ദുബായിൽ റജിസ്റ്റർ ചെയ്ത കാറുകളുടെ എണ്ണത്തിൽ 10% വർധന
Mail This Article
ദുബായ് ∙ ദുബായിൽ റജിസ്റ്റർ ചെയ്ത കാറുകളുടെ എണ്ണത്തിൽ 10% വർധനവ്. ഇതുമൂലം ദുബായ് റോഡുകളിൽ പകൽ സമയത്ത് 35 ലക്ഷം വാഹനങ്ങൾ കാണപ്പെടുന്നതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) പുറത്തുവിട്ട ഔദ്യോഗിക റിപോർട്ടിൽ പറഞ്ഞു.
ആഗോള ശരാശരിയായ 2-4 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ കഴിഞ്ഞ രണ്ട് വർഷത്തിനിടെ റജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണത്തിൽ എമിറേറ്റ് 10% വർധന രേഖപ്പെടുത്തി. ഗണ്യമായ ട്രാഫിക് വർധനവ് ഉണ്ടായിട്ടും ആഗോള യാത്രാ സമയ സൂചികയിൽ ദുബായ് ഉയർന്ന സ്ഥാനത്താണ്. 2023-ലെ ടോംടോം ഗ്ലോബൽ ട്രാഫിക് സൂചികയനുസരിച്ച് സെൻട്രൽ ബിസിനസ്സ് ഡിസ്ട്രിക്റ്റിനുള്ളിൽ 10 കിലോമീറ്റർ യാത്ര ചെയ്യാൻ ദുബായിൽ 12 മിനിറ്റും 50 സെക്കൻഡും വേണം. സിംഗപ്പൂരിൽ 16 മിനിറ്റും 50 സെക്കൻഡും, മോൺട്രിയലിൽ 19, സിഡ്‌നിയിൽ 21, ബെർലിനിലും 22, ലണ്ടനിൽ 36 മിനിറ്റുമാണ് വേണ്ടിവരുന്നത്. നഗര ചലനാത്മകതയും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള ആർടിഎയുടെ സംരംഭങ്ങൾ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അവലോകനം ചെയ്ത സാഹചര്യത്തിലായിരുന്നു റിപോർട്ട് പുറത്തുവിട്ടത്. ഇതിൽ 16 ബില്യൻ ദിർഹത്തിന്റെ 2024-27വരെയുള്ള പ്രധാന റോഡ് വികസന പദ്ധതി ഉൾപ്പെടുന്നു. ഇതിൽ 60 ലക്ഷത്തിലേറെ ആളുകൾക്ക് പ്രയോജനം ചെയ്യുന്ന 22 പദ്ധതികളും ഉൾപ്പെടും.