ADVERTISEMENT

അബുദാബി ∙ അപേക്ഷകരുടെ തിരക്ക് കണക്കിലെടുത്ത് യുഎഇയിൽ പൊതുമാപ്പ് 2 മാസത്തേക്കു കൂടി നീട്ടി. ഡിസംബർ 31 വരെയാണ് നീട്ടിയതെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു.

അനധികൃത താമസക്കാർക്ക് രേഖകൾ നിയമാനുസൃതമാക്കി രാജ്യത്ത് തുടരാനോ ശിക്ഷ കൂടാതെ രാജ്യം വിടാനോ അവസരം നൽകുന്ന പൊതുമാപ്പ് ഇന്നലെ അവസാനിച്ചതിനു പിന്നാലെയാണ് കാലാവധി വീണ്ടും നീട്ടിയത്. കഴിഞ്ഞ 2 മാസത്തിനകം ആയിരക്കണക്കിന് ആളുകൾ പൊതുമാപ്പ് പ്രയോജനപ്പെടുത്തി. പിഴയായി അടയ്ക്കേണ്ടിയിരുന്ന വൻ തുകയും എഴുതി തള്ളി. പൊതുമാപ്പ് ഉപയോഗിച്ചവരിൽ 85 ശതമാനം പേരും രേഖകൾ ശരിയാക്കി യുഎഇയിൽ തുടരുകയായിരുന്നു. ശേഷിച്ച 15 ശതമാനം പേരാണ്  നാട്ടിലേക്കു മടങ്ങിയത്. ഇവർക്ക് പുതിയ വീസയിൽ യുഎഇയിൽ തിരിച്ചെത്താം. 

പൊതുമാപ്പ് 2 മാസത്തേക്കു കൂടി നീട്ടിയത് ആയിരങ്ങൾക്ക് ആശ്വാസമായി. നിശ്ചിത സമയത്തിനകം രേഖകൾ ശരിയാക്കാനോ അനുയോജ്യമായ മറ്റൊരു ജോലി കണ്ടെത്താനോ സാധിക്കാത്ത പലരും പൊതുമാപ്പിന് അപേക്ഷിച്ചിരുന്നില്ല.

കേസിൽ അകപ്പെട്ടവർ
ബാങ്ക് വായ്പ, വാടക കുടിശിക തുടങ്ങി വിവിധ സാമ്പത്തിക കേസുകളിൽ അകപ്പെട്ട് യാത്രാ വിലക്ക് നേരിടുന്നവരുണ്ട്. ഇവരിൽ പലരുടെയും വീസ, പാസ്പോർട്ട് കാലാവധി കഴിഞ്ഞതാണ്. ബാങ്കുമായും കെട്ടിട ഉടമയുമായും ചർച്ച നടത്തി അടയ്ക്കേണ്ട തുക കുറച്ചുകൊടുക്കുകയും തവണകളായി അടയ്ക്കാമെന്ന കരാറിലെത്തുകയും ചെയ്യുകയാണ് പലരും. 

ഉഭയകക്ഷി കരാർ പ്രകാരം കേസ് പിൻവലിച്ച പലരും പുതിയ വീസയിൽ താമസം നിയമവിധേയമാക്കാൻ ശ്രമിക്കുകയാണ്. പുതിയ ജോലിയിൽ പ്രവേശിച്ച് കുടിശിക അടച്ചുതീർത്താൽ മാത്രമേ യാത്രാവിലക്ക് പിൻവലിക്കൂ എന്ന് ചിലർ ഉപാധിവച്ചു. 

ചിലർ കേസ് പിൻവലിച്ചതോടെ മലയാളികളടക്കം ഒട്ടേറെ പേർ നാട്ടിലെത്തി. അര ലക്ഷത്തിലേറെ തുകയുടെ ചെക്ക് കേസിൽ 4000 ദിർഹം നൽകി ഒത്തുതീർന്ന പത്തനംതിട്ട സ്വദേശിയും നാട്ടിൽ എത്തിയവരിൽ ഉൾപ്പെടും. അബുദാബി മാർത്തോമ്മാ ചർച്ചും ഉദാരമതികളുമാണ് അദ്ദേഹത്തിന് നാട്ടിലെത്താൻ വഴിതുറന്നത്. വിവിധ സംഘടനകളുടെ സഹായത്തോടെ വ്യത്യസ്ത എമിറേറ്റിലുള്ള പ്രവാസി ഇന്ത്യക്കാരും നാടണഞ്ഞു. വർഷങ്ങൾക്കുശേഷം കുടുംബത്തിന്റെ സ്നേഹത്തണലിലേക്ക് പറന്നിറങ്ങാൻ സാധിച്ച സന്തോഷത്തിലാണ് പലരും.

English Summary:

UAE extends amnesty programme to December 31

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com