ഇന്ത്യക്കാർക്ക് അഭിമാനമായി 'സാരംഗ് ' ബഹ്‌റൈനിൽ എത്തി
Mail This Article
മനാമ ∙ ബഹ്‌റൈനിൽ നടക്കാനിരിക്കുന്ന രാജ്യാന്തര എയർഷോയിൽ സംബന്ധിക്കാൻ ഇന്ത്യയുടെ അഭിമാനമായ 'സാരംഗ് ' സംഘം ബഹ്‌റൈനിൽ കഴിഞ്ഞ ദിവസം എത്തി. ഇത്തവണ എയർഷോയുടെ ഭാഗമായി രാജ്യത്ത് സഖീർ എയർബേസിൽ ഇറങ്ങിയ ആദ്യ വിമാനവും സാരംഗ് ഹെലികോപ്റ്ററുകൾ വഹിച്ചുകൊണ്ടുള്ള ഭീമൻ വിമാനമായ രണ്ട് സി-17 കാർഗോ വിമാനങ്ങൾ ആയിരുന്നു. നവംബർ 13 മുതൽ 15 വരെ നടക്കാനിരിക്കുന്ന എയർ ഷോയുടെ കൗണ്ട്‌ഡൗണിൻ്റെ സൂചനകൂടിയായിരുന്നു കഴിഞ്ഞ ദിവസം എത്തിയ വിമാനം.
ഇന്ത്യൻ എയർഫോഴ്‌സ് എയറോബാറ്റിക് ടീം സാരംഗിൻ്റെ നാല് ഹെലികോപ്റ്ററുകളാണ് ഇന്നലെ കൊണ്ടുവന്നത്. ലോകമെമ്പാടുമുള്ള എയർഷോകളിൽ ആകർഷകമായ പ്രകടനം കാഴ്ച വച്ച എയർ വാരിയേഴ്‌സ് ഡ്രിൽ ടീം ബഹ്‌റൈനിലും വിസ്മയക്കാഴ്ച്ച ഒരുക്കും. ബെംഗളൂരുവിലെ എയർക്രാഫ്റ്റ് ആൻഡ് സിസ്റ്റം ടെസ്റ്റിങ് എസ്റ്റാബ്ലിഷ്‌മെൻ്റിൻ്റെ (ASTE) ഭാഗമായി 2002 മാർച്ച് 18 ന് ഇന്ത്യയിൽ നിർമ്മിച്ച ഹെലികോപ്റ്ററുകളായ എച്ച് എ എൽ (HAL) ധ്രുവുകളിൽ ആണ് ഇന്ത്യൻ എയർഫോഴ്‌സ് എയറോബാറ്റിക് ടീം അഭ്യാസപ്രകടനങ്ങൾ നടത്തുന്നത്.
സാരംഗ് ടീമിന്റെ ഹെലികോപ്റ്ററുകളിൽ മയിൽപ്പീലിയുടെ വർണ്ണങ്ങളാണ് ആലേഖനം ചെയ്യപ്പെട്ടിട്ടുള്ളത്. വെളുത്ത പുകആകാശത്ത് വിതയ്ക്കാനുള്ള ജനറേറ്ററുകളും സജ്ജീകരിച്ചിട്ടുണ്ട്. 2004 ഫെബ്രുവരി 23 ന് സിംഗപ്പൂരിലെ ഏഷ്യൻ എയ്‌റോസ്‌പേസിലായിരുന്നു സാരംഗിന്റെ ആദ്യത്തെ പൊതു പ്രദർശനം.