യുഎഇയിൽ ഇന്ധനവിലയിൽ വർധന; പുതിയ നിരക്ക് നവംബർ 1 മുതൽ പ്രാബല്യത്തിൽ
Mail This Article
അബുദാബി ∙ യുഎഇ നവംബറിലെ ഇന്ധനവില പ്രഖ്യാപിച്ചു. ഒക്ടോബറിനെ അപേക്ഷിച്ച് പെട്രോളിന് ഒൻപത് ഫിൽസ് വർധിച്ചു. നവംബർ ഒന്നും മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.
∙ഒക്ടോബറിൽ ലിറ്ററിന് 2.66 ദിർഹം ആയിരുന്ന സൂപ്പർ98 ലിറ്ററിന് നവംബറിൽ 2.74 ദിർഹമാണ് വില, 8 ഫിൽസ് വർധിച്ചു.
∙ലിറ്ററിന് 2.54 ദിര്‍ഹം ആയിരുന്ന സ്പെഷൽ 95 ലിറ്ററിന് 9 ഫിൽസ് വർധിച്ച് 2.63 ദിർഹമായി.
∙ലിറ്ററിന് 2.47ദിർഹം ആയിരുന്ന ഇ–പ്ലസ് 91 ലിറ്ററിന് 8 ഫിൽസ് വർധിച്ച് 2.55 ദിർഹമായി.
∙ഡീസൽ ലിറ്ററിന് 2.67 ദിർഹമാണ് വില. ഒക്ടോബറിലെ നിരക്ക് ലിറ്ററിന് 2.6 ദിർഹമായിരുന്നു.
ഓടിക്കുന്ന വാഹനത്തിന്റെ തരം അനുസരിച്ച് നവംബറിൽ ഫുൾ ടാങ്ക് പെട്രോളിന് 4.08 ദിർഹം മുതൽ 6.66 ദിർഹം വരെ കൂടുതൽ ചെലവാകും. യുഎഇയിൽ തുടർച്ചയായി രണ്ട് മാസം വില കുറഞ്ഞതിന് ശേഷമാണ് നവംബറിൽ ഇന്ധന വില കൂടുന്നത്. പെട്രോളിന് കഴിഞ്ഞ മാസം സെപ്റ്റംബറിനെ അപേക്ഷിച്ച് 24 ഫിൽസും ഡീസലിന് 72 ഫിൽസും കുറഞ്ഞിരുന്നു. 2015-ൽ യുഎഇ പെട്രോൾ വിലനിയന്ത്രണം നീക്കുകയും ആഗോള വിലയുമായി ബന്ധപ്പെടുത്തുകയും ചെയ്തതിനാൽ എല്ലാ മാസാവസാനവും നിരക്ക് പരിഷ്കരിക്കുന്നു. ഊർജ മന്ത്രാലയം അംഗീകരിച്ച ഇന്ധന വിലയാണ് എല്ലാ മാസവും നിർണയിക്കുന്നത്.