ദുബായ് നായഫ് തീപിടിത്തം: ‘അലർച്ച കേട്ട് ഹോട്ടലിലേക്ക് ശ്രദ്ധിച്ചു’; കണ്ടത് തകർന്ന ജനാല വഴി കനത്ത പുക
Mail This Article
ദുബായ് ∙ രണ്ടുപേരുടെ മരണത്തിനിടയാക്കി തീപിടിത്തമുണ്ടായത് ദുബായുടെ പഴയ സിരാകേന്ദ്രമായ നായഫിലെ ബനിയാസ് സ്ക്വയറിൽ. മലയാളികളടക്കം തിങ്ങിപ്പാർക്കുന്ന ഇവിടുത്തെ ഹോട്ടലിൽ ഇന്നലെ അർധരാത്രിയായിരുന്നു സംഭവം. ഹോട്ടലിലുണ്ടായിരുന്ന 2 പേർ കനത്ത പുക ശ്വസിച്ച് ശ്വാസംമുട്ടി മരിക്കുകയായിരുന്നു.
ഇന്നലെ അർധരാത്രിയോടടുത്ത് 11.55നായിരുന്നു സംഭവമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഉടൻ തന്നെ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് രക്ഷാപ്രവർത്തനം നടത്തി കൂടുതൽ അപകടമുണ്ടാകാതെ നോക്കിയതായി ദുബായ് മീഡിയാ ഓഫിസ് അറിയിച്ചു. സംഭവ സ്ഥലത്ത് അലർച്ചയുണ്ടായതിനെ തുടർന്നാണ് എല്ലാവരുടെയും ശ്രദ്ധ ഹോട്ടലിലേക്ക് തിരിഞ്ഞതെന്ന് ഇവിടുത്തെ വ്യാപാരികൾ പറഞ്ഞു. പലരും ചെന്ന് നോക്കിയപ്പോൾ തകർന്ന ജനാല വഴി കനത്ത പുക പുറത്തേയ്ക്ക് വരുന്നതായും ആളുകൾ നിലവിളിക്കുന്ന ഒച്ചയും കേട്ടു.
അതേസമയം, മരിച്ചവരെക്കുറിച്ചുള്ള കൂടുതൽ വിവരം പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആഫ്രിക്കൻ വംശജർ ബിസിനസ് ആവശ്യാർഥം വന്ന് താമസിക്കുന്ന കേന്ദ്രമാണ് ബനിയാസ് സ്ക്വയർ. ഇലക്ട്രോണിക്സ്, മൊബൈൽ ഫോൺ ഉത്പന്നങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവയെല്ലാം യഥേഷ്ടം ലഭ്യമാകുന്ന സ്ഥാപനങ്ങളും ഇവിടെയുണ്ട്.