ADVERTISEMENT

റാസല്‍ഖൈമ ∙ വാഹനങ്ങളിൽ നിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കുന്ന മുഖംമൂടി ധാരിയെ റാസൽഖൈമ പൊലീസ് അറസ്റ്റ് ചെയ്തു.  വാഹനങ്ങളുടെ ചില്ലുകൾ തകർത്തായിരുന്നു മുപ്പതുകാരനായ പ്രതി മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. എമിറേറ്റിലെ വിവിധ സ്ഥലങ്ങളിൽ വാഹന മോഷണവുമായി ബന്ധപ്പെട്ട് നിയമപാലകർക്ക് ഒന്നിലേറെ പരാതികൾ ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലായിരുന്നു പ്രതി പിടിയിലായത്. 

അതേസമയം, പ്രതി മോഷണം നടത്തുന്ന വിഡിയോകളും ചിത്രങ്ങളും വ്യാപകമായി സമൂഹമാധ്യമത്തിൽ പ്രചരിക്കുകയും ചെയ്തു. ഇതേ തുടർന്ന്  മോഷണം അന്വേഷിക്കാൻ പ്രത്യേക പൊലീസ് സംഘം രൂപീകരിച്ചു, പ്രതിയെ പിടികൂടാൻ സമഗ്ര പദ്ധതി തയാറാക്കി. നിർണായക തെളിവുകൾ ശേഖരിച്ച സംഘം പ്രതിക്കായി തിരച്ചിൽ ആരംഭിച്ചു. ഒന്നിലലേറെ മോഷണങ്ങളിൽ ഏർപ്പെട്ടിരുന്ന ഏഷ്യൻ സ്വദേശിയാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞ് വൈകാതെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പൊലീസ് ഓപറേഷൻസ് ഡയറക്ടർ ജനറൽ ഡോ. താരിഖ് മുഹമ്മദ് ബിൻ സെയ്ഫ് പറഞ്ഞു. 

പൊലീസ് ചോദ്യം ചെയ്യലിൽ വാഹനത്തിന്റെ ചില്ലുകൾ തകർത്ത് വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിച്ചതായി പ്രതി സമ്മതിച്ചു. തുടർ നിയമനടപടികൾക്കായി അദ്ദേഹത്തെ പബ്ലിക് പ്രോസിക്യൂട്ടർക്ക് റഫർ ചെയ്തു.  വാഹനങ്ങളുടെ വിഡിയോ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ച വ്യക്തിയെയും അറസ്റ്റ് ചെയ്തു. ഇയാളെ ഉ‌ടൻ പബ്ലിക് പ്രോസിക്യൂട്ടർക്ക് കൈമാറും. ഇത്തരം ഉള്ളടക്കം പ്രചരിപ്പിക്കുന്നത്, നടന്നുകൊണ്ടിരിക്കുന്ന അന്വേഷണങ്ങളെയും നിയമ നടപടികളെയും പ്രതികൂലമായി ബാധിക്കുമെന്നും കുറ്റവാളികളെ രക്ഷപ്പെടാൻ അനുവദിക്കുമെന്നും പൊലീസ് പറയുന്നു. കുറ്റവാളികൾ സാഹചര്യം മുതലെടുക്കുന്നത് തടയാൻ ഇത്തരം വിഡിയോയും ചിത്രങ്ങളും പങ്കിടരുതെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.  

വാഹനങ്ങളിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ച പ്രതിയെ ഉടൻ തന്നെ പിടികൂടാൻ കാരണമായ വിജിലൻസ് വകുപ്പിനെ റാസൽഖൈമ പൊലീസ് കമാൻഡർ ഇൻചീഫ് മേജർ ജനറൽ അലി അബ്ദുല്ല ബിൻ അൽവാൻ അൽ നഈമി അഭിനന്ദിച്ചു. പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ  ഉറപ്പുവരുത്തുന്നതിലും അവരുടെ സ്വത്ത് അപഹരിക്കാൻ ശ്രമിക്കുന്നവരിൽ നിന്ന് സംരക്ഷിക്കുന്നതിലും പൊലീസ് സേന ജാഗ്രത പുലർത്തുമെന്ന് അദ്ദേഹം പറഞ്ഞു.

English Summary:

UAE: Masked thief breaking into cars arrested; individual circulating videos of theft also caught

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com