്ച് നിറങ്ങൾ ചാലിച്ച വസ്ത്രങ്ങളണിഞ്ഞ് ക്ഷേത്ര ദർശനത്തോടെയാണ് ദീപാവലി ആഘോഷം തുടങ്ങുന്നത്. അബുദാബിയിലെയും ജബൽ അലിയിലെയും ക്ഷേത്രങ്ങളിൽ വൻ ആഘോഷമൊരുക്കിയിരിക്കുന്നു.

ദീപാവലി ആഘോഷിക്കുന്ന ദുബായിലെ ഇന്ത്യൻ പ്രവാസിയുടെ വീട്ടിലെ വാതിലിലെ അലങ്കാരങ്ങൾ. ചിത്രം : മനോരമ
ദീപാവലി ആഘോഷിക്കുന്ന ദുബായിലെ ഇന്ത്യൻ പ്രവാസിയുടെ വീട്ടിലെ വാതിലിലെ അലങ്കാരങ്ങൾ. ചിത്രം : മനോരമ

ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മറ്റും ഭവന സന്ദർശനമാണ് പിന്നീട്. എല്ലായിടത്തും മധുരം നന്നായി വിളമ്പും. ഏത് രാജ്യക്കാരാണെന്ന് നോക്കാതെയുള്ള ഈ സ്നേഹപ്രകടനം ദുബായിയുടെ മാത്രം പ്രത്യേകതയാണ്. ലോകത്തെ നരകമാക്കിയ ഒരസുരന്‍റെ കഥയില്‍നിന്നാണല്ലോ ദീപാവലിയുടെ തുടക്കം. പ്രഹ്ളാദന്‍റെ പിതാവായ ഹിരണ്യകശിപുവിന്‍റെ സഹോദരനാണ് ഹിരണ്യാക്ഷന്‍. അഹങ്കാരംകൊണ്ടു മത്തുപിടിച്ച് ഭൂലോകവും സ്വര്‍ഗവുമൊക്കെ ഇളക്കിമറിച്ചു നടക്കുന്ന കാലത്ത് സമുദ്രദേവനായ വരുണനെ കാട്ടുപന്നിയുടെ രൂപമെടുത്ത്‌ ആക്രമിച്ച് ആകെ ഉലച്ചു.

പൊറുതി മുട്ടിയ വരുണന്‍ വൈകുണ്ഠത്തിലെത്തി വിഷ്ണുവിനോട് സങ്കടം പറഞ്ഞു. യോഗനിദ്രയിലായിരുന്ന വിഷ്ണു തന്നെ വധിക്കാന്‍ പുറപ്പെടുന്നു എന്നറിഞ്ഞ ഹിരണ്യാക്ഷന്‍ തന്‍റെ തേറ്റയില്‍ ഭൂമിയെ കോരിയെടുത്ത് പാതാളത്തിലേയ്ക്കു കടന്നു. ഈ പോക്കിനിടയില്‍ അവന്‍റെ തേറ്റ ഉരഞ്ഞ് ഭൂമി ഗര്‍ഭിണിയായി. വിഷ്ണു തന്നെ രക്ഷപ്പെടുത്തിയെങ്കിലും ഉള്ളിലുള്ള കുഞ്ഞിനെ ഓര്‍ത്ത് ഭൂമി വേവലാതിപ്പെട്ടു. കുഞ്ഞിന് വിഷ്ണു നരകന്‍ എന്നു പേരിട്ടു. തന്‍റെ സ്വന്തം അസ്ത്രം നാരായണം അവനു നല്‍കി. ഭാര്യയോടു ചേര്‍ന്ന തനിക്കല്ലാതെ ആര്‍ക്കും അവനെ കൊല്ലാനാവില്ല എന്ന വരവും നല്‍കി.

അമ്മ ഭൂമിയാണെങ്കിലും അസുരജന്മമായതിനാല്‍ നരകാസുരന്‍ അച്ഛന്‍റെ വഴിയെത്തന്നെ മകനും തിമിര്‍പ്പ് തുടങ്ങി. ദേവലോകത്തെത്തിയ നരകന്‍ ഇന്ദ്രന്‍റെ രാജകീയചിഹ്നങ്ങളൊക്കെ തവിടുപൊടിയാക്കി. ഇന്ദ്രമാതാവിന്‍റെ വൈരക്കല്ല് സ്വന്തമാക്കുകയും ചെയ്തു. ഇന്ദ്രനും വിഷ്ണുവിന്‍റെ അടുത്തുതന്നെ ഓടിയെത്തി. പ്രാഗ്ജ്യോതിഷം എന്ന സ്ഥലത്താണ് നരകന്‍റെ ആസ്ഥാനം. വിഷ്ണു ലക്ഷ്മിയോടൊപ്പം ഗരുഡന്‍റെ പുറത്ത് പ്രാഗ്ജ്യോതിഷത്തിലെത്തി നരകനെ വധിച്ചു. തുലാമാസത്തിലെ കറുത്ത പക്ഷം ചതുര്‍ദശിയില്‍ അര്‍ധരാത്രിയാണ് നരകാസുരവധം നടന്നത്. ദേവന്മാര്‍ ആഘോഷം പൊടിപൊടിച്ചത് നിറയെ ദീപങ്ങള്‍ കൊളുത്തിയാണ്. മധുരവും വിളമ്പി. അവരുടെ ദീപാഘോഷത്തിന്‍റെ സ്മൃതിയാണ് ദീപാവലി.

രാമകഥയുമായും ദീപാവലിയെ ബന്ധിപ്പിക്കാറുണ്ട്. രാവണനെ നിഗ്രഹിച്ച ദിനമാണ് ദീപാവലി എന്നാണ് ഒരു വിശ്വാസം. രാവണനിഗ്രഹം കഴിഞ്ഞെത്തിയപ്പോള്‍ അയോധ്യാനിവാസികള്‍ ദീപങ്ങള്‍ കൊളുത്തി സ്വീകരിച്ചതിന്‍റെ സ്മരണമാണ് എന്ന്‍ വേറൊരു വിശ്വാസവുമുണ്ട്. രാമനെ മാത്രമല്ല രാവണനെ ബന്ധിപ്പിച്ചും ദീപാവലി ഐതിഹ്യങ്ങള്‍ കാണാം. രാവണന്‍ അധികാരത്തിലെത്തിയപ്പോള്‍ തനിക്കുംമേലെ ഉദിച്ചുനില്‍ക്കുന്ന സൂര്യനെക്കണ്ട് ദേഷ്യം പിടിച്ചത്രേ.

സകല ലോകങ്ങളുടെയും ആധിപത്യം നേടിയിരുന്ന രാവണന്‍ തന്നെക്കാള്‍ കേമനെ തടവിലാക്കി. രാവണന്‍ രാമന്‍റെ കൈകൊണ്ട് ചത്തുവീണതോടെയാണ് വെളിച്ചത്തിന്‍റെ നാഥന് പുറംലോകം കാണാനായത്. ലോകവും അതോടെ ഇരുളില്‍നിന്ന്‍ വെളിച്ചത്തിലേയ്ക്കെത്തി. അങ്ങനെ പ്രപഞ്ചദീപം തിരിച്ചുകിട്ടിയതിന്‍റെ ആഘോഷവുമായി ദീപാവലി. എന്തായാലും ഇരുളിനുമേല്‍ വെളിച്ചത്തിന്‍റെ വിജയമാണ് ദീപാവലിയുടെ പൊരുള്‍. ദീപങ്ങളുടെ ആവലി(നിര)യാണ് ദീപാവലി. കറുത്ത പക്ഷം തീരുന്ന പതിനാലാം(ചതുര്‍ദശി) പക്കമാണ് നരകാസുരനും രാവണനും കൊല്ലപ്പെട്ടത്.

അന്ധകാരത്തിന്‍റെ രാജാക്കന്മാരുടെ തിരോധാനത്തോടെ കറുത്ത വാവ് തീര്‍ന്ന്‍ വെളുത്ത വാവിന് തുടക്കമാവുകയാണല്ലോ. വടക്കേ ഇന്ത്യയിലും കേരളം ഒഴിച്ചുള്ള തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലുമാണ് ദീപാവലി കേമമായി ആഘോഷിക്കുന്നത്. കേരളത്തില്‍ മറ്റു സംസ്ഥാനങ്ങളോടു ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളിലും ഉത്തരേന്ത്യക്കാര്‍ സ്ഥിരവാസം ഉറപ്പിച്ചിട്ടുള്ള ഇടങ്ങളിലും മാത്രമേ ദീപാവലി വലിയ തോതില്‍ ആഘോഷിച്ചിരുന്നുള്ളൂ. അടുത്ത കാലത്തായി മലയാളികള്‍ക്കും ദീപാവലി പ്രധാനമായിരിക്കുന്നു. ദീപാവലി എന്ന പദം ചുരുങ്ങി മിക്ക സ്ഥലങ്ങളിലും ദീവാലി,ദീവാളി എന്നായിട്ടുണ്ട്.

അഞ്ചു ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ആഘോഷമാണ് ദീപാവലിക്കുള്ളത്. തുലാമാസം(ആശ്വിനം) കറുത്ത പക്ഷത്തിലെ ത്രയോദശി(പതിമൂന്നാം) പക്കം തുടങ്ങി വൃശ്ചികമാസം(കാര്‍ത്തിക) വെളുത്ത പക്ഷത്തിലെ ദ്വിതീയ(രണ്ടാം)പക്കംവരെയാണ് ആഘോഷങ്ങള്‍. അസുരന്മാരെ കൊന്നത് വിഷ്ണുവാണെങ്കിലും വിഷ്ണൂസമേതയായ മഹാലക്ഷ്മിക്കാണ് ദീപാവലിക്കാലത്ത് പൂജാപ്രാധാന്യം ലഭിക്കുന്നത്. ഒന്നാം ദിവസം ധന്‍തേരസ്(ധനത്രയോദശി) ആണ്. വീടും സ്ഥാപനങ്ങളും ക്ഷേത്രങ്ങളുമൊക്കെ അന്ന്‍ സവിശേഷമായ രീതിയില്‍ അലങ്കരിക്കുന്നു.

പ്രവേശനദ്വാരത്തില്‍ രംഗോലിയിടുന്നു. സന്ധ്യയ്ക്ക് ദീപം കൊളുത്തി ലക്ഷ്മീദേവിയെ ഉള്ളിലേയ്ക്ക് ക്ഷണിക്കുന്നു. രണ്ടാം ദിവസം നരകചതുര്‍ദശിയാണ്. നരകാസുരനെ വധിച്ച രാത്രിയുടെ സ്മൃതി. മൂന്നാം ദിവസം അമാവാസി നാളില്‍ ലക്ഷ്മിയെ പരാശക്തിയുടെ മൂന്നു ഭാവങ്ങളായ ദുര്‍ഗാ,ലക്ഷ്മി,സരസ്വതീരൂപങ്ങളില്‍ ആരാധിക്കുന്നു. നാലാം ദിവസം കാര്‍ത്തികമാസം വെളുത്ത പക്ഷം തുടങ്ങുന്നന്ന്‍ ‘ബലിപ്രതിപദ’മാണ്.നമ്മുടെ ഓണസങ്കല്‍പ്പത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഒരൈതിഹ്യമാണ് ഇതിന്‍റെ പ്രത്യേകത. വിഷ്ണുവിന്‍റെതന്നെ അവതാരമായ വാമനന്‍ ചവിട്ടിത്താഴ്ത്തിയ ബലി പാതാളത്തില്‍നിന്ന്‍ പുറത്തുവരുന്ന ഏകദിനമാണന്ന്.

മഹാബലിയെയും ഭാര്യ വിന്ധ്യാവലിയെയും ദീപങ്ങള്‍ കൊളുത്തി സ്വീകരിക്കുന്നു എന്നാണ് വിശ്വാസം. വീടും പരിസരവുമൊക്കെ ചാണകം മെഴുകി വൃത്തിയാക്കി രംഗോലിയിട്ട് പുതുപുത്തന്‍ വസ്ത്രങ്ങളണിഞ്ഞ് ഭാര്യാസമേതനായ ബലിയെ സ്വീകരിക്കാന്‍ ഒരുങ്ങുന്നു. അഞ്ചാം ദിവസം ‘ഭ്രാതൃദ്വിതീയ’യാണ്. ഈ ആഘോഷനാളിനെ സുന്ദരമാക്കുന്നത് അതിനു പിന്നിലെ അപൂര്‍വസങ്കല്‍പ്പമാണ്. സഹോദരീസഹോദരന്മാര്‍ ഒത്തൊരുമിച്ചു നടത്തേണ്ട ചടങ്ങാണിത്. അന്നാണത്രേ മരണദേവനായ യമന്‍ സഹോദരിയായ യമിയെ സന്ദര്‍ശിച്ചത്. യമദ്വിതീയ എന്നും ഈ ദിവസത്തിനു പേരുണ്ട്.

ബഹു-ബീജ്,ഭായി ദൂജ് എന്നെല്ലാം ഈ ആഘോഷത്തിന് നാമഭേദങ്ങളുണ്ട്. ഈ ആഘോഷത്തോടെ ദീപാവലിയുടെ ആചരണം പൂര്‍ത്തീകരിക്കുന്നു. എങ്ങനെയായാലും ഭാരതത്തിന്‍റെ വിശാലഭൂമിയില്‍ ജാതിമതഭേദമെന്യേ ഇന്ന് ദീവാളി ആഘോഷിച്ചുവരുന്നു. യുഎഇ കൂടാതെ മറ്റു രാജ്യങ്ങളിലും ആഘോഷങ്ങള്‍ക്കു കുറവില്ല. പ്രത്യേകിച്ച് ഉത്തരേന്ത്യക്കാർ ഒട്ടേറെയുള്ള പ്രദേശങ്ങളിലാണ് കേമമായ ദീപാവലി ആഘോഷമുള്ളത്. അമേരിക്കയിലും ബ്രിട്ടനിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഉത്സവമായിത്തന്നെ കൊണ്ടാടുന്നുണ്ട്. 

English Summary:

Indian expatriates in the Gulf countries, including the UAE, are preparing to welcome Diwali, the festival of lights. Tomorrow is Diwali.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com