മിലിപോൾ ഖത്തർ പ്രദർശനം സമാപിച്ചു
Mail This Article
ദോഹ ∙ ദോഹയിൽ നടന്ന മിലിപോൾ പ്രദർശനത്തിൽ 84.20 കോടി റിയാലിന്‍റെ കരാറുകളിൽ ഖത്തർ ആഭ്യന്തര മന്ത്രാലയവും, ആഭ്യന്തര സുരക്ഷാ വിഭാഗമായ ലഖ്‍വിയയും ഒപ്പുവച്ചു . മൂന്ന് ദിവസങ്ങളിലായി നടന്ന പ്രദർശനത്തിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. പ്രതിരോധ മേഖലയിലെ അത്യാധുനിക ഉപകരണങ്ങൾ, വാഹനങ്ങൾ, എഐ സാങ്കേതികവിദ്യ എന്നിവയെല്ലാം പ്രദർശനത്തിന്‍റെ ആകർഷണമായിരുന്നു.
ഫ്രഞ്ച് കമ്പനിയായ ഇഡിമിയ, മന്നായ് ട്രേഡിങ്, സദീർ മെഡിക്കൽ സർവീസ്, മൾട്ടി സർവീസ് കമ്പനി ഖത്തർ (എം.എസ്.സി), ബ്രിട്ടൻ ആസ്ഥാനമായ ബേ സിസ്റ്റംസ് എന്നീ കമ്പനികളുമായി ആഭ്യന്തര മന്ത്രാലയം വിവിധ സേവനങ്ങളും ഉപകരണങ്ങളും സംബന്ധിച്ച കരാറുകൾ ഒപ്പുവച്ചു. മൂന്നാം ദിനം മാത്രം ഖത്തർ ആഭ്യന്തര മന്ത്രാലയം 29.73 കോടി റിയാലിന്‍റെ കരാറുകളിൽ ഒപ്പുവെച്ചു. ആദ്യ രണ്ടു ദിനങ്ങളിൽ 26.90 കോടിയുടെ കരാറുകളിൽ ഒപ്പുവെച്ചിരുന്നു. ആഭ്യന്തര മന്ത്രാലയം 56.69 കോടി റിയാലിന്‍റെയും ലഖ്വിയ 27.50 കോടി റിയാലിന്‍റെയും കരാറുകളിൽ ധാരണയിലെത്തി.
∙ മിലിപോൾ ഖത്തർ
മിലിപോൾ ഖത്തർ രാജ്യത്തെ പ്രധാന സുരക്ഷാ പ്രദർശനമാണ്. പ്രദർശനത്തിൽ ആഭ്യന്തര സുരക്ഷ, സിവിൽ ഡിഫൻസ് എന്നീ മേഖലകളിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളും ഉൽപന്നങ്ങളും സന്ദർശകർക്ക് പരിചയപ്പെടാനുള്ള അവസരം ഉണ്ടായിരിക്കും. പ്രതിരോധ മേഖലയിലെ അത്യാധുനിക ഉപകരണങ്ങളും വാഹനങ്ങളും, എഐ സാങ്കേതികവിദ്യ പ്രതിരോധ രംഗത്ത് ഉപയോഗപ്പെടുത്താൻ പറ്റിയുള്ള പഠന ക്ലാസുകളുമായിരുന്നു ഈ വർഷത്തെ പ്രദർശനത്തിൽ പ്രധാന ആകർഷണം.