ADVERTISEMENT

ദുബായ് ∙ ലത്തീഫ ബിൻത് ഹംദാൻ സ്ട്രീറ്റിന്റെ വികസന പദ്ധതികൾ അടുത്ത വർഷം പൂർത്തിയാകുമെന്നു ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തും പറഞ്ഞു. അൽഖെയിൽ റോഡും എമിറേറ്റ്സ് റോഡും സംഗമിക്കുന്ന 12.2 കിലോമീറ്റർ ദൂരത്തിലാണ് വികസന പദ്ധതി. ഇവിടെ പുതിയതായി നിർമിക്കുന്ന പാലങ്ങളുടെ ആകെ നീളം 8 കിലോമീറ്ററായിരിക്കും. വികസനം പൂർത്തിയാകുന്നതോടെ 10 ലക്ഷം ജനങ്ങൾക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. 

മണിക്കൂറിൽ 16000 വാഹനങ്ങൾ കടന്നു പോകാനുള്ള ശേഷി റോഡുകൾക്കുണ്ടാകും. യാത്രാ സമയത്തിൽ 20% വരെയാണ് കുറവ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ കൂടെ തന്നെ മെയ്ദാൻ റോഡ് വികസന പദ്ധതിയും പൂർത്തിയാക്കും. 10 കിലോമീറ്റർ ദൂരത്തിലാണ് റോഡ് വികസനപ്പിക്കുന്നത്. ഇതിൽ പുതിയതായി നിർമിക്കുന്ന പാലങ്ങളുടെ ആകെ നീളം 3.3 കിലോമീറ്ററാണ്. 1.5 കിലോമീറ്റർ നീളം വരുന്ന ടണലുകളും ഉണ്ടാകും. മൊത്തം 10 ലക്ഷം പേർക്കാണിതിന്റെ ഗുണം ലഭിക്കുക.

മണിക്കൂറിൽ 22000 വാഹനങ്ങളെ ഉൾക്കൊള്ളാനുള്ള ശേഷി റോഡിനുണ്ടാകും. ഉം സുക്കീം സ്ട്രീറ്റിൽ നിന്ന് മെയ്ദാൻ സ്ട്രീറ്റിലേക്കുള്ള യാത്രാ സമയം 4 മിനിറ്റായി കുറയ്ക്കാം. 

 ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിന്റെയും അൽ മുസ്താഖ്ബാൽ സ്ട്രീറ്റിന്റെയും വികസന പദ്ധതിയും യോഗത്തിൽ അവലോകനം ചെയ്തു. അൽ മുസ്താഖ്ബാൽ സ്ട്രീറ്റ് വികസന പദ്ധതിയിൽ നിർമിക്കുന്ന പാലങ്ങളുടെയും ടണലുകളുടെയും ആകെ നീളം 6.2 കിലോമീറ്ററാണ്. ഇതു   യാഥാർഥ്യമാകുന്നതോടെ മണിക്കൂറിൽ 12000 വാഹനങ്ങളെ കടത്തി വിടാനുള്ള ശേഷി റോഡുകൾക്ക് കൈവരും.

യാത്രാ സമയം 8 മിനിറ്റിൽ നിന്ന് 3.3 മിനിറ്റായി കുറയ്ക്കും. 5 ലക്ഷം ജനങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുക. ട്രേഡ് സെന്റർ റൗണ്ട് എബൗട്ട് പദ്ധതിയുടെ കരാർ നിർമാണ കമ്പനിക്കു കൈമാറി. എല്ലാ ദിശയിലേക്കും വാഹനങ്ങളുടെ പോക്ക് സുഗമമാക്കുന്നതിന്റെ ഭാഗമായി 5 പുതിയ പാലങ്ങാണ് ഇവിടെ നിർമിക്കുക. ഇവിടെ വാഹനങ്ങൾ കാത്തു നിൽക്കുന്ന സമയം 12 മിനിറ്റിൽ നിന്ന് 90 െസക്കൻഡായി കുറയും. അൽഖെയിൽ റോഡിൽ നിന്ന് ആരംഭിച്ച് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡുമായി ബന്ധപ്പിച്ച് ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റ് വഴി എമിറേറ്റ്സ് റോഡിലേക്ക് പുതിയതായി നിർമിക്കുന്ന തന്ത്രപ്രധാന റോഡ് ഇടനാഴിയും ഷെയ്ഖ് ഹംദാൻ പ്രഖ്യാപിച്ചു.

12 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിയിൽ 5 ഇടത്ത് വിവിധ റോഡുകളുമായി ചേർന്ന ഇന്റർ സെക്‌ഷനുകൾ ഉണ്ടാകും. 13.5 കിലോമീറ്ററാണ് പാലങ്ങളുടെ ആകെ നീളം. മണിക്കൂറിൽ 64400 വാഹനങ്ങളെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് റോഡുകൾ. 

സുരക്ഷയ്ക്ക് ഗ്രീൻ റോഡ് സംവിധാനം
പൊതുഗതാഗത വാഹനങ്ങളിലെ ഡ്രൈവർമാരെ അവരുടെ ഡ്രൈവിങ് പിഴവുകളിൽ മുന്നറിയിപ്പ് നൽകുന്ന ഗ്രീൻ റോഡ് സുരക്ഷാ സംവിധാനവും ഷെയ്ഖ് ഹംദാൻ വിലയിരുത്തി. ഡ്രൈവർമാരുടെ പെരുമാറ്റം, വണ്ടിയൊടിക്കുന്ന രീതി, കൊടു വളവുകൾ തിരിക്കുന്നതിന്റെ വേഗം, സ‍ഡൻ ബ്രേക്ക്, ലെയ്ൻ മാറുന്നത്, അനാവശ്യമായി ആക്സിലേറ്റർ നൽകുന്നത് തുടങ്ങിയ കാര്യങ്ങൾ ഗ്രീൻ റോഡ് നിരീക്ഷിക്കും. ഓരോ സമയത്തും ഡ്രൈവർമാർക്ക് നിർദേശങ്ങൾ നൽകുന്ന ഈ സംവിധാനം അവതരിപ്പിച്ചതിനു ശേഷം റോഡ് സുരക്ഷയിൽ 54% വർധനയുണ്ടായി. ഗതാഗത നിയമ ലംഘടനം 47 ശതമാനം കുറയുകയും ചെയ്തു.

English Summary:

Sheikh Hamdan Announces Development of Latifa bint Hamdan Street

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com